News - 2024

അത്മായ-കുടുംബ വകുപ്പിന്റെ തലവനായി ബിഷപ്പ് കെവിന്‍ ജെ. ഫാരല്ലിനെ മാര്‍പാപ്പ നിയമിച്ചു

സ്വന്തം ലേഖകന്‍ 18-08-2016 - Thursday

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയതായി രൂപീകരിച്ച അത്മായ-കുടുംബ ജീവിത പൊന്തിഫിക്കല്‍ ഓഫീസിന്റെ തലവനായി ഡാളസ് ബിഷപ്പായ കെവിന്‍ ജെ. ഫാരല്ലിനെ നിയമിച്ചു. ഡബ്ലിനില്‍ ജനിച്ച ബിഷപ്പ് കെവിന്‍ ജെ. ഫാരല്‍ സെപ്റ്റംബര്‍ ഒന്നാം തീയതി മുതല്‍ നിലവില്‍ വരുന്ന പുതിയ ഓഫീസിന്റെ ചുമതല ഏറ്റെടുക്കും.

ക്രൈസ്തവ ഐക്യത്തിനായി പ്രവര്‍ത്തിക്കുന്ന വത്തിക്കാന്‍ സമിതിയുടെ സെക്രട്ടറിയായ ബിഷപ്പ് ബ്രിയാന്‍ ഫാരലിന്റെ സ്വന്തം സഹോദരന്‍ കൂടിയാണ് ബിഷപ്പ് കെവിന്‍ ജെ. ഫാരല്‍. സഹോദരങ്ങളായ രണ്ടു ബിഷപ്പുമാര്‍ ഒരേ സമയം വത്തിക്കാനിലെ പ്രധാനപ്പെട്ട രണ്ടു ഓഫീസുകളുടെ ചുമതല വഹിക്കുന്നുവെന്ന അപൂര്‍വ്വതയും പുതിയ നിയമനത്തിനുണ്ട്.

വളരെ പ്രാധാന്യം അര്‍ഹിക്കുന്ന പുതിയ ദൗത്യം തന്നെ ഏല്‍പ്പിച്ച മാര്‍പാപ്പയുടെ തീരുമാനത്തില്‍ അതീവ സന്തോഷമുണ്ടെന്ന് ബിഷപ്പ് കെവിന്‍ ജെ. ഫാരല്‍ പ്രതികരിച്ചു. "ആഗോള സഭയില്‍ കുടുംബത്തേയും, അതിന്റെ പ്രാധാന്യത്തേയും കുറിച്ച് പഠിപ്പിക്കുകയും, അത്മായരുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുന്ന പല പദ്ധതികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുവാന്‍ പുതിയ ഓഫീസിനു കഴിയുമെന്ന് വിശ്വസിക്കുന്നു. ഇതിന്റെ പ്രവര്‍ത്തനത്തില്‍ നേതൃത്വം വഹിക്കുവാന്‍ കഴിയുന്നത് സന്തോഷകരമായ കാര്യമാണ്.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പോസ്‌ത്തോലിക പ്രബോധനമായ 'അമോരിസ് ലത്തീസ്യ' (സ്‌നേഹത്തിന്റെ സന്തോഷം) മാനുഷീക ബന്ധങ്ങളില്‍ കുടുംബവും വ്യക്തികളും വഹിക്കുന്ന പങ്കിനെ എടുത്തുകാട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ പുതിയ ഓഫീസിലൂടെ നടത്താമെന്ന് പ്രതീക്ഷിക്കുന്നു". ബിഷപ്പ് കെവിന്‍ ജെ. ഫാരല്‍ പറഞ്ഞു.

ഡാളസിലെ വിശ്വാസികളേയും വൈദികരേയും വിട്ട് വത്തിക്കാനിലേക്ക് തന്റെ പ്രവര്‍ത്തനം മാറ്റുന്നതില്‍ സന്തോഷിക്കുമ്പോഴും പ്രിയപ്പെട്ടവരെ കുറച്ചു കാലത്തേക്ക് അകന്നിരിക്കുന്നതില്‍ വേദനയുണ്ടെന്ന് ബിഷപ്പ് കെവിന്‍ പറയുന്നു. തന്റെ സഹോദരനും വത്തിക്കാനിലേക്ക് സഭയുടെ ശുശ്രൂഷകള്‍ക്കായി വരുന്നതായി അറിഞ്ഞപ്പോള്‍ ഏറെ അത്ഭുതമാണ് തോന്നിയതെന്ന് ബിഷപ്പ് ബ്രിയാന്‍ ഫാരല്‍ പറഞ്ഞു. ഭരണതലത്തിലും ആത്മീയ കാര്യത്തിലുമുള്ള ദീര്‍ഘനാളത്തെ പരിചയം പുതിയ ദൗത്യത്തില്‍ ബിഷപ്പ് കെവിന് സഹായകമാകുമെന്നും ബിഷപ്പ് ബ്രിയാന്‍ അഭിപ്രായപ്പെട്ടു.

ഈ കഴിഞ്ഞ ജൂണിലാണ് കുടുംബത്തിനും അത്മായര്‍ക്കും വേണ്ടിയുള്ള പുതിയ ഓഫീസ് മാര്‍പാപ്പ രൂപീകരിച്ചത്. അല്മായര്‍ക്കുള്ള പൊന്തിഫിക്കല്‍ സമിതി, കുടുംബത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ സമിതി എന്നീ ഓഫീസുകളെ യോജിപ്പിച്ചാണ് പുതിയ ഓഫീസിന് മാര്‍പാപ്പ രൂപം നല്‍കിയത്. കുടുംബത്തിലും അത്മായ നേതൃത്വത്തിലും പുരോഹിതര്‍ക്ക് കാര്യക്ഷമമായി ഇടപഴകുവാന്‍ കഴിയുന്ന തരത്തിലുള്ള ക്രമീകരണങ്ങള്‍ക്കു വേണ്ടിയാണ് പുതിയ ഓഫീസിന് പരിശുദ്ധ പിതാവ് രൂപം നല്‍കിയത്.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 70