News

കുടുംബത്തിന്റെ അടിസ്ഥാനശില വിവാഹം; ഹിതപരിശോധനയില്‍ ക്രിസ്തീയ പാരമ്പര്യം മുറുകെ പിടിച്ച് ഐറിഷ് ജനത

പ്രവാചകശബ്ദം 11-03-2024 - Monday

ഡബ്ലിൻ: വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവരെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് കുടുംബം എന്ന വാക്കിന്റെ നിർവ്വചനം മാറ്റുന്നതിനുള്ള ഭരണഘടനാ ഭേദഗതിക്കെതിരെ ക്രിസ്തീയ പാരമ്പര്യം മുറുകെ പിടിച്ച് ഐറിഷ് ജനത. കുടുംബം, സ്ത്രീ എന്നിവയ്ക്കു പുതിയ നിർവചനങ്ങളുമായി ഭരണഘടന ഭേദഗതി ചെയ്യുന്നതിന് ഐറിഷ് സർക്കാർ നടത്തിയ ഹിതപരിശോധന വലിയ ഭൂരിപക്ഷത്തിൽ ജനം തള്ളിക്കളഞ്ഞു. കുടുംബത്തെ വിവാഹവുമായി ബന്ധപ്പെടുത്തിയും സ്ത്രീകളെ കുടുംബത്തിന്റെ പ്രചോദനമായി അവതരിപ്പിച്ചും ഭരണഘടനയിൽ നല്‍കിയിരിക്കുന്ന നിർവചനങ്ങൾ മാറ്റുന്നതിനായിരുന്നു ഹിതപരിശോധന.

വിവാഹേതര ബന്ധത്തെ ഉള്‍പ്പെടുത്തി കുടുംബം എന്ന വാക്കിന്റെ നിർവ്വചനം മാറ്റുന്നതിനുള്ള ഭരണഘടനാ ഭേദഗതിക്കെതിരെ 67.7 ശതമാനം ഐറിഷ് ജനതയാണ് നിലപാട് കടുപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട ഭേദഗതി കൊണ്ടുവരുന്നതുമായി അഭിപ്രായം അറിയുന്നതിന് നടത്തിയ റഫറണ്ടത്തിലാണ് എതിർപ്പ് പ്രകടമാക്കിയത്. ഹിത പരിശോധന അനുകൂലമാകുകയും നിർദ്ദേശം നടപ്പിലാക്കുകയും ചെയ്തിരിന്നെങ്കിൽ, വിവാഹം കഴിക്കാതെ ദീർഘനാളായി ഒരുമിച്ച് താമസിക്കുന്ന രീതികൾക്ക് കുടുംബം എന്ന പദവി ലഭിക്കുമായിരുന്നു. എന്നാൽ ബഹു ഭൂരിപക്ഷവും നിർദ്ദേശത്തെ എതിർക്കുകയായിരിന്നു. വീട്ടിൽ അമ്മയുടെ ചുമതലയെ സംബന്ധിക്കുന്ന ഒരു വാചകത്തിൽ ചില തിരുത്തലുകൾ വരുത്തുവാനുള്ള നിർദ്ദേശത്തെയും പൊതുജനങ്ങൾ എതിർത്തു. ഈ നിർദ്ദേശത്തെ എതിർത്തത് 73 ശതമാനം പേരാണ്.

സമ്മതിദായകർ സർക്കാരിന് രണ്ട് പ്രഹരങ്ങളാണ് നൽകിയിരിക്കുന്നത് എന്നായിരുന്നു റഫറണ്ടത്തിന്റെ ഫലം പുറത്തുവന്നപ്പോൾ ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കറിന്റെ പ്രതികരണം. അന്താരാഷ്ട്ര വനിത ദിനത്തിലാണ് റഫറണ്ടത്തിന്റെ ഫലം പുറത്തു വന്നതെന്നും, സ്ത്രീത്വവുമായി ബന്ധപ്പെട്ട, പഴഞ്ചനായതും ലിംഗഭേദം സൂചിപ്പിക്കുന്നതുമായ ചില വാക്കുകൾ നീക്കം ചെയ്യുന്നതിനുള്ള അവസരം നഷ്ടപ്പെട്ടെന്നും ഇദ്ദേഹം ദുഃഖം പ്രകടിപ്പിച്ചു. ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള റഫറണ്ടം സമഗ്ര പരാജയമാണെന്നും പ്രധാനമന്ത്രി സമ്മതിച്ചു. നേരത്തെ അയർലണ്ടിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളും മറ്റ് സ്വാധീനമുള്ള ഗ്രൂപ്പുകളും ഹിതപരിശോധനയെ ശക്തമായി പിന്തുണച്ചപ്പോള്‍, യാഥാസ്ഥിതിക ഗ്രൂപ്പുകളും രാജ്യത്തെ കത്തോലിക്ക മെത്രാന്മാരും എതിര്‍പ്പ് പ്രകടമാക്കണമെന്ന് വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തിരിന്നു.

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »