News - 2024
ജാപ്പനീസ് സമുറായി വിഭാഗത്തില്‍ നിന്നുള്ള ആദ്യ വിശുദ്ധനാകാന്‍ ജസ്റ്റസ് ഉകോണ്‍
പ്രവാചകശബ്ദം 27-12-2023 - Wednesday
ടോക്കിയോ: ജപ്പാനിലെ ഉയർന്ന സൈനിക വർഗ്ഗമായ സമുറായി വിഭാഗത്തില്‍ നിന്നുള്ള വാഴ്ത്തപ്പെട്ട ജസ്റ്റസ് ഉകോണിന്റെ മാധ്യസ്ഥതയിൽ നടന്ന അത്ഭുതങ്ങളെ പറ്റിയുള്ള അന്വേഷണം ആരംഭിച്ച് വത്തിക്കാൻ. അത്ഭുതം സ്ഥിരീകരിച്ചാൽ ആദ്യമായിട്ട് സമുറായിയായ ഒരാൾ കത്തോലിക്കാ സഭയിൽ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടും. ഇത് സംബന്ധിച്ച വിവരം ജപ്പാനിലെ ഒസാക്ക അതിരൂപതയുടെ കർദ്ദിനാളായ തോമസ് അക്വീനാസ് വ്യാഴാഴ്ചയാണ് വെളിപ്പെടുത്തിയത്. ജസ്റ്റസ് ഉകോണിന്റെ സ്മരണാർത്ഥം വിശുദ്ധ കുർബാന അർപ്പിക്കാൻ ഫിലിപ്പീൻസിലെ മനില കത്തീഡ്രൽ ദേവാലയത്തിൽ എത്തിയതായിരുന്നു അദ്ദേഹം.
ഉകോൺ നാടുകടത്തപ്പെട്ട് മരണം മരിച്ച സ്ഥലത്തേക്ക് ജപ്പാനിൽ നിന്നുള്ള 30 തീർത്ഥാടകരോടൊപ്പം ഡിസംബർ 18 മുതൽ 20 വരെ നീണ്ടു നിന്ന വാർഷിക തീർത്ഥാടനത്തിൽ പങ്കെടുക്കാനാണ് കർദ്ദിനാള്‍ തോമസ് അക്വീനാസ് എത്തിയത്. വിശുദ്ധന്റെ മാധ്യസ്ഥതയിൽ നടന്ന അത്ഭുതങ്ങളെ സംബന്ധിച്ചുള്ള നടപടിക്രമങ്ങളും, അംഗീകാരവും പൂർത്തിയാകാൻ വേണ്ടി തങ്ങൾ പ്രാർത്ഥിക്കുകയാണെന്ന് കർദ്ദിനാൾ പറഞ്ഞു. 1552-ൽ ബുദ്ധമതം പിന്തുടർന്നിരുന്ന ഒരു പ്രഭു കുടുംബത്തിലാണ് ജസ്റ്റസ് ഉകോൺ ജനിക്കുന്നത്. കൃത്യമായ പരിശീലനത്തിലൂടെ അറിയപ്പെടുന്ന ഒരു യോദ്ധാവായി ജസ്റ്റസ് മാറി.
ഉകോണിന് 11 വയസ്സ് ഉണ്ടായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പിതാവ്, വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ഒരു പിൻഗാമിയുമായി, വിശ്വാസ പ്രചാരണം നിർത്തുക എന്ന ലക്ഷ്യത്തോടുകൂടി, സംവാദത്തിൽ ഏർപ്പെട്ടു. എന്നാൽ തെറ്റുകള്‍ തിരിച്ചറിഞ്ഞ അദ്ദേഹം ക്രൈസ്തവ വിശ്വാസത്തിൽ ആകൃഷ്ടനായി മകനോടൊപ്പം ക്രിസ്തു വിശ്വാസം സ്വീകരിക്കുകയായിരുന്നു. ജ്ഞാനസ്നാനം സ്വീകരിച്ച അവർ തങ്ങളുടെ അധികാരങ്ങൾ ഉപയോഗിച്ച് ജപ്പാനിലെ മിഷ്ണറിമാർക്ക് പിന്തുണയും, സംരക്ഷണവും നൽകിയിരുന്നു. എന്നാൽ ജപ്പാനിലെ ചാൻസലറായിരുന്ന ടൊയോട്ടമി ഹിടയോഷിയുടെ കാലത്ത് കത്തോലിക്കാ വിശ്വാസികൾക്കെതിരെ ശക്തമായ മതപീഡനം പൊട്ടിപ്പുറപ്പെട്ടു.
ഭരണാധികാരികൾ ഉകോണിനെ വിശ്വാസം ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചെങ്കിലും തന്റെ അധികാരങ്ങളും, സ്വത്തുവകകളും ഉപേക്ഷിച്ച് യേശു ക്രിസ്തുവിലുള്ള വിശ്വാസത്തെ അയാൾ മുറുകെപ്പിടിക്കുകയായിരുന്നു. ഇതിന്റെ പേരിൽ മുന്നൂറോളം ക്രൈസ്തവരോടൊപ്പം നാടുകടത്തപ്പെട്ട അദ്ദേഹം 1615-ല്‍ ഫിലിപ്പീൻസിൽവെച്ച് നാട്ടിൽ നേരിടേണ്ടിവന്ന ദുരിതങ്ങൾ സമ്മാനിച്ച അനാരോഗ്യം മൂലം മരണമടയുകയായിരിന്നു. ''വിശ്വാസത്തിൽ ഉറച്ചു നിൽക്കുക'' എന്നതായിരുന്നു ഉകോൺ നൽകിയ അവസാന സന്ദേശം. 2016ൽ ഉകോണിന്റെ മരണം രക്തസാക്ഷിത്വം ആയി അംഗീകരിക്കുന്ന ഡിക്രിയിൽ ഫ്രാൻസിസ് മാർപാപ്പ ഒപ്പുവെച്ചിരുന്നു. 2017 ഫെബ്രുവരി മാസമാണ് ഉകോൺ ഔദ്യോഗികമായി വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുന്നത്.