News - 2024

അൽഫോൻസാമ്മ: ദൈവ വരപ്രസാദത്തിന്റെ ദാസി | വിശുദ്ധയോടൊപ്പം ഒരു പുണ്യയാത്ര | 02

സി. റെറ്റി FCC 02-07-2024 - Tuesday

"മാമ്മോദീസായിൽ ലഭിച്ച വരപ്രസാദം ഇതുവരെയും നഷ്ടപ്പെടുത്താതെ കാത്തുസൂക്ഷിക്കാനുള്ള അനുഗ്രഹം ദൈവം എനിക്ക് പ്രധാനം ചെയ്തു"

- വി. അൽഫോൻസാമ്മ.

നമുക്ക് നിത്യജീവൻ പ്രാപിക്കാൻ സ്വർഗ്ഗം നോക്കി നടക്കാനുള്ള കിളിവാതിലാണ് വിശുദ്ധ അൽഫോൻസാമ്മ. ദൈവവര പ്രസാദം കൂടെ കൊണ്ടുനടന്ന വിശുദ്ധയാണ് അൽഫോൻസാമ്മ. ആ ദൈവസാന്നിധ്യ അവബോധവും ദൈവകൃപയുമാണ് അനേകരെ ഭാരതത്തിന്റെ ലിസ്യുവായ ഭരണങ്ങാനത്തേക്ക് ആകർഷിക്കുന്നതും, വിശുദ്ധയുടെ മാധ്യസ്ഥം തേടുവാൻ പ്രേരിപ്പിക്കുന്നതും. എന്താണ് കൃപാവരം (Grace)? ദൈവത്തിന്റെ സൗജന്യവരവും സ്നേഹപൂർണ്ണവുമായ ദാനമാണത്. അവിടുത്തെ സഹായപ്രദമായ നന്മയാണ്, ദൈവത്തിൽ നിന്ന് വരുന്ന സജീവത്വമാണ്. കുരിശുവഴിയും ഉത്ഥാനം വഴിയും ദൈവം പൂർണമായിത്തന്നെ നമുക്ക് സമർപ്പിക്കുന്നു. വരപ്രസാദത്തിൽ തന്നെത്തന്നെ നമ്മോട് ബന്ധപ്പെടുത്തുന്നു. നമുക്ക് ഒട്ടും യോഗ്യതയില്ലാതിരിക്കെ നമുക്ക് ദൈവം നൽകുന്നതെല്ലാമാണ് കൃപ.

ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഇങ്ങനെ പഠിപ്പിക്കുന്നു: "കൃപാവരം ദൈവം നമ്മുടെ മേൽ നോക്കുന്നതാണ്, നമ്മെ അവിടുത്തെ സ്നേഹത്താൽ സ്പർശിക്കുന്നതാണ്" കൃപാവരം ഒരു വസ്തുവല്ല പിന്നെയോ ദൈവം തന്നെത്തന്നെ നമ്മോട് ബന്ധപ്പെടുത്തുന്നതാണ്. അവിടുന്ന് തന്നെക്കാൾ ചെറുതായ ഒന്നും ഒരിക്കലും നൽകുന്നില്ല എന്നു വി. ആഗസ്തിനോസ് ഓർമ്മിപ്പിക്കുന്നു.

കൃപാവരത്തിൽ നാം ദൈവത്തിലാണ്. വിശുദ്ധ അൽഫോൻസാ പനപോലെ തഴച്ച് ലെബനോനിലെ ദേവദാരു പോലെ വളർന്നവളാണ്. ജീവിതത്തെ ദൈവത്തിൽ തഴയ്ക്കാനും സുസ്ഥിരമായി വളരാനും അനുവദിച്ചവളാണ് അൽഫോൻസാ. അവളിൽ ദൈവം തഴച്ചു വളർന്നു. അവൾ ദൈവത്തിൽ സുസ്ഥിരയായി നിന്നു. അവൾ ദൈവത്തിൽ പുഷ്ടിപ്രാപിച്ചു. അവൾ ദൈവത്തിൽ വളർന്നു. മാമോദിസയിൽ കിട്ടിയ ദൈവവര പ്രസാദം അതിന്റെ പൂർണ്ണതയിൽ ജീവിക്കുവാൻ അവൾ ദൈവത്തോട് ചേർന്ന് നിന്ന് പരിശ്രമിച്ചു.

നിനക്ക് എന്റെ കൃപ മതി എന്തെന്നാൽ ബലഹീനതയിലാണ് എന്റെ ശക്തി പൂർണ്ണമായി പ്രകടമാകുന്നത് എന്നു വിശുദ്ധ പൗലോസ് നമ്മളെ ഓർമ്മിപ്പിക്കുന്നു. ക്രിസ്തുവിന്റെ ശക്തി നമ്മിൽ പൂർവ്വാധികം വ്യാപരിക്കേണ്ടതിന് അൽഫോൻസാമ്മയെ പ്പോലെ ദൈവവര പ്രസാദത്തിൽ ജീവിക്കാൻ നമുക്കു പരിശ്രമിക്കാം. വര പ്രസാദത്തിൽ കാതലുള്ള ജീവിതത്തിന്റെ ഉൽകൃഷ്ട മാതൃകയായ വിശുദ്ധ അൽഫോൻസാമ്മയെ, കാമ്പും കാതലുമുള്ള ജീവിതത്തിന്റെ ദിവ്യ പ്രചോദനമേ, ഞങ്ങളും കാതലുള്ളവരാകാൻ വരപ്രസാദം കൊണ്ട് നിറക്കണമേ.


Related Articles »