News
അമേരിക്കയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഒത്തുചേർന്ന് പ്രസിഡന്റ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ
പ്രവാചകശബ്ദം 02-02-2024 - Friday
വാഷിംഗ്ടൺ ഡിസി: 2024ലെ നാഷണൽ പ്രയർ ബ്രേക്ക്ഫാസ്റ്റ് ദിനത്തിൽ രാജ്യത്തിൻറെ സുരക്ഷയ്ക്കും, ഐക്യത്തിനും, മുൻപോട്ടുള്ള ദൈവീക ഇടപെടലിനും വേണ്ടി രാഷ്ട്രീയ നേതാക്കൾ ഒന്നുചേർന്ന് പ്രാർത്ഥിച്ചു. രാജ്യത്തിനും, ലോകത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതിനായി അമേരിക്കയുടെ രാഷ്ട്രീയ നേതൃത്വത്തിനെ എല്ലാവർഷവും ഒരുമിച്ചു കൊണ്ടുവരുന്ന ചടങ്ങാണ് നാഷണൽ പ്രയർ ബ്രേക്ക് ഫാസ്റ്റ്. എഴുപത്തിരണ്ടാമത്തെ പ്രയർ ബ്രേക്ക് ഫാസ്റ്റിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡും, ഡെമോക്രാറ്റ്, റിപ്പബ്ലിക്കൻ പാർട്ടിയിലെ ഉയർന്ന അംഗങ്ങളും പങ്കെടുത്തു. ചടങ്ങിൽ ജനപ്രതിനിധി സഭയുടെ സ്പീക്കർ മൈക്ക് ജോൺസൺ വിശുദ്ധ ഗ്രന്ഥത്തിലെ സങ്കീർത്തനങ്ങൾ മുപ്പത്തിയേഴാം അധ്യായം വായിച്ചു.
വിശ്വാസം സ്വതന്ത്രമായി പിന്തുടരാൻ സാധിക്കുന്ന ഒരു രാജ്യത്ത് ജീവിക്കാൻ കഴിയുന്നത് ഒരു വലിയ അനുഗ്രഹമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ ചൂണ്ടിക്കാട്ടി. പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന ഘട്ടത്തിൽ ശത്രുക്കളെ പോലെയല്ല നാം തമ്മിൽ കാണേണ്ടതെന്നും, മറിച്ച് അമേരിക്ക എന്ന രാജ്യത്തെ വ്യക്തികൾ എന്ന നിലയിലാണെന്നും പ്രസിഡൻറ് കൂട്ടിച്ചേർത്തു. പഴയനിയമത്തിലെ 2 ദിനവൃത്താന്തം വായിച്ച് സെനറ്റ് ചാപ്ലിൻ ബ്ലാക്ക് പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ശക്തിയെക്കുറിച്ച് സംസാരിച്ചു.
യേശുവിനോടുള്ള സ്‌നേഹത്തെക്കുറിച്ചും അദ്ദേഹം വിചിന്തനം നടത്തി സംസാരിച്ചു. അമേരിക്കയിലെ ജനപ്രതിനിധി സഭാംഗങ്ങളായ മക്ബാത്തും സിസ്കോമാനിയും പുതിയ നിയമത്തിൽ നിന്നു വായിച്ചു. മത്തായിയുടെ സുവിശേഷത്തിലെ ശത്രുക്കളെ സ്നേഹിക്കുവാനും ദ്രോഹിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും യേശു ആഹ്വാനം നൽകുന്ന ഭാഗമാണ് മക്ബാത്ത് വായിച്ചത്. സിസ്‌കോമാനി 1 തിമോത്തിയിൽ നിന്നുള്ള വിശുദ്ധ പൗലോസിൻ്റെ വാക്കുകൾ വിചിന്തനമാക്കി. കാപ്പിറ്റോൾ കെട്ടിടത്തിലെ സ്റ്റാറ്റുവറി ഹാളിൽ നടന്ന പ്രാർത്ഥനയിൽ പ്രമുഖ ഇറ്റാലിയൻ ഗായകൻ ആൻഡ്രിയ ബൊസല്ലിയുടെ പരിപാടിയും നടന്നു.