News

ജീവന്‍ സംരക്ഷിക്കാന്‍ ജീവത്യാഗം ചെയ്ത കിയാര കോർബെല്ലയുടെ നാമകരണ നടപടിയുടെ പ്രഥമഘട്ടം പൂര്‍ത്തിയായി

പ്രവാചകശബ്ദം 22-06-2024 - Saturday

റോം: ജീവന്റെ മഹത്വത്തിന് വേണ്ടി അന്ത്യം വരെ നിലകൊള്ളുകയും ഒടുവില്‍ സ്വജീവന്‍ സമര്‍പ്പിച്ച് സ്വര്‍ഗ്ഗത്തിലേക്ക് യാത്രയാകുകയും ചെയ്ത ഇരുപത്തിയെട്ടുകാരി കിയാര കോർബെല്ലയുടെ നാമകരണ നടപടിയുടെ അന്വേഷണത്തിൻ്റെ രൂപതാഘട്ടം റോം രൂപത കഴിഞ്ഞ ദിവസം ഔദ്യോഗികമായി അവസാനിപ്പിച്ചു. 2018 സെപ്റ്റംബർ 21ന് കിയാരയുടെ ജീവിതത്തെ കേന്ദ്രമാക്കിയുള്ള വിശദമായ പഠനവും അന്വേഷണവും ജൂണ്‍ 21 വെള്ളിയാഴ്ച സെൻ്റ് ജോൺ ലാറ്ററൻ്റെ ആർച്ച് ബസിലിക്കയിൽ നടന്ന സെഷനോടെയാണ് സമാപിച്ചത്. റോം രൂപതയുടെ വൈസ് റീജൻ്റ് റീന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. റോമിലെ സഭയുടെ ഈ പുത്രിയെ സമകാലിക ക്രിസ്ത്യൻ തലമുറകൾക്ക് ക്രിസ്തീയ ജീവിതത്തിൻ്റെ മാതൃകയായി മാറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി റീന പറഞ്ഞു.

റോം നഗരത്തിലെ ഉയര്‍ന്ന താപനിലയിലും നൂറുകണക്കിന് ആളുകൾ സെഷനിൽ പങ്കെടുത്തു. രൂപതയുടെ യൂട്യൂബ് പേജിൽ പരിപാടിയുടെ തത്സമയ സംപ്രേക്ഷണം മൂവായിരത്തിലധികം പേർ കണ്ടു. ബസിലിക്കയുടെ ആദ്യ നിരയിൽ തന്നെ കിയാര കോർബെല്ലയുടെ ഭർത്താവ് എൻറിക്കോ പെട്രില്ലോ, പതിമൂന്നു വയസ്സുള്ള മകൻ ഫ്രാൻസെസ്കോ പെട്രില്ലോ, ചിയാരയുടെ മാതാപിതാക്കളായ റോബർട്ടോ കോർബെല്ല, മരിയ അൻസെൽമ റുസിക്കോണിയും, സഹോദരി എലിസ കോർബെല്ല എന്നിവര്‍ ഉണ്ടായിരിന്നുവെന്നത് ശ്രദ്ധേയമാണ്. നാമകരണ നടപടിയുടെ രൂപതാഘട്ട സമാപനം കാണാന്‍ ഭര്‍ത്താവിനും മക്കള്‍ക്കും മാതാപിതാക്കള്‍ക്കും കഴിഞ്ഞുവെന്നത് ശ്രദ്ധേയമായ വസ്തുത.

ആരായിരിന്നു കിയാര കോർബെല്ല? ‍

1984 ജനുവരി 9നു റോമിലായിരിന്നു അവളുടെ ജനനം. മരിയന്‍ പ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ മെഡ്ജ്ഗോറിയയില്‍വെച്ചാണ് കിയാര കോർബെല്ല തൻ്റെ ഭാവി ജീവിത പങ്കാളിയെ കണ്ടുമുട്ടുന്നത്. ആറ് വർഷത്തിന് ശേഷം 2008 സെപ്തംബർ 21ന് അസീസിയിൽവെച്ച് അവർ വിവാഹിതരായി. ദമ്പതികള്‍ക്കു വൈകാതെ ഒരു കുഞ്ഞ് ജനിച്ചെങ്കിലും ഒരു മണിക്കൂറിൽ താഴെ സമയം മാത്രമേ ആ കുഞ്ഞ് ഭൂമിയിൽ ജീവിച്ചിരുന്നുള്ളൂ. എങ്കിലും, ആ സമയം തന്നെ അവൾ തന്റെ കുഞ്ഞിന് മാമ്മോദീസ കൊടുത്തു.

വീണ്ടും ഗര്‍ഭിണിയായ കോർബെല്ല കുഞ്ഞിന് വേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിന്നുവെങ്കിലും സങ്കീര്‍ണ്ണതകള്‍ ഏറെയായിരിന്നു. കുഞ്ഞിന് കാലും വൃക്കയും ഇല്ലായെന്നും ഇത് സങ്കീര്‍ണ്ണമാക്കുമെന്നും അതിനാൽ കട്ടി മരിക്കുമെന്ന് ഡോക്ടർമാർ ആ അമ്മയോട് പറഞ്ഞു. എന്നാല്‍ ജീവനെ നശിപ്പിക്കാന്‍ ദമ്പതികള്‍ തയാറായില്ല. മകൻ ഡേവിഡ് ജിയോവാനി ജനിച്ചെങ്കിലും 38 മിനിറ്റ് മാത്രമേ ജീവിച്ചിരുന്നുള്ളൂ. ആ കുഞ്ഞിനും അവര്‍ മാമോദീസ നൽകി. 2010 ജൂൺ 26 ന് പെഷെരിയയിലെ സാൻ്റ് ആഞ്ചലോയിലായിരിന്നു ആ കുഞ്ഞിന്റെ സംസ്കാരം.

വൈകിയില്ല, തന്റെ മൂന്നാമത്തെ കുഞ്ഞിനെ കോർബെല്ല ഗർഭം ധരിച്ചു. കഴിഞ്ഞ രണ്ടു തവണ ഗര്‍ഭിണിയായപ്പോള്‍ ഉണ്ടായ സങ്കീര്‍ണ്ണതയായിരിന്നില്ല ഇത്തവണത്തേത്. ഇപ്രാവശ്യം ഗർഭസ്ഥ ശിശുവിന് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഗര്‍ഭസ്ഥ ശിശു ആരോഗ്യവാനായിരുന്നു. എന്നാൽ, അമ്മ അങ്ങനെയായിരുന്നില്ല. അഞ്ചാം മാസത്തിൽ കിയാരയ്ക്ക് നാവിൽ മുറിവ് ഉണ്ടെന്ന് കണ്ടെത്തുകയും ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയും ചെയ്തു. എന്നാല്‍ ആ മുറിവ് സാധാരണ ഒരു അവസ്ഥയായിരിന്നില്ല. അര്‍ബുദമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

അവൾക്ക് ചികിത്സ നൽകാമായിരുന്നെങ്കിലും ഇത് കുട്ടിയെ അപകടത്തിലാക്കുമായിരുന്നു. അവളുടെ ജീവന്‍ രക്ഷിക്കുവാന്‍ ഡോക്ടര്‍മാര്‍ വലിയ സമ്മര്‍ദ്ധം ചെലുത്തിയെങ്കിലും അവള്‍ അതിനു തയാറായില്ല. തന്റെ കുഞ്ഞ് സുരക്ഷിതമായിരിക്കുവാൻ വേദനസംഹാരികൾ ഉൾപ്പെടെയുള്ള എല്ലാ ചികിത്സയും കിയാര നിരസിച്ചു. 2011 മാർച്ചിൽ കിയാരയുടെ ചികിത്സാര്‍ത്ഥം ഒരു ഓപ്പറേഷൻ നടത്തി. അവളുടെ അവസാന കുട്ടിയായ ഫ്രാൻസെസ്കോ 2011 മെയ് 30-ന് 37 ആഴ്‌ചയിൽ പൂർണ ആരോഗ്യത്തോടെ ജനിച്ചു. കുഞ്ഞിന്റെ ജനനത്തിനുശേഷം അവളുടെ ചികിത്സ ആരംഭിക്കുവാന്‍ ഡോക്ടര്‍മാര്‍ തീരുമാനമെടുത്തു.

ജൂൺ 3ന് അവൾക്ക് മറ്റൊരു ഓപ്പറേഷൻ നടത്തി. എന്നാൽ കാലക്രമേണ കാൻസർ തീവ്രമായതിനെ തുടര്‍ക്ക് അവൾക്ക് കാണാനും സംസാരിക്കാനും ഒത്തിരി ബുദ്ധിമുട്ടുകള്‍ നേരിടുവാന്‍ തുടങ്ങി. രോഗത്തിന്റെ കഠിനാവസ്ഥയിലും അവള്‍ തന്റെ ക്രിസ്തു വിശ്വാസത്തില്‍ അഭിമാനിച്ചിരിന്നു. സഹനങ്ങളെ കൃപയാക്കി അവള്‍ മുന്നോട്ട് പോയി. 2012 മാർച്ചിൽ ഈ ദമ്പതികൾ തങ്ങളുടെ മകനെ പരിശുദ്ധ അമ്മയെ ഭരമേൽപ്പിക്കുന്നതിനായി അസീസിയിലെ പോര്‍സ്യൂങ്കള ദേവാലയത്തില്‍ സന്ദര്‍ശനം നടത്തി.

മാർച്ച് അവസാനത്തോടെ കിയാരയുടെ ശ്വാസകോശത്തിനും ഒരു കണ്ണിനും പുറമെ സ്തനത്തിലേക്കും കരളിലേക്കും അർബുദം ബാധിച്ചതായി കണ്ടെത്തി. ആശുപത്രി ചാപ്പലിലെ ദിവ്യകാരുണ്യത്തിന് മുന്നില്‍വെച്ചാണ് രോഗ വ്യാപനത്തെ കുറിച്ച് ഭര്‍ത്താവ് എന്‍റിക്കോ കിയാരയോട് പറഞ്ഞത്. എന്നാല്‍ ഇതിലൊന്നും പതറി പോകാന്‍ അവള്‍ തയാറായിരിന്നില്ല. ഈശോയുടെ ഹിതം മാത്രം നിറവേറട്ടെയെന്ന് അവള്‍ പ്രാര്‍ത്ഥിച്ചു. 2012 മെയ് 2 ന് മാർപാപ്പയുടെ പൊതു സദസ്സിൽവെച്ചു കിയാര - എന്‍റിക്കോ ദമ്പതികള്‍ക്കു ബെനഡിക്ട് പതിനാറാമൻ മാർപാപ്പയെ കാണാന്‍ അവസരം ലഭിച്ചു. ജീവന്‍ പണയപ്പെടുത്തി ജന്മം കൊടുത്ത മകനുമൊപ്പമാണ് അവള്‍ പത്രോസിന്റെ പിന്‍ഗാമിയെ കണ്ടുമുട്ടിയത്.

രോഗാവസ്ഥ മൂര്‍ച്ഛിച്ചപ്പോള്‍ അവള്‍ നിത്യവും ദിവ്യകാരുണ്യം സ്വീകരിച്ചുകൊണ്ട് മരണത്തിന് തയ്യാറെടുത്തു. തൻ്റെ മകൻ ജനിച്ച് ഒരു വർഷത്തിന് ശേഷം 2012 ജൂൺ 13 ന്, കിയാര കോർബെല്ല തന്റെ നിത്യനാഥന്റെ സന്നിധിയിലേക്ക് യാത്രയായി. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ സര്‍വ്വോപരി തിരുകുടുംബത്തിന്റെ അദൃശ്യമായ സാന്നിധ്യത്തിലായിരിന്നു യാത്ര പറച്ചില്‍.

മൂന്ന് ദിവസത്തിന് ശേഷം നടന്ന മൃതസംസ്കാര ചടങ്ങിൽ പങ്കെടുക്കുവാന്‍ നൂറുകണക്കിനാളുകളാണ് തടിച്ചു കൂടിയത്. അന്ത്യയാത്രയാക്കുമ്പോള്‍ വിവാഹ ഗൗണിലായിരിന്നു അവള്‍. ആറ് വര്‍ഷത്തിന് ശേഷം, 2018 ജൂലൈ 2ന് കർദിനാൾ ആഞ്ചലോ ഡി ഡൊണാറ്റിസ് കോർബെല്ലയെ ദൈവദാസിയായി നാമകരണം ചെയ്യുവാനുള്ള സാധ്യത വെളിപ്പെടുത്തി. 2018 സെപ്തംബർ 21-ന് സെൻ്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ രൂപതാ പ്രക്രിയയുടെ ഉദ്ഘാടനത്തിന് കർദ്ദിനാൾ ഡി ഡൊണാറ്റിസ് തന്നെയാണ് അധ്യക്ഷത വഹിച്ചത്. നമ്മുടെ ഈ നൂറ്റാണ്ടില്‍ വിശുദ്ധമായ സഹന ജീവിത നയിച്ച കിയാര ഇന്നു നാമകരണ വഴിയിലാണ്. അതിലെ ആദ്യഘട്ടത്തിന് സമാപനമായിരിക്കുന്നു.

ഒരു നിമിഷം: ‍ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?

More Archives >>

Page 1 of 974