News - 2024

ഗാസയിലെ ഏക കത്തോലിക്ക ദേവാലയത്തില്‍ പെന്തക്കുസ്താ തിരുനാള്‍ ആചരിച്ച് ജെറുസലേം പാത്രിയാർക്കീസ്

പ്രവാചകശബ്ദം 21-05-2024 - Tuesday

ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി ദേവാലയത്തില്‍ പെന്തക്കുസ്താ തിരുനാള്‍ ആചരിച്ച് ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് ​​കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം സൃഷ്ടിച്ച നാശത്തിനും കൊടിയ വേദനകള്‍ക്കും നടുവിലാണ് ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് ​​കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല കഴിഞ്ഞ ദിവസം ഗാസയില്‍ എത്തിച്ചേര്‍ന്നത്. സംഘർഷം ആരംഭിച്ച് ഏഴ് മാസത്തിന് ശേഷമാണ് പാത്രിയാര്‍ക്കീസിന്റെ സന്ദർശനം. ഗാസയില്‍ അചഞ്ചലമായ വിശ്വാസത്തിൻ്റെ ഒരു സമൂഹത്തെ കണ്ടുമുട്ടിയതായി അദ്ദേഹം പറഞ്ഞു.

ആളുകളുടെ കണ്ണുകളിൽ പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും കാണുകയാണെന്നും തങ്ങൾ സ്ഥലത്ത് തന്നെ തുടരുമെന്നു വിശ്വാസികൾ തന്നോട് പറഞ്ഞതായും കർദ്ദിനാൾ പിയർബാറ്റിസ്റ്റ വെളിപ്പെടുത്തി. ബോംബ് സ്‌ഫോടനത്തിൻ്റെ ശബ്‌ദം ഇടയ്‌ക്കിടെ കേള്‍ക്കുന്നു. എന്നാല്‍ അവര്‍ ദൈനംദിന ജീവിതം ക്രമീകരിക്കുകയും വൈദ്യുതി, വെള്ളം, ഭക്ഷണം എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുകയും പങ്കുവെയ്ക്കുകയും ചെയ്യുന്നു.

ഗാസയിലെ ജനങ്ങൾക്ക് തൻ്റെ വ്യക്തിപരമായ സ്നേഹവും മുഴുവൻ സഭയുടെയും സ്നേഹവും എത്തിക്കുക എന്നതായിരുന്നു തൻ്റെ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നും കർദ്ദിനാൾ പിസബല്ല പറഞ്ഞു. ഗാസയിലെ ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലിയും കർദ്ദിനാൾ പിസബല്ലയും ചേർന്നാണ് പെന്തക്കുസ്ത തിരുനാള്‍ ദിനത്തിലെ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകിയത്. നൂറുകണക്കിന് അഭയാര്‍ത്ഥികളാണ് ഹോളി ഫാമിലി ദേവാലയത്തില്‍ കഴിയുന്നത്.

More Archives >>

Page 1 of 964