News - 2024

അത്ഭുത സംഭവങ്ങളെ വിശകലനം ചെയ്യാന്‍ പുതിയ പ്രമാണ രേഖയുമായി വത്തിക്കാൻ

പ്രവാചകശബ്ദം 18-05-2024 - Saturday

വത്തിക്കാൻ സിറ്റി: മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള അത്ഭുത സംഭവങ്ങളെ സംബന്ധിക്കുന്ന സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനെപ്പറ്റി വത്തിക്കാനിലെ വിശ്വാസപ്രബോധനത്തിനു വേണ്ടിയുള്ള കാര്യാലയം പുതിയ പ്രമാണരേഖ പുറത്തിറക്കി. ഇന്നലെയാണ് 'പ്രകൃത്യാതീതമെന്ന് അറിയപ്പെടുന്ന സംഭവങ്ങൾ വിവേചിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ' എന്ന രേഖ വിശ്വാസകാര്യാലയ അധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് പ്രകാശനം ചെയ്ത‌ത്. പ്രത്യക്ഷീകരണങ്ങളെ, അത്ഭുതങ്ങളെ കുറിച്ച് എന്തെങ്കിലും പ്രഖ്യാപനം നടത്താൻ രൂപതാ മെത്രാന് അധികാരമില്ല. അതേസമയം സംഭവത്തെ കുറിച്ച് വിശകലനം ചെയ്ത ശേഷം അവിടെ ഭക്തകൃത്യങ്ങളോ മറ്റോ പ്രോത്സാഹിപ്പിക്കുവാന് മെത്രാന് അധികാരമുണ്ട്.

'അത്ഭുതകര'മായ ഒരു സംഭവമുണ്ടായാൽ രൂപതാ മെത്രാൻ അക്കാര്യം വിശദമായി പഠിച്ചതിനുശേഷം വിശ്വാസ കാര്യാലയത്തിൽ റിപ്പോർട്ട് സമർപ്പിക്കണം. വിഷയത്തില്‍ പഠനം നടത്താന്‍ ഒരു ദൈവശാസ്ത്രജ്ഞനും കാനൻ നിയമവിദഗ്‌ധനും ഒരു വിദഗ്ധനും ഉൾപ്പെടുന്ന സമിതിയെ നിയോഗിക്കണം. വസ്‌തുതകൾ അന്വേഷിച്ചുകഴിഞ്ഞാൽ, ബിഷപ്പ് പഠനഫലങ്ങൾ ഡിക്കാസ്റ്ററിയിലേക്ക് അയയ്ക്കണം. ലഭിച്ച വിവരങ്ങളും പിന്തുടരുന്ന നടപടിക്രമങ്ങളും ഡിക്കാസ്റ്ററി വിശകലനം ചെയ്യും.

വിശ്വാസ കാര്യാലയം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതുവരെ അത്ഭുത പ്രതിഭാസത്തിന്റെ ആധികാരികതയെയോ അമാനുഷികതയെയോ കുറിച്ചു പൊതു പ്രഖ്യാപനം നടത്താന്‍ ബിഷപ്പുമാര്‍ക്ക് അവസരമുണ്ടാകില്ല. അത്ഭുതം ഒന്നിലധികം രൂപതകളുടെ ഭാഗമാകുന്നുണ്ടെങ്കില്‍ ഈ പ്രതിഭാസത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു ഇൻ്റർഡയോസിസൻ കമ്മീഷൻ രൂപീകരിക്കണമെന്നും രേഖയില്‍ അനുശാസനമുണ്ട്. യഥാർത്ഥ ദൈവവിശ്വാസം വളർത്താനും അത് അന്ധവിശ്വാസമായി അധഃപതിക്കാതിരിക്കാനും പുതിയ മാർഗനിർദേശങ്ങൾ ഉതകുമെന്ന് കർദ്ദിനാൾ വിക്‌ടർ മാനുവൽ ഫെർണാണ്ടസ് പ്രത്യാശ പ്രകടിപ്പിച്ചു. പന്തക്കുസ്‌താ തിരുനാൾ ദിനമായ നാളെ രേഖ പ്രാബല്യത്തിലാകും.

More Archives >>

Page 1 of 964