News
പുതിയ രൂപത ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ ഇന്തോനേഷ്യന്‍ ക്രൈസ്തവര്‍
പ്രവാചകശബ്ദം 25-06-2024 - Tuesday
ജക്കാർത്ത: അജപാലന ശുശ്രൂഷകള്‍ അനേകരിലേക്ക് എത്തിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ പുതിയ രൂപത അനുവദിച്ചതിന്റെ ആഹ്ളാദത്തില്‍ ഇന്തോനേഷ്യന്‍ ക്രൈസ്തവര്‍. ഇക്കഴിഞ്ഞ ജൂൺ 21-ന്, കത്തോലിക്ക ഭൂരിപക്ഷ പ്രദേശമായ ഫ്ലോറസ് ദ്വീപിലെ ഈസ്റ്റ് നുസ തെങ്കാര പ്രവിശ്യയിലെ ലബുവാൻ ബാജോ ആസ്ഥാനമാക്കിയാണ് ഫ്രാന്‍സിസ് പാപ്പ പുതുതായി രൂപത അനുവദിച്ചത്. സെൻ്റ് പോൾ പ്രാദേശിക കാത്തലിക് യൂണിവേഴ്സിറ്റിയുടെ റെക്റായ മാക്‌സിമസ് റെഗസ് ആണ് പുതിയ രൂപതയുടെ നിയുക്ത മെത്രാന്‍.
ലബുവാൻ ബാജോയിലെ ഹോളി സ്പിരിറ്റ് ദേവാലയത്തില്‍, റുട്ടെങ് ബിഷപ്പ് ബിഷപ്പ് സിപ്രിയാനസ് ഹോർമാറ്റാണ് ഇത് സംബന്ധിച്ച മാര്‍പാപ്പയുടെ പ്രഖ്യാപനം അറിയിച്ചത്. നൂറുകണക്കിന് വിശ്വാസികളും അനേകം വൈദികരും പ്രഖ്യാപനത്തിന് സാക്ഷികളായി. ലാബുവാൻ ബാജോയുടെ പുതിയ രൂപതയ്ക്ക് 3141 സ്ക്വ. കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. പ്രദേശത്തെ 276,000 ജനസംഖ്യയില്‍ 215,000-ത്തിലധികം പേരും കത്തോലിക്ക വിശ്വാസികളാണ്. 25 ഇടവകകളും 67 രൂപതാ വൈദികരും 23 സന്യാസ വൈദികരും രൂപതയുടെ ഭാഗമാണ്. 78 സന്യസ്തരാണ് രൂപത പരിധിയില്‍ സേവനം ചെയ്യുന്നത്.
പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ പ്രദേശത്തെ ഉൾക്കൊള്ളുന്നതാണ് ലബുവാൻ ബാജോയുടെ പുതിയ രൂപത. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ, ഇന്തോനേഷ്യൻ ദ്വീപസമൂഹത്തിൻ്റെ പടിഞ്ഞാറൻ മേഖലയിലെ പർവതനിരകളുള്ള ഒരു വിദൂര പ്രദേശമായിരുന്നു അത്. എന്നാല്‍ ഇന്ന്, ഇത് ഏറ്റവും ജനപ്രിയമായ വിദേശ അവധിക്കാല കേന്ദ്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. അതേസമയം ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ ക്രൈസ്തവ വിശ്വാസം അതിവേഗം വ്യാപിക്കുന്നതിന്റെ സൂചനയുടെ ഭാഗമായാണ് പുതിയ രൂപതയുടെ സ്ഥാപനത്തെ ഏവരും നോക്കി കാണുന്നത്. ഇന്തോനേഷ്യയിലെ ആകെ ജനസംഖ്യയുടെ ഏഴു ശതമാനമാണ് ക്രൈസ്തവര്‍.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟