Faith And Reason - 2024
മൂന്നു വര്‍ഷത്തിന് ശേഷം മരിയൻ മാസത്തെ വരവേൽക്കാൻ ചൈനയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളും
പ്രവാചകശബ്ദം 26-04-2023 - Wednesday
ബെയ്ജിംഗ്: മരിയൻ മാസമായി സഭ പ്രത്യേകം കൊണ്ടാടുന്ന മെയ് മാസത്തെ വരവേൽക്കാനുള്ള തയാറെടുപ്പില്‍ ചൈനയിലെ കത്തോലിക്ക വിശ്വാസികൾ. ഇതിനു മുന്നോടിയായി കോവിഡിന്റെ സമയത്ത് അടച്ചിട്ട തീർത്ഥാടന കേന്ദ്രങ്ങൾ വിശ്വാസികൾക്ക് തുറന്നു നൽകുന്നതിന്റെ തിരക്കിലാണ് അധികൃതർ ഇപ്പോൾ. ജപമാല പ്രദക്ഷിണങ്ങൾ, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുർബാന അർപ്പണം, സന്നദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവ മരിയൻ മാസത്തിന്റെ ആചരണങ്ങളുടെ ഭാഗമായി രാജ്യത്തു നടക്കും. മരിയൻ മാസവുമായി ബന്ധപ്പെട്ട പരിപാടികളുടെ വിശദാംശങ്ങൾ ബെയ്ജിംഗ് അതിരൂപതയും, ഷാങ്ഹായ് അതിരൂപതയും ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്.
ബെയ്ജിംഗിന്റെ പ്രാന്ത പ്രദേശത്ത് മെന്റോഗു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഹോസാംഗു മരിയൻ തീർത്ഥാടന കേന്ദ്രം ബെയ്ജിംഗിലെ കത്തോലിക്കാ വിശ്വാസികൾക്ക് പ്രിയപ്പെട്ട തീർത്ഥാടന കേന്ദ്രമാണ്. ബെയ്ജിംഗിലെ ഏറ്റവും പ്രധാനപ്പെട്ട നാല് ഇടവകകളിൽ ഒരു ഇടവക മെയ് മാസത്തെ ഓരോ ഞായറാഴ്ചയും തീർത്ഥാടന കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങുകളുടെ സംഘടനാ ചുമതല വഹിക്കും. ഷാങ്ഹായിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ ഷെഷാൻ തീർത്ഥാടന കേന്ദ്രത്തിലേക്കും വിശ്വാസികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ തകൃതിയായി നടക്കുന്നുണ്ട്.
ഷെഷാൻ തീർത്ഥാടന കേന്ദ്രം സന്ദർശിക്കണമെന്നുണ്ടെങ്കിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനവെച്ചിരിക്കുകയാണ്, ഔവർ ലേഡി ഓഫ് ഷീഷാൻ എന്ന പേരിലാണ് ഇവിടെ ദൈവമാതാവിനെ വിശേഷിപ്പിക്കുന്നത്. ഉണ്ണിയേശുവിനെ ഉയർത്തിപ്പിടിച്ച് നിൽക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപമാണ് ഷെഷാൻ മാതാവിന്റെ പ്രതീകമായി വിശ്വാസികൾ ഉപയോഗിക്കുന്നത്. കോവിഡിന് ശേഷം തീര്‍ത്ഥാടനങ്ങള്‍ സജീവമാകാനിരിക്കെ വലിയ ഒരുക്കത്തിലാണ് രാജ്യത്തെ മറ്റ് തീര്‍ത്ഥാടന കേന്ദ്രങ്ങളും.