Videos

ആരാണ് ഭാഗ്യവാൻ? | നോമ്പുകാല ചിന്തകൾ | ഇരുപത്തിയെട്ടാം ദിവസം

പ്രവാചകശബ്ദം 10-03-2024 - Sunday

അതിക്രമങ്ങള്‍ക്കു മാപ്പും പാപങ്ങള്‍ക്കു മോചനവും ലഭിച്ചവന്‍ ഭാഗ്യവാന്‍ ‍(സങ്കീ 32:1).

'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: ഇരുപത്തിയെട്ടാം ദിവസം ‍

നമ്മുടെ ഈ ലോകജീവിതത്തിൽ നമ്മൾ പലരെയും ഭാഗ്യവാൻ എന്ന് വിളിക്കാറുണ്ട്. ഈ ലോകത്തിൽ പലവിധത്തിലുള്ള നേട്ടങ്ങൾ കൈവരിച്ചവരെയും, ജീവിതവിജയം നേടിയവരെയും ഒക്കെ നാം ഭാഗ്യവാൻ എന്ന് വിളിക്കാറുണ്ട്. എന്നാൽ ആരാണ് യഥാർത്ഥത്തിൽ ഭാഗ്യവാൻ? ഇതേക്കുറിച്ച് ദൈവവചനം നമ്മെ എന്താണ് പഠിപ്പിക്കുന്നത്? (സങ്കീ 32:1) "അതിക്രമങ്ങൾക്കു മാപ്പും പാപങ്ങൾക്കു മോചനവും ലഭിച്ചവൻ ഭാഗ്യവാൻ". എന്നാൽ ഇപ്രകാരം നാം ഭാഗ്യവാന്മാരായി തീരണമെങ്കിൽ ദൈവം നമ്മുടെ മുൻപിൽ ഒരു നിബന്ധന വയ്ക്കുന്നുണ്ട്. സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയിലെ അഞ്ചാമത്തെ യാചനയിൽ നാം ഇപ്രകാരം പ്രാർത്ഥിക്കുന്നു: ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും ഞങ്ങളോട് ക്ഷമിക്കണമേ. നമ്മുടെ തെറ്റുകൾ ദൈവം നമ്മോട് ക്ഷമിക്കണമെങ്കിൽ ആദ്യം നമ്മൾ മറ്റുള്ളവരോട് ക്ഷമിക്കാൻ തയ്യാറാകണം എന്ന് ഈശോ നമ്മെ പഠിപ്പിക്കുന്നു.

മറ്റുള്ളവരോട് ക്ഷമിക്കാൻ കഴിയാത്ത അവസ്ഥയോട് ജീവിതത്തിലുടനീളം സമരം ചെയ്യുന്നവരാണോ നമ്മൾ? എങ്കിൽ അതിനെ നാം ഗൗരവമായി കാണേണ്ടിയിരിക്കുന്നു. മറ്റുള്ളവരോട് ക്ഷമിക്കാൻ കഴിയാത്ത അവസ്ഥ ദൈവത്തിന്റെ അനുഗ്രഹം നമ്മുടെ ജീവിതത്തിലേക്ക് ഒഴുകുന്നതിനെ തടസ്സപ്പെടുത്തുന്നു. ചിലപ്പോൾ ക്ഷമിക്കാൻ കഴിയാത്ത നമ്മുടെ അവസ്ഥകൾ നമ്മെ രോഗത്തിലേക്ക് നയിച്ചിട്ടുണ്ടാവാം.

മറ്റുള്ളവരോട് ക്ഷമിക്കുവാനായി നാം പലപ്പോഴും അവരിൽ നിന്നും നമ്മുക്കുണ്ടായ ദുരനുഭവങ്ങൾ മറക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ എപ്പോഴൊക്കെ നാം ഇപ്രകാരം മറക്കാൻ ശ്രമിക്കുന്നുവോ അപ്പോഴൊക്കെ ആ ഓർമ്മകൾ നമ്മെ വീണ്ടും വീണ്ടും മുറിപ്പെടുത്തുകയും ക്ഷമിക്കുന്നതിനുള്ള തടസ്സം വർദ്ധിക്കുകയും ചെയ്യുന്നു. എന്നാൽ ക്ഷമിക്കുന്നതിന് നാം ആദ്യം ദൈവത്തിങ്കലേക്കാണ് നോക്കേണ്ടത്. നമ്മൾ പാപികളായിരിക്കെ നമ്മെ പുത്രരായി സ്വീകരിച്ചവനാണ് ദൈവം. ആ ദൈവത്തിലേക്ക് നോക്കിക്കൊണ്ടും ആ ദൈവത്തിൽ നിന്നും ശക്തി സ്വീകരിച്ചുകൊണ്ടും മാത്രമേ നമ്മുക്ക് മറ്റുള്ളവരോട് ക്ഷമിക്കുവാൻ സാധിക്കൂ. ഇപ്രകാരം നമ്മുക്ക് ക്ഷമിക്കുവാൻ സാധിക്കുമ്പോൾ നമ്മുടെ ജീവിതത്തിലേക്ക് ദൈവത്തിന്റെ അനന്തമായ അനുഗ്രഹങ്ങൾ വർഷിക്കുവാൻ തുടങ്ങും.

സഭാപിതാവായ അലക്‌സാൻഡ്രിയയിലെ വിശുദ്ധ സിറിൽ ഇപ്രകാരം പറയുന്നു:

നമ്മൾ ചെയ്തുപോയ പാപങ്ങൾക്കു ദൈവത്തോടു നമ്മൾ പൊറുതി യാചിക്കണം. എന്നാൽ, ആദ്യം നമ്മോട് ഏതെങ്കിലും തരത്തിൽ അതി ക്രമം ചെയ്തവരോടു നമ്മൾ ക്ഷമിക്കണം: പരമോന്നതനായ ദൈവത്തിൻ്റെ മഹത്വത്തിനെതി രായല്ല, നമുക്ക് എതിരായി ചെയ്ത‌വ. സഹോദ രർ നമ്മോടു ചെയ്യുന്നവ നമ്മൾ ക്ഷമിക്കുകവഴി, നമ്മോടു കരുണകാണിക്കാൻ തയ്യാറായിരിക്കുന്ന, മിശിഹായെയാണ് നമ്മൾ കണ്ടെത്തുന്നത് (Commentary on Luke, Homily 76).

അതിനാൽ ഈ നോമ്പുകാലത്ത് മറ്റുള്ളവരോട് ആത്മാർത്ഥമായി ക്ഷമിച്ചുകൊണ്ട് നമ്മുക്ക് മിശിഹായെ കണ്ടെത്തുകയും അങ്ങനെ ഭാഗ്യവാന്മാരായി തീരുകയും ചെയ്യാം.


Related Articles »