News - 2024

രണ്ടര പതിറ്റാണ്ടിന് ശേഷം ഹോങ്കോങ്ങ് മെത്രാൻ ചൈനീസ് തലസ്ഥാനത്തേക്ക്

പ്രവാചകശബ്ദം 10-03-2023 - Friday

ബെയ്ജിംഗ്: നീണ്ട 29 വർഷങ്ങൾക്ക് ശേഷം ഹോങ്കോങ്ങ് മെത്രാൻ സ്റ്റീഫൻ ചോ ഏപ്രിൽ മാസം ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗ് സന്ദർശിക്കും. ബെയ്ജിംഗിലെ മെത്രാൻ ജോസഫ് ലി ഷാന്റെ ക്ഷണം സ്വീകരിച്ചാണ് അഞ്ചുദിവസത്തെ സന്ദർശനത്തിനുവേണ്ടി ഏപ്രിൽ പതിനേഴാം തീയതി സ്റ്റീഫൻ ചോ ആഗതനാകുന്നത്. 1994നു ശേഷം ഇത് ആദ്യമായിട്ടാണ് ഹോങ്കോങ്ങിൽ നിന്ന് ഒരു മെത്രാൻ ചൈനീസ് തലസ്ഥാനത്ത് ഔദ്യോഗിക സന്ദർശനത്തിന് എത്തുന്നതെന്ന് രൂപതാ അധികൃതർ അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിനോട് വ്യക്തമാക്കിയിട്ടുണ്ട്.

ഇരുപക്ഷവും തമ്മിലുള്ള ഒരു പാലമായി മാറുകയെന്ന ഹോങ്കോങ്ങ് രൂപതയുടെ ലക്ഷ്യത്തിനാണ് സന്ദർശനം അടിവരയിടുന്നതെന്ന് രൂപത പത്രക്കുറിപ്പിൽ പറഞ്ഞു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണത്തിന് കീഴിലുള്ള ഹോങ്കോങ്ങിൽ വലിയൊരു ശതമാനം കത്തോലിക്ക വിശ്വാസികളുണ്ട്. 2018ൽ മെത്രാൻമാരുടെ നിയമനം സംബന്ധിച്ച് വത്തിക്കാനും, ചൈനയും ഒപ്പുവെച്ച കരാർ അടിസ്ഥാനമാക്കി ചൈനീസ് ഭരണകൂടം ഹോങ്കോങ്ങിലെ കത്തോലിക്ക സമൂഹത്തിന്റെ മേൽ പിടിമുറുക്കുന്നുവെന്നുളള ആരോപണം, വൈദികരും, മിഷ്ണറിമാരും ഉന്നയിക്കുന്നുണ്ട്.

എന്നാൽ ഹോങ്കോങ് കരാറിന്റെ ഭാഗമല്ലായെന്നാണ് വത്തിക്കാൻ പറയുന്നത്. 2021 മെയ് മാസത്തിലാണ് സ്റ്റീഫൻ ചോയെ ഫ്രാൻസിസ് മാർപാപ്പ ഹോങ്കോങ്ങിലെ മെത്രാനായി നിയമിക്കുന്നത്. ചോയുടെ മുൻഗാമി കർദ്ദിനാൾ ജോസഫ് സെൻ വത്തിക്കാൻ- ചൈന കരാറിന്റെ വലിയ വിമർശകനായിരുന്നു. ഭരണകൂട ഭീകരതയ്ക്കെതിരെ നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് വേണ്ടി സ്വരുപിച്ച ഫണ്ട് രജിസ്റ്റർ ചെയ്തില്ലായെന്ന ആരോപണം ഉന്നയിച്ച് കഴിഞ്ഞവർഷം മുതല്‍ കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ വിചാരണ നേരിടുന്നുണ്ട്.

More Archives >>

Page 1 of 827