News - 2024

ഫ്രാൻസില്‍ ഈസ്റ്റര്‍ വിജിലിനോട് അനുബന്ധിച്ച് ഇത്തവണ ജ്ഞാനസ്നാനം സ്വീകരിച്ചത് 7137 പേര്‍

പ്രവാചകശബ്ദം 03-04-2024 - Wednesday

പാരീസ്: യൂറോപ്യന്‍ രാജ്യമായ ഫ്രാൻസില്‍ ഈസ്റ്റര്‍ വിജിലിനോട് അനുബന്ധിച്ച് ഇത്തവണ ജ്ഞാനസ്നാനം സ്വീകരിച്ചത് 7137 പേര്‍. ഫ്രാൻസിലെ എപ്പിസ്‌കോപ്പൽ കോൺഫറൻസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ വിശുദ്ധ വാരത്തിലാണ് ഇത്രയധികം ആളുകൾ കത്തോലിക്ക വിശ്വാസം സ്വീകരിച്ചതെന്നത് ശ്രദ്ധേയമാണ്. 2023-ലെ കണക്കുകളെ അപേക്ഷിച്ച് 30% വർദ്ധനവാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.

18നും 25നും ഇടയിൽ പ്രായമുള്ള യുവജനങ്ങള്‍ ഈസ്റ്റർ വേളയിൽ ജ്ഞാനസ്നാനം സ്വീകരിക്കുവാന്‍ ഏറെ താത്പര്യം പ്രകടിപ്പിച്ചെന്നും ഇത് കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 5025 ആയി ഉയർന്നതായും ഫ്രഞ്ച് ബിഷപ്പുമാർ ചൂണ്ടിക്കാട്ടുന്നു. ഈസ്റ്റർ സമയത്ത് ജ്ഞാനസ്നാനം സ്വീകരിക്കുവരില്‍ ഭൂരിഭാഗവും ക്രിസ്ത്യൻ പാരമ്പര്യമുള്ള കുടുംബങ്ങളിൽ നിന്നുള്ളവരാണെങ്കിലും, വർഷം തോറും സ്ഥിരമായ കുറവ് കാണിക്കുകയായിരിന്നു. എന്നാല്‍ ഇത്തവണ കണക്കുകളില്‍ ഉണ്ടായ കുതിച്ചുചാട്ടം ഫ്രഞ്ച് സഭയ്ക്കു പ്രതീക്ഷ പകരുകയാണ്.

വിശ്വാസമില്ലാത്ത കുടുംബങ്ങളില്‍ ജനിച്ച നിരവധി പേര്‍ ഇത്തവണ ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുണ്ട്. 2024-ൽ ഇതുവരെ മാത്രം പന്ത്രണ്ടായിരത്തിലധികം പേര്‍ രാജ്യത്തു ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പോര്‍ച്ചുഗലിലെ ലിസ്ബണിൽ നടന്ന ലോക യുവജന സംഗമത്തില്‍ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്ത 313,000 തീർത്ഥാടകരിൽ 41,055 പേരും ഫ്രാന്‍സില്‍ നിന്നുള്ളവരായിരിന്നു. കണക്കുകള്‍ പ്രകാരം സ്പെയിനിനും ഇറ്റലിക്കും ശേഷം മൂന്നാം സ്ഥാനത്തായിരിന്നു ഫ്രാന്‍സില്‍ നിന്നുള്ള യുവജനങ്ങളുടെ സ്ഥാനം. 2016-ലെ കണക്കുകള്‍ പ്രകാരം ഫ്രാന്‍സില്‍ ആകെ ജനസംഖ്യയുടെ 51% ക്രൈസ്തവരാണ്.

More Archives >>

Page 1 of 949