Arts

ക്രിസ്തീയ ചരിത്രത്തിലേക്ക് തിരിഞ്ഞു നോട്ടവുമായി അമേരിക്കന്‍ സ്വദേശിയുടെ നോമ്പുകാല വീഡിയോകള്‍ ശ്രദ്ധ നേടുന്നു

പ്രവാചകശബ്ദം 28-03-2023 - Tuesday

റോം: നോമ്പിന്റെ ഭാഗമായി ചിലര്‍ സമൂഹമാധ്യമങ്ങള്‍ ഒഴിവാക്കി ത്യാഗമെടുക്കുമ്പോള്‍ സമൂഹ മാധ്യമങ്ങളെ ക്രിസ്തീയ ചരിത്രത്തിന്റെ ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന അമേരിക്കന്‍ സ്വദേശിയായ ജേക്കബ് സ്റ്റെയിന്റെ നോമ്പുകാല വീഡിയോകള്‍ വ്യത്യസ്തതകൊണ്ട് ശ്രദ്ധ നേടുന്നു. നോമ്പുകാലത്തേ ഓരോ ദിവസവും, ആദ്യകാല ക്രിസ്ത്യന്‍ രക്തസാക്ഷികളെക്കുറിച്ചും, റോമിലെ ഏറ്റവും പുരാതന ദേവാലയങ്ങളേക്കുറിച്ചുമുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചുക്കൊണ്ടാണ് ക്രിസ്തു വിശ്വാസത്തിന്റെ ആദിമ ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ശ്രദ്ധേയമായ ദൗത്യം ജേക്കബ് തുടരുന്നത്.

പുരാതനകാലത്ത് നോമ്പിന്റെ ഭാഗമായി ലെന്റെന്‍ സ്റ്റേഷന്‍ ചര്‍ച്ച് തീര്‍ത്ഥാടനം എന്ന പേരില്‍ കത്തോലിക്കര്‍ പ്രദക്ഷിണമായി സന്ദര്‍ശിച്ചിരുന്ന ദേവാലയങ്ങളുടെ സഞ്ചാര പാത പിന്തുടര്‍ന്നുകൊണ്ട് ഈ നോമ്പിന്റെ ഓരോ ദിവസവും റോമിലെ ഓരോ ദേവാലയം വീതം സന്ദര്‍ശിക്കുകയും അത് മനോഹരമായി കാണികളിലേക്ക് എത്തിക്കുകയുമാണ് അദ്ദേഹം ചെയ്യുന്നത്. റോമിനെ അതിന്റെ മനോഹാരിതയോടുകൂടി ജനങ്ങളെ കാണിക്കുവാനും, രക്തസാക്ഷികളോടുള്ള റോമന്‍ ജനതയുടെ ഭക്തിയുടെ ആഴം ജനങ്ങളെ ബോധ്യപ്പെടുത്തുവാനുമാണ് തന്റെ ശ്രമമെന്നു ജേക്കബ് പറയുന്നു.



റോമിന്റെ നോമ്പുകാല തീര്‍ത്ഥാടന ചരിത്രം ‘ക്രക്സ് സ്റ്റേഷനാലിസ്’ എന്ന സമൂഹമാധ്യമ അപ്പോസ്തലേറ്റ് വഴിയും, ‘റോമന്‍സ്റ്റേഷന്‍ചര്‍ച്ച്.കോം’ എന്ന തന്റെ ബ്ലോഗ്ഗിലൂടേയും വെളിച്ചത്തുകൊണ്ടുവരുവാനാണ് ജേക്കബ് സ്റ്റെയിന്റെ ശ്രമം. 2021-ലെ നോമ്പുകാലത്താണ് സ്റ്റെയിന്‍ ക്രക്സ് സ്റ്റേഷനാലിസിന്റെ യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം ചാനലുകള്‍ തുടങ്ങുന്നത്. വിശുദ്ധരുടെ ലുത്തീനിയ ചൊല്ലിയും, രക്തസാക്ഷികളുടെ കബറിടത്തില്‍ വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിച്ചും കൊണ്ടുള്ള പേപ്പല്‍ പ്രദക്ഷിണം ഉള്‍പ്പെടുന്ന പുരാതന കാല 'ലെന്റന്‍ സ്റ്റേഷന്‍ ചര്‍ച്ച് തീര്‍ത്ഥാടനം' നാലാം നൂറ്റാണ്ടിലാണ് ആരംഭിക്കുന്നത്. ആറാം നൂറ്റാണ്ടില്‍ മഹാനായ വിശുദ്ധ ഗ്രിഗറിയാണ് തീര്‍ത്ഥാടനത്തിനായി 25 ദേവാലയങ്ങള്‍ നിശ്ചയിക്കുന്നത്. പതിനാലാം നൂറ്റാണ്ടായപ്പോഴേക്കും ദേവാലയങ്ങളുടെ എണ്ണം കൂടി. പിന്നീട് ഈ പാരമ്പര്യത്തിന്റെ പ്രസക്തി ക്രമേണ ഇല്ലാതായി.

വിഭൂതി ബുധന്‍ ദേവാലയമായ ദി ബസലിക്ക ഓഫ് സാന്താ സബീനയില്‍ തുടങ്ങി ക്രിസ്തുവിനെ തറച്ച കുരിശിന്റെ തിരുശേഷിപ്പുകള്‍ അടങ്ങുന്ന ജറുസലേം ഹോളിക്രോസ് ബസിലിക്ക ദേവാലയത്തിലാണ് സ്റ്റെയിന്റെ വീഡിയോ അവസാനിക്കുക. റോമില്‍ ദൈവശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും പഠനം പൂര്‍ത്തീകരിച്ച ശേഷമാണ് സ്റ്റെയിന്‍ തന്റെ സമൂഹമാധ്യമ ശുശ്രൂഷ ആരംഭിക്കുന്നത്. ക്രക്സ് സ്റ്റേഷനാലിസ് എന്ന്‍ വിളിക്കപ്പെട്ടിരുന്ന ഒരു കുരിശിന്റെ പിന്നിലായി അണിനിരക്കുന്ന തീര്‍ത്ഥാടകര്‍ ഒരു ദേവാലയത്തില്‍ നിന്നും മറ്റൊരു ദേവാലയത്തിലേക്ക് പ്രദക്ഷിണമായി പോകുന്നതായിരുന്നു പുരാതന പാരമ്പര്യമെന്നു സ്റ്റെയിന്‍ പറയുന്നു. നാല്‍പ്പതിലധികം ദേവാലയങ്ങളാണ് ഇക്കാലത്തെ സ്റ്റേഷന്‍ ചര്‍ച്ച് തീര്‍ത്ഥാടനത്തില്‍ ഉള്‍പ്പെടുന്നത്.

** വെബ്സൈറ്റ്: https://passioxp.com/

More Archives >>

Page 1 of 54