News - 2024

ഫ്രാന്‍സില്‍ ദൈവവിളിക്ക് വസന്തകാലം: ഈ വര്‍ഷം തിരുപ്പട്ടം സ്വീകരിക്കാന്‍ തയാറെടുക്കുന്നത് 105 പേര്‍

പ്രവാചകശബ്ദം 24-06-2024 - Monday

പാരീസ്: യൂറോപ്യൻ രാജ്യമായ ഫ്രാന്‍സില്‍ ദൈവവിളിക്ക് വസന്തകാലം. ഈ വര്‍ഷം തിരുപ്പട്ടം സ്വീകരിക്കാന്‍ 105 പേര്‍ തയാറെടുക്കുന്നതായി ഫ്രഞ്ച് ബിഷപ്പ് കോൺഫറൻസ് അറിയിച്ചു. 2023-ല്‍ 88 നവവൈദികരാണ് അഭിഷിക്തരായത്. ഇതിനെ അപേക്ഷിച്ച് ഇരുപതോളം വൈദികരാണ് ഇത്തവണ അധികമായി തിരുപ്പട്ടം സ്വീകരിക്കുന്നത്. ബഹുഭൂരിപക്ഷം തിരുപ്പട്ട സ്വീകരണവും ഈ ജൂൺ മാസത്തിലാണ് നടക്കുക. ആഗോള കത്തോലിക്കാ സഭ വിശുദ്ധ പത്രോസ് പൌലോസ് ശ്ലീഹന്മാരുടെ തിരുനാളായി കൊണ്ടാടുന്ന ജൂൺ 29നു ഏറ്റവും അധികം തിരുപ്പട്ട സ്വീകരണം നടക്കുമെന്ന് ഫ്രഞ്ച് ബിഷപ്പ്സ് കോൺഫറൻസ് വെളിപ്പെടുത്തി. അഭിഷിക്തരാകാനിരിക്കുന്ന 105 നവ വൈദികരിൽ 73 പേർ രൂപത വൈദികരാണ്. വർദ്ധിച്ചുവരുന്ന മതേതരത്വ സമീപനമുള്ള ഫ്രഞ്ച് സമൂഹത്തിനുള്ളിൽ സഭയിലെ വൈദികര്‍ക്ക് പ്രധാന ദൗത്യമാണുള്ളതെന്ന് ഓച്ചിലെ ആർച്ച് ബിഷപ്പും നിയുക്ത വൈദികര്‍ക്കും സഭാ ദൗത്യത്തിലെ സാധാരണക്കാർക്കുമുള്ള കൗൺസിൽ അംഗവുമായ ബെർട്രാൻഡ് ലാകോംബ് പറഞ്ഞു. നമ്മുടെ കാലത്തെ ആത്മീയ പ്രതീക്ഷകളോട് പ്രതികരിക്കുന്ന വൈദികർക്ക് ശുശ്രൂഷ നിര്‍വ്വഹണത്തിന് ആശംസകള്‍ അറിയിക്കുകയാണെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ ഗവൺമെന്റിന്റെ കണക്കുകള്‍ പ്രകാരം മൊത്തം ജനസംഖ്യയുടെ 68.3 ദശലക്ഷമാണ് ക്രൈസ്തവര്‍. 2021-ലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യയുടെ അന്‍പത് ശതമാനത്തിലധികം ക്രൈസ്തവരാണ്. ഇതില്‍ 47% കത്തോലിക്ക വിശ്വാസികളാണ്. 2024-ലെ സർവേ അനുസരിച്ച്, ഫ്രാന്‍സില്‍ മാമോദീസയും വിശുദ്ധ കുര്‍ബാനയും സ്ഥൈര്യലേപനവും സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന യുവജനങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടെന്ന് സൂചനയുണ്ടായിരിന്നു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?

More Archives >>

Page 1 of 975