News - 2024
സ്വവർഗ വിവാഹം കുടുംബസങ്കല്പത്തിന് എതിര്: ശക്തമായ നിലപാടുമായി കേന്ദ്രം സുപ്രീം കോടതിയില്‍
പ്രവാചകശബ്ദം 13-03-2023 - Monday
ന്യൂഡൽഹി: സ്വവർഗ വിവാഹങ്ങൾ ഭാരത കുടുംബസങ്കല്പത്തിന് എതിരാണെന്നും വിവാഹം എന്ന സങ്കല്പം എതിർലിംഗത്തിലുള്ള രണ്ടു വ്യക്തികൾ തമ്മിലുള്ള ഐക്യത്തെ മുൻനിർത്തിയാണെന്നും നിയമപരമായ വ്യാഖ്യാനങ്ങൾ ഉയർത്തി അതിനു തുരങ്കം വയ്ക്കാൻ പാടില്ലെന്നും കേന്ദ്രം സുപ്രീം കോടതിയില്‍. സുപ്രീംകോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. എതിർ ലിംഗത്തിലുള്ള രണ്ടുപേർ തമ്മിലുള്ള ഐക്യമാണ് വിവാഹത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ അടിത്തറയെന്ന്‍ കേന്ദ്രം ചൂണ്ടിക്കാട്ടി.
വിവാഹവുമായി ബന്ധപ്പെട്ടു രാജ്യത്ത് നിലവിലുള്ള വ്യക്തിനിയമങ്ങൾ ഇതിന് അടിവരയിടുന്ന സാഹചര്യത്തിൽ ഇതിനെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങളെ അംഗീകരിക്കാനാകില്ല. സ്വവർഗ പങ്കാളികൾ ഒരുമിച്ചു ജീവിക്കുന്ന ലിവിംഗ് ടുഗദർ മാതൃകയിലുള്ള ബന്ധങ്ങൾ ഇന്ത്യൻ കുടുംബസങ്കല്പവുമായി താരതമ്യം ചെയ്യാവുന്നതല്ല. വിവാഹം എന്നതിലൂടെ ഭരണഘടനയിൽ അർത്ഥമാക്കുന്നത് എതിർലിംഗ വിവാഹങ്ങളാണെന്നും ഭരണകൂടത്തിന്റെയും സാമൂഹിക സംവിധാനങ്ങളുടെയും നിലനില്പിന് എതിർലിംഗ വിവാഹങ്ങൾക്കു മാത്രമാണ് നിയമപരമായ സാധുതയുള്ളതെന്നും കേന്ദ്രം വ്യക്തമാക്കി.
സമൂഹത്തിൽ നിയമവിരുദ്ധമല്ലാത്ത മറ്റു ബന്ധങ്ങൾ നിലനിൽക്കുമ്പോഴും അതിന് നിയമപരമായ സാധുത നൽകുന്നത് സമൂഹത്തിന്റെ നിലനില്പിന് വെല്ലുവിളിയാകുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സ്വവർഗ വിവാഹം നിയമപരമാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ വന്ന ഒരുകൂട്ടം ഹർജികളിലും കേന്ദ്രം സമാനമാ യ നിലപാടാണു സ്വീകരിച്ചത്. സ്വവർഗരതി കുറ്റകൃത്യമാക്കുന്ന ഐപിസി 377 റദ്ദാക്കിയത് സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായി സാധുത നൽകുന്നില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ ബോധിപ്പിച്ചു.
കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ എടുത്ത നിലപാടിനെ കെസിബിസി പ്രോലൈഫ് സമിതി സ്വാഗതം ചെയ്തു. കുടുംബം എന്നാൽ സ്ത്രീയും പുരുഷനും ചേർന്നതാണെന്നും അതിനാൽ ഒരേ ലിംഗ ത്തിൽ പെട്ടവർ തമ്മിലുള്ള ബന്ധത്തെ വിവാഹം എന്ന് വിശേഷിപ്പിക്കാനാവില്ലെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചത് ആശ്വാസകരമാണ്. കേന്ദ്ര നിലപാട് സ്വാഗതാർഹമെന്ന് കെസിബിസി പ്രോലൈഫ് സമിതി ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരിയും ഡയറക്ടർ ഫാ. ക്ലീറ്റസ് കതിരപ്പറമ്പിലും പറഞ്ഞു. കേന്ദ്ര നിലപാട് അഭിനന്ദനാർഹമാണെന്നു സംസ്ഥാന പ്രസിഡന്റ് ജോൺസ ൺ ചൂരേപ്പറമ്പിൽ, ജനറൽ സെക്രട്ടറി ജെയിംസ് ആഴച്ചങ്ങാടൻ എന്നിവരും പറഞ്ഞു.