News

സ്പാനിഷ് വിശുദ്ധ വിസെന്റ മരിയ ലോപ്പസിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

പ്രവാചകശബ്ദം 19-09-2023 - Tuesday

മാഡ്രിഡ്: സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച വിശുദ്ധ വിസെന്റ മരിയ ലോപ്പസിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ‘ലാ സെര്‍വിയന്റ’ (ദി സെര്‍വന്റ്) എന്ന സിനിമ പെറുവിലും, മെക്സിക്കോയിലും പ്രദര്‍ശനത്തിനെത്തുന്നു. സെപ്റ്റംബര്‍ 21-നാണ് ഇരുരാജ്യങ്ങളിലും സിനിമ റിലീസ് ചെയ്യുന്നത്. 1847-1890 കാലയളവില്‍ സ്പെയിനില്‍ ജീവിച്ചിരുന്ന വിശുദ്ധ മരിയ ലോപ്പസ് തന്നെയാണ് റിലീജിയസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന് രൂപം നല്‍കിയത്.

ഒരു ധനിക കുടുംബത്തില്‍ ജനിച്ച വിശുദ്ധ മരിയ ലോപ്പസ് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുവാനും അവര്‍ക്ക് അന്തസ്സുള്ള ജോലി നല്‍കുവാനും നടത്തിയ ശ്രമങ്ങള്‍ വഴി തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടിയായിരുന്നു ജീവിച്ചത്. മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് ഗ്രാമങ്ങള്‍ ഉപേക്ഷിച്ച് വന്‍ നഗരങ്ങളില്‍ കുടിയേറിയ യുവജനതയെ സഹായിക്കുവാനും വിശുദ്ധ ശ്രമിച്ചിരുന്നു.

യുക്രൈനില്‍ നിന്നും രക്ഷപ്പെട്ട ഒരു വീട്ടുവേലക്കാരി മോഷണ കുറ്റത്തിന് അറസ്റ്റിലാവുകയും, ജയിലില്‍വെച്ച് അവര്‍ കണ്ടുമുട്ടിയ ലൈംഗീകതൊഴിലാളികളായ ജൂലിയ, മിഖായേല എന്നിവരോട് ജീവിതം മാറ്റിമറിച്ച വിശുദ്ധയെക്കുറിച്ച് വിവരിക്കുകയും ചെയ്യുന്നതാണ് സിനിമയുടെ പ്രമേയം. ഫ്രീഡം നെറ്റ്വര്‍ക്ക്, ബോര്‍ഗിയ, ഹിയര്‍ ദേര്‍ ഈസ്‌ നോ വണ്‍ ഹു ലിവ്സ്, ട്രാഷ്, എന്‍റിക്ക് VIII എന്നീ പ്രശസ്ത സിനിമകളില്‍ അഭിനയിച്ച അസുംപ്ടാ സെര്‍മ, റോസാലിന്‍ഡ, കുവെന്റാമെ, എ ഫോര്‍ബിഡന്‍ ഗോഡ് എന്നീ സിനിമകളിലൂടെ പ്രശസ്തയായ എലേന ഫൂരിയാസ്, ദി മിനിസ്ട്രി ഓഫ് ടൈം, ഗ്രാന്‍ ഹോട്ടലില്‍ എന്നീ സിനിമകളില്‍ അഭിനയിച്ച അന്റോണിയോ റെയിസ് തുടങ്ങിയവര്‍ സിനിമയില്‍ പ്രധാന വേഷം കൈക്കാര്യം ചെയ്യുന്നു.

മഹാ വിശുദ്ധരുടെയും, വിശ്വാസ നായകരുടെയും സിനിമകള്‍ വലിയ തോതില്‍ സ്വാഗതം ചെയ്യപ്പെടുന്നതിനാല്‍ സിനിമയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു ഈ സിനിമ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ബോസ്കോ ഫിലിംസ് വ്യക്തമാക്കി. പാബ്ലോ മൊറേനോ സംവിധാനം ചെയ്ത ‘ദി സെര്‍വന്റ്’ സെപ്റ്റംബര്‍ 27നും, ഒക്ടോബര്‍ 4നുമാണ് ഉറുഗ്വേയില്‍ പ്രദര്‍ശിപ്പിക്കുക.

ഈ വര്‍ഷം മാര്‍ച്ചില്‍ സ്പെയിനില്‍ പ്രദര്‍ശിപ്പിച്ച സിനിമ പതിനാറായിരത്തോളം ആളുകളാണ് കണ്ടത്. ബെര്‍ലിനില്‍വെച്ച് നടന്ന യൂറോപ്യന്‍ ഫിലിം ഫെസ്റ്റിവലിലും, ഫെബ്രുവരി 15-ന് റോമിലും സിനിമ പ്രദര്‍ശിപ്പിച്ചിരിന്നു. അണിയറ പ്രവര്‍ത്തകര്‍ സിനിമയുടെ പതിപ്പ് ഫ്രാന്‍സിസ് പാപ്പക്കും കൈമാറിയിട്ടുണ്ട്.


Related Articles »