India - 2024

മൂന്നാർ മൗണ്ട് കാർമൽ ദേവാലയത്തിന് മൈനർ ബസിലിക്ക പദവി

പ്രവാചകശബ്ദം 30-03-2024 - Saturday

കോട്ടയം: വിജയപുരം രൂപതയുടെ കീഴിലുള്ള മൂന്നാർ മൗണ്ട് കാർമൽ ദേവാലയത്തെ മൈനർ ബസിലിക്കയായി ഫ്രാൻസിസ് മാർപാപ്പ ഉയർത്തി. ഇതു സംബന്ധിച്ച വിളംബരം വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെചേരിൽ വിമലഗിരി കത്തീഡ്രലിൽ നടന്ന തൈലാഭിക്ഷേക വിശുദ്ധ കുർബാനയ്ക്കുശേഷം രൂപതയിലെ എല്ലാ വൈദികരുടെയും സന്യസ്‌തരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ നടത്തി. ബസിലിക്കയുടെ പ്രഥമ റെക്ടറായി ഫാ. മൈക്കിൾ വലയിഞ്ചിയിൽ നിയമിതനായി. ബസിലിക്കയുടെ ഔദ്യോഗികമായ പ്രഖ്യാപനവും ആഘോഷങ്ങളും മേയ് 25ന് ഉച്ചകഴിഞ്ഞ് രണ്ടിന് മൂന്നാറിൽ നടക്കും.

മൂന്നാർ മൗണ്ട് കാർമൽ ദേവാലയം ഹൈറേഞ്ചിലെ ആദ്യത്തെയും കേരളത്തിലെ 12-ാമത്തെയും ബസിലിക്കയാണ്. 1898ൽ സ്‌പാനിഷ് മിഷണറി ഫാ. അൽഫോൺസ് മരിയ ഒസിഡി വരാപ്പുഴയിൽനിന്ന് കാൽനടയായി എത്തി ഒരു താൽകാലിക ഷെഡ് നിർമിച്ചതോടെയാണ് ഈ ദേവാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത് . 1909ൽ ചെറിയ പള്ളി നിർമിച്ചു. 1938 എപ്രിൽ 17ന് ഇന്നത്തെ ദേവാലയം ആശീർവദിച്ചു. 1943ൽ ഇടവകയായി ഉയർത്തി. ഹൈറേഞ്ചിലെ ആദ്യ കത്തോലി ക്കാ ദേവാലയത്തിൻ്റെ 125-മത് വാർഷിക ആഘോഷങ്ങളുടെ സ്മാരകമായും മിഷണറിമാർ മൂന്നാർ കേന്ദ്രമാക്കി നടത്തിയ സേവനത്തിനുള്ള അംഗീകാരമായുമാണ് ഫ്രാൻസിസ് മാർപാപ്പ ബസിലിക്ക പദവി നൽകിയത്.


Related Articles »