News - 2024

ഫൈസലബാദില്‍ ക്രൈസ്തവരെ വീടുകളിൽ നിന്ന് ഒഴിപ്പിക്കാൻ ശ്രമം: രാഷ്ട്രീയ നേതാവിനെതിരെ പാക്ക് ക്രൈസ്തവർ തെരുവിൽ

പ്രവാചകശബ്ദം 09-04-2024 - Tuesday

ഫൈസലബാദ്: പാക്കിസ്ഥാനിലെ ഫൈസലബാദ് ജില്ലയിലെ അക്ബരാബാദിലുള്ള ഭവനങ്ങളിൽ നിന്ന് ക്രൈസ്തവരെ ഒഴിപ്പിക്കാൻ നടക്കുന്ന ശ്രമത്തിനെതിരെ വിശ്വാസികള്‍ പ്രതിഷേധ പരിപാടി ആരംഭിച്ചു. മുൻ പ്രതിപക്ഷ നേതാവും, രാഷ്ട്രീയ സ്വാധീവുമുള്ള രാജാ റിയാസ് ആണ് ക്രൈസ്തവരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. 1960 മുതൽ ക്രൈസ്തവർ ജീവിച്ചിരുന്ന സ്ഥലമാണ് പ്രശ്നത്തിന് ആധാരം. ക്രൈസ്തവർ ജീവിക്കുന്ന സ്ഥലം തന്റെ കുടുംബ സ്വത്താണെന്ന് അവകാശപ്പെട്ട് രാജാ റിയാസ് അതിൻറെ അവകാശം കൈവശപ്പെടുത്തുകയായിരിന്നു. ഇതേതുടർന്ന് നിസ്സഹായരായ ക്രൈസ്തവര്‍ തങ്ങളുടെ വീടുകൾ നഷ്ടപ്പെട്ടു പോകാതിരിക്കാൻ അയാൾക്ക് വാടകയായി ഒരു നിശ്ചിത തുക നൽകാമെന്ന് ഏറ്റു.

വലിയൊരു തുക നൽകിയതിനു ശേഷം വാടക നൽകുന്നത് തുടർന്നുവെങ്കിലും ഇതിനിടയിൽ രാജാ റിയാസ് ക്രൈസ്തവരുമായിട്ടുള്ള കരാർ അസാധുവാണെന്ന് പറയുകയും അവർ സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.ഇതിനിടെ ഇയാള്‍ കോടതിയെ സമീപിച്ച് ക്രൈസ്തവരെ ഇറക്കിവിടാനുള്ള ഉത്തരവ് നേടുകയും സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു. വാടക കൃത്യമായി നൽകിയിരുന്ന ഇരുപത്തിയഞ്ചോളം കുടുംബങ്ങൾ ഇതുമൂലം ഭവനങ്ങൾ ഒഴിയാൻ നിർബന്ധിതരായിരിക്കുകയാണ്.

തങ്ങൾ ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരാണെന്നും, രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്നതിനിടയിൽ വാടക തുക കൃത്യമായി നൽകാൻ ശ്രമിക്കുന്നുണ്ടെന്നും, എന്നാൽ ഇപ്പോൾ തങ്ങൾ ഭീഷണി നേരിടുകയാണെന്നും ഷഹസാദ് ജോസഫ് എന്ന വ്യക്തി പറഞ്ഞു. പണം നൽകിയതിന്റെ രസീതുകൾ ക്രൈസ്തവരുടെ കൈവശമുള്ള സാഹചര്യത്തിൽ വിഷയത്തിൽ സർക്കാർ ഇടപെടൽ നടത്തണമെന്ന് അഭിഭാഷകനും കത്തോലിക്കാ മെത്രാൻ സമിതിയുടെ നീതിക്കും, സമാധാനത്തിനും വേണ്ടിയുള്ള കമ്മീഷൻ കോഡിനേറ്റർ പദവി വഹിക്കുന്ന ആളുമായ ഷാഹിദ് അൻവർ 'ഏഷ്യാ ന്യൂസ്' മാധ്യമത്തിനോട് പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളികളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം.

More Archives >>

Page 1 of 953