News - 2024
ഞങ്ങളുടെ വൈദികനെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുക: അധികാരികളോട് കേണപേക്ഷിച്ച് ആഫ്രിക്കന്‍ ബിഷപ്പ്
പ്രവാചകശബ്ദം 22-05-2024 - Wednesday
ജൂബ: കാണാതായ വൈദികന് വേണ്ടി അധികാരികളോട് കേണപേക്ഷിച്ച് ആഫ്രിക്കന്‍ ബിഷപ്പ്. ദക്ഷിണ സുഡാനിലെ ടോംബുറ യാംബിയോയിലെ കത്തോലിക്കാ രൂപത വൈദികനായ ഫാ. ലൂക്ക് യുഗിനു വേണ്ടിയാണ് ബിഷപ്പ് ഹിബോറോ അധികാരികളോട് ഇടപെടല്‍ ആവശ്യപ്പെട്ട് യാചന നടത്തിയിരിക്കുന്നത്. ഏപ്രിൽ 27 ന് ദക്ഷിണ സുഡാനിലെ നഗെറോ കൗണ്ടിയിൽ നിന്ന് ഇക്വറ്റോറിയ സ്റ്റേറ്റിലെ ടോംബുറയിലേക്ക് പുറപ്പെട്ട ദിവസം തന്നെ ഫാ. ലൂക്കിനെയും ഡ്രൈവറായ മൈക്കിളിനെയും കാണാതായിരുന്നു. അവരുടെ അവസാനത്തെ ഫോൺ കോള്‍ വന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
മെയ് 19 പെന്തക്കുസ്ത ഞായറാഴ്‌ച ഫാ. ലൂക്ക് സേവനം ചെയ്തുക്കൊണ്ടിരിന്ന സിഡിറ്റിയിലെ സെൻ്റ് മേരീസ് ഹെൽപ്പ് ഓഫ് ക്രിസ്ത്യൻ തോംബുറ ഇടവകയില്‍ ബിഷപ്പ് ഹിബോറോ സന്ദര്‍ശനം നടത്തി ഇടവകാംഗങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നിരിന്നു. നിങ്ങളെ സ്നേഹിക്കുന്ന ദക്ഷിണ സുഡാനിലെ ദൈവജനത്തെ പ്രതിനിധീകരിച്ചാണ് വന്നിരിക്കുന്നതെന്നും നിങ്ങൾ തനിച്ചല്ലെന്ന് പറയാനാണ് വന്നതെന്നും ബിഷപ്പ് ഇടവകാംഗങ്ങളോട് പറഞ്ഞു. ഫാ. ലൂക്കോസ് ഇപ്പോൾ നമ്മോടൊപ്പമില്ല; എനിക്ക് നിങ്ങളുടെ കണ്ണുകളിൽ കണ്ണുനീർ കാണാം, നിങ്ങളിൽ പലർക്കും ഞാൻ കൈ തന്നപ്പോള്‍ നിങ്ങൾ കരയുകയായിരുന്നു, കരച്ചിലില്‍ ഫാ. ലൂക്കിനെ എനിക്ക് കാണാന്‍ കഴിയുന്നുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
ദക്ഷിണ സുഡാനിലെ അധികാരികളിലേക്ക് ശ്രദ്ധ തിരിച്ചുകൊണ്ട് ബിഷപ്പ് അപേക്ഷയും നടത്തി. ഞാൻ നിങ്ങളോട് ചോദിക്കുന്നു, വൈദികനെക്കുറിച്ചുള്ള വിവരങ്ങൾ തരൂ; എനിക്ക് എൻ്റെ വൈദികനെ വേണം; ദയവായി അവനെ എനിക്ക് തിരികെ തരൂ- ബിഷപ്പ് പറഞ്ഞു. ആഫ്രിക്കയില്‍ വൈദികരെ തട്ടിക്കൊണ്ടു പോകുന്നതും കൊലപ്പെടുത്തുന്നതും പതിവ് സംഭവങ്ങളായി മാറിയിട്ടുണ്ട്. വൈദികനെ കാണാതായിട്ടു ഒരു മാസത്തോളമായിട്ടും യാതൊരു വിവരവും ലഭിക്കാത്തതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്.