News

തിരുക്കല്ലറ ദേവാലയത്തിലെ ഹോളി ഫയര്‍ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ ഒരുമിച്ചെത്തിയത് ആയിരങ്ങള്‍

പ്രവാചകശബ്ദം 06-05-2024 - Monday

ജെറുസലേം: ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഇന്നലെ നടന്ന ഓര്‍ത്തഡോക്സ് സഭയുടെ ഈസ്റ്റര്‍ ആഘോഷത്തിനായി യേശുവിന്റെ കല്ലറ സ്ഥിതിചെയ്യുന്ന ഹോളി സെപ്പള്‍ക്കര്‍ ദേവാലയത്തില്‍ എത്തിയത് ആയിരങ്ങള്‍. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഇന്നലെ മെയ് അഞ്ചിനാണ് ഓര്‍ത്തഡോക്സ് സഭ ഈസ്റ്റര്‍ കൊണ്ടാടിയത്. ദേവാലയത്തിനുള്ളില്‍ നടന്ന ഹോളി ഫയര്‍ ആഘോഷത്തില്‍ നാലായിരത്തോളം പേരാണ് പങ്കെടുത്തത്. ഈസ്റ്ററിന് മുന്‍പുള്ള ശനിയാഴ്ച ഹോളി സെപ്പള്‍ക്കര്‍ ദേവാലയത്തിനുള്ളില്‍ അത്ഭുത തീനാളം പ്രത്യക്ഷപ്പെടുന്നുവെന്നാണ് പൗരസ്ത്യ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളുടെ പാരമ്പര്യ വിശ്വാസം.

ദേവാലയത്തിനുള്ളിലെ ക്രിസ്തുവിനെ അടക്കം ചെയ്തിരുന്ന അറയ്ക്കുള്ളില്‍ പ്രവേശിച്ചു ഗ്രീക്ക് പാത്രിയാര്‍ക്കീസ് കത്തിച്ച മെഴുകുതിരികളുമായി പുറത്തുവരികയും അതില്‍ നിന്നും ആയിരങ്ങള്‍ തങ്ങളുടെ കൈകളില്‍ പിടിച്ചിരിക്കുന്ന മെഴുകുതിരികള്‍ കത്തിക്കുകയും ചെയ്യുന്നതാണ് ഹോളി ഫയര്‍ ആഘോഷം. കത്തോലിക്കരും മറ്റ് ക്രിസ്ത്യാനികളും പങ്കെടുക്കുന്ന ഓർത്തഡോക്സ് ക്രിസ്ത്യൻ ചടങ്ങ് 1106 മുതൽ തുടർച്ചയായി നടക്കുന്നുണ്ട്. കനത്ത പോലീസ് സാന്നിധ്യത്തിൽ ബസിലിക്ക സ്ഥിതി ചെയ്യുന്ന ഓൾഡ് സിറ്റിയിലേക്കുള്ള പ്രവേശനം വെള്ളിയാഴ്ച രാത്രി മുതൽ നിരോധിച്ചിരിന്നു. ബസിലിക്കയ്ക്കുള്ളിൽ നിരവധി മെഡിക്കൽ ഉദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും ഉണ്ടായിരുന്നു.

പാലസ്തീൻ ജനതയോടും യുദ്ധത്തിൻ്റെ ഇരകളോടും ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് ഓർത്തഡോക്സ് ക്രൈസ്തവര്‍ ഈ വർഷത്തെ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തിയത്. പഴയ ജറുസലേം നഗരത്തിലെ തെരുവുകളിലൂടെ വിശുദ്ധ അഗ്നി കൈമാറ്റം ചെയ്യപ്പെടാതെ, വിശ്വാസികളുടെ വീടുകളിലേക്ക് നേരിട്ട് കൊണ്ടുപോകുന്ന വിധത്തിലായിരിന്നു ക്രമീകരണം. തിരുക്കല്ലറ ദേവാലയത്തില്‍ നിന്നു സ്വീകരിച്ച പ്രത്യേക വിളക്കുകൾ ലോകമെമ്പാടുമുള്ള പ്രധാന ഓർത്തഡോക്സ് പള്ളികളിലേക്കു പ്രത്യേകമായി ക്രമീകരിച്ച വിമാനങ്ങൾ വഴി എത്തിക്കുന്നുണ്ട്.

More Archives >>

Page 1 of 959