News - 2024
സ്നേഹസാഗരമായ പരിശുദ്ധ കന്യകാമറിയം | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 5
സിസ്റ്റർ റെറ്റി FCC 05-05-2024 - Sunday
പനിനീർ പൂവിന്റെ ഗന്ധവും ഉഷസ്സിന്റെ ശോഭയും ചന്ദ്രികയുടെ സൗമ്യതയും സൂര്യന്റെ ദീപ്തിയും അലിഞ്ഞുചേർന്ന് വിശുദ്ധിയുടെ നിറകുടമാണ് പരിശുദ്ധ കന്യകാമറിയം. ദേവദൂതന്മാരെകാൾ ഉയർന്നവൾ നവവൃന്ദ മാലാഖമാരുടെയും രാജ്ഞിയാണ് അവൾ. ഉണ്ണിയെ കൈകളിലേന്തി നിൽക്കുന്ന ആ മനോഹര ദൃശ്യം സ്നേഹത്തിന്റെ പ്രവാഹത്തെയാണ് സൂചിപ്പിക്കുക. അതിർവരമ്പുകൾ ഇല്ലാത്ത ഉദാത്തമായ സ്നേഹത്തിന്റെ ഉടമയാണ് നമ്മുടെ അമ്മ. ആ അമ്മയുടെ സ്നേഹം മാതൃസഹജമാണ്.
ദൈവവുമായുള്ള വ്യക്തിവ്യക്തിബന്ധത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ദൈവാനുഭവം- സമ്പൂർണ്ണ സമർപ്പണത്തിന്റെ ആനന്ദം ഉൾക്കൊള്ളുന്ന സ്നേഹം,ആ മഹത്തായ സ്നേഹം നിരന്തരമായ മധ്യസ്ഥ പ്രാർത്ഥനയിലൂടെ ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. വിശ്വാസം സ്നേഹം എളിമ ഇവ മൂന്നും ക്രൈസ്തവ ജീവിതത്തിന്റെ മഹനീയ ത്രിത്വം എന്നാണ് അറിയപ്പെടുക. മംഗലവാർത്ത വേളയിൽ മറിയത്തിൽ ഇവ മൂന്നും ഏറ്റവും വലിയ മഹത്വത്തിൽ പ്രത്യക്ഷപ്പെട്ടു ഇവയിൽ ഏറ്റവും ഉജ്ജ്വലമായത് മറിയത്തിൻ്റെ സ്നേഹമാണ്.
ദൈവപുത്രന് ഭൂമിയിൽ വാസസ്ഥലം ഒരുക്കിയ അമ്മ തീർച്ചയായും സ്നേഹത്തിൽ സമുന്നതയാണ്. മാതൃത്വത്തിന്റെ സർവ്വക്ലേശങ്ങളും അതിന്റെ ഭാരങ്ങളും സ്വീകരിക്കാൻ അവളെ സന്നദ്ധയാക്കിയത് ഈ സ്നേഹം മാത്രമാണ് .പ്രകാശപൂർണമായ സ്നേഹം മറിയത്തിൻ്റെ ജീവിതത്തിൽ പ്രഭ വിതറി. വിശ്വത്തോളം വിശാലമായ ഒരു ഹൃദയം സ്വന്തമാക്കിയ വിനീത തന്നെയാണ് പരിശുദ്ധ അമ്മ. സമർപ്പണത്തിലൂടെ ആ ജീവിതം സ്നേഹത്തിന്റെ ഉദാത്ത മേഖലകളിലേക്ക് ഉയർന്നു.
നിങ്ങൾക്ക് പരസ്പര സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യനാണെന്ന് അതുമൂലം എല്ലാവരും അറിയും യോഹ 13/35. ഈ തിരുവചനം പരിശുദ്ധ അമ്മയുടെ ജീവിതത്തിൽ അന്വർത്ഥമായി ഇളയമ്മയായ എലിസബത്തിനെ ശുശ്രൂഷിക്കുന്ന മറിയം കാനായിലെ കല്യാണ വിരുന്നിൽ മറ്റുള്ളവരുടെ ആവശ്യം മനസ്സിലാക്കി പ്രവർത്തിക്കുന്ന മറിയം പര സ്നേഹത്തിന്റെ ഉദാത്തമായ മാതൃകയാണ് നമ്മുടെ മുമ്പിൽ വരച്ചു കാട്ടുന്നത് .യഥാർത്ഥ സ്നേഹം ത്യാഗനിർഭരമാണ്. സ്വയം ശൂന്യമാക്കി കൊണ്ട് തന്നെ മുഴുവനായി മറ്റുള്ളവർക്ക് പങ്കുവെച്ചു കൊടുക്കുന്ന ആത്മദാനപരമായ സ്നേഹമാണിത്. ഈ സ്നേഹത്തിന്റെ തികവാണ് കാൽവരിയിലെ കുരിശിൻ ചുവട്ടിൽ ദൃശ്യം ആകുന്നത്.
മനുഷ്യകുലത്തെ രക്ഷിക്കാൻ വേണ്ടിയുള്ള ആ യാഗ വേദിയിൽ സ്വപുത്രനോടൊപ്പം അമ്മയും ആത്മദാനമായി നിലകൊള്ളുന്നു. നസറസ്സിലെ അതിർത്തികളിൽ നിന്ന് വിശ്വത്തോളം ഉയർന്ന മാതൃസ്നേഹം മനുഷ്യവംശത്തിനു മുഴുവൻ മാതൃകയും ആവേശവുമാണ്
ഈശോയുടെ പ്രിയ മാതാവ് നമ്മുടെയും പ്രിയപ്പെട്ട അമ്മയാണ്. അവള്‍ സ്വര്‍ഗ്ഗത്തിന്റെയും, ഭൂമിയുടെയും സ്നേഹരാജ്ഞിയാണ്. ഈ അമ്മയുടെ മക്കളായ നമ്മളെല്ലാവരും രാജകുമാരന്മാരും രാജകുമാരിമാരുമാണ്. സ്നേഹത്തിൻ്റെ രാജകുമാരനും രാജകുമാരിയും അതിനാല്‍ നമുക്കും നമ്മുടെ പദവിയ്ക്കനുസരിച്ചു യോജിച്ചവിധം ജീവിക്കാം. സ്നേഹനാഥയായ ഒരമ്മയുടെ മക്കളെന്ന നിലയില്‍ നമുക്കഭിമാനിക്കാം.