News - 2024

അൽഫോൻസ: ദൈവത്തിന്റെ കൈയൊപ്പു പതിഞ്ഞ സന്യാസിനി | വിശുദ്ധയോടോപ്പം ഒരു പുണ്യയാത്ര | 30

സി. റെറ്റി FCC 30-07-2024 - Tuesday

"കർത്താവേ അങ്ങേയ്ക്ക് ഇഷ്ടമുള്ളതെന്തും എന്നോട് ചെയ്തു കൊള്ളുക ഞാൻ നിന്റേതു മാത്രമാണ് "- വിശുദ്ധ അൽഫോൻസാ.

നമ്മോടുകൂടെ ആയിരിക്കാൻ വേണ്ടിയാണ് ദൈവം മനുഷ്യനായി അവതരിച്ചത്. ദൈവം നമ്മോടുകൂടെ,എന്നർത്ഥമുള്ള എമ്മാനുവേൽ എന്നവൻ വിളിക്കപ്പെടും (Mt1/23) 'എമ്മാനുവേലായ' ദൈവം യുഗാന്ത്യം വരെ നമ്മോട് കൂടെ ഉണ്ടായിരിക്കും (Mt:28/20) എന്നാൽ ദൈവത്തിന്റെ പദ്ധതി നമ്മിൽ സാക്ഷാത്കരിക്കപ്പെടണമെങ്കിൽ നാം ഓരോരുത്തരും കൂടെ ആയിരിക്കണം. എങ്ങനെയാണ് നമുക്ക് ദൈവത്തോട് കൂടെ ആയിരിക്കാൻ കഴിയുക?

ദൈവം പറഞ്ഞു: "നിങ്ങൾ എന്റെ വാക്കുകൾ കേൾക്കുകയും എന്റെ ഉടമ്പടി പാലിക്കുകയും ചെയ്താൽ നിങ്ങൾ എല്ലാ ജനതകളിലും വെച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ സ്വന്തം ജനതയായിരിക്കും"(Exo:19/5). പ്രഭാഷകൻ പറയുന്നു വരുന്ന ദുരിതങ്ങൾ എല്ലാം സ്വീകരിക്കുക ഞെരുക്കുന്ന ദൗർഭാഗ്യങ്ങളിൽ ശാന്തത വെടിയരുത് (2/4). രോഗവിമുക്തയായിരുന്ന അവസരത്തിൽ അൽഫോൻസാമ്മ കണക്കെഴുത്തും അടുക്കള പണിയുടെ മേൽനോട്ടവും നിർവഹിച്ചു. അധികാരികൾ അല്ല ദിവ്യനാഥനാണ് ആ ജോലി തന്നെ ഏൽപ്പിച്ചത് എന്ന് വിചാരത്തോടെയാണ് അവൾ തന്റെ കടമകൾ നിറവേറ്റിയത്. വേദനകൾക്കിടയിലും സദാ പ്രസന്ന വദനയായിരുന്നു അൽഫോൻസാമ്മ പിതാവിന്റെ ഇഷ്ടത്തിന് വിധേയനായി.

അൽഫോൻസാമ്മ പറയുന്നു, എനിക്കിപ്പോൾ ഭക്ഷണം കഴിക്കാൻ പോലും തോന്നുന്നില്ല. ശരീരത്തിന് അശേഷം സുഖമില്ല. എൻ്റെ കർത്താവിനെ തേടി ഞാൻ എല്ലാ ഉപേക്ഷിച്ചു മഠത്തിൽ വന്നു. നേരത്തെതന്നെ ഉറക്കമില്ല ആ കൂട്ടത്തിൽ ചിന്തയും കൂടിയായപ്പോൾ പറയാനുമില്ല. ആത്മീയ സമാധാനം ഉണ്ടായിട്ട് മരിച്ചാൽ മതിയായിരുന്നു. ഈ വിഷമം തുടങ്ങിയതിൽ പിന്നെ എന്റെ ഇഷ്ടാനുസരിച്ച് ഞാൻ ഒന്നും പ്രവർത്തിച്ചിട്ടില്ല.

പിതാവിന്റെ ഇഷ്ടത്തിന് വിട്ടുകൊടുത്ത അൽഫോൻസാമ്മ വിശുദ്ധ പൗലോസ് പറയുന്നതുപോലെ :"കർത്താവിന് നാമത്തിൽ ബന്ധനം മാത്രമല്ല മരണം പോലും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്" (Act:21/13) എന്നു പറയുമായിരുന്നു ദൈവത്തിന് ഇഷ്ടമെങ്കിൽ ഞാൻ മരിച്ചു കൊള്ളട്ടെ എന്ന് അധികാരികളുടെ അനുവാദത്തോടെ അവൾ ദൈവത്തോട് പ്രാർത്ഥിച്ചു. എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണെന്ന് ശ്ലീഹാ (Phil:1/21) പറയുന്നു.

അൽഫോൻസാമ്മക്കും ജീവിതം ക്രിസ്തുവും മരണം നേട്ടവും ആയിരുന്നു. മരണത്തോടെ അവൾ സ്വർഗ്ഗത്തിലും ഭൂമിയിലും നേട്ടങ്ങൾ കൊയ്തു.. " ദൈവഹിതം നിറവേറ്റാൻ ഇതാ ഞാൻ വരുന്നു അങ്ങയുടെ നിയമം എന്റെ ഹൃദയത്തിലുണ്ട് അങ്ങയുടെ ഹൃദയം നിറവേറ്റുകയാണ് എന്റെ സന്തോഷം"(Ps:40/7-9) പരിപൂർണ്ണതക്കായി പരിശ്രമിക്കുന്നവർക്കെല്ലാം മാതൃകയാണ് അൽഫോൻസാമ്മ വലിയ കാര്യങ്ങളൊന്നും അവൾ നിർവഹിച്ചില്ല. ദൈവത്തിന്റെ തിരുഹിതത്തിന് സമ്പൂർണ്ണമായി സമർപ്പിക്കപ്പെട്ടതായിരുന്നു അവളുടെ ജീവിതം.തൊട്ടിൽ മുതൽ കബറിടം വരെ മാനസികവും ശാരീരികവും സാമൂഹികവുമായ വേദനകളും പീഡകളും കൊണ്ട് കർത്താവ് അവളെ പരീക്ഷിച്ചു. സ്വന്തം വേദനകളിലൂടെ ഈശോയുടെ സഹനത്തിൽ പങ്കുചേർന്നു.

"സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും "(Mt:12/50).പരിശുദ്ധ കന്യകാമറിയത്തെ പോലെ കർത്താവിന്റെ ദാസിയായി സ്വയം സമർപ്പിച്ചവളാണ് അൽഫോൻസാമ്മ. പിതാവിന്റെ ഇഷ്ടം നിറവേറ്റിയ അൽഫോൻസാമ്മയെ കർത്താവ് തന്റെ മണവാട്ടിയാക്കി മഹത്വപ്പെടുത്തി.

"ഞാൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്നിരിക്കുന്നത് എന്റെ ഇഷ്ടം പ്രവർത്തിക്കാൻ അല്ല എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കാനാണ്" (Jn6/38) അധികാരികളിൽ ദൈവഹിതം ദർശിച്ചിരുന്ന അൽഫോൻസാമ്മ അധികാരികളെ അനുസരിക്കാൻ തന്റെ ഗുരുനാഥയോടുള്ള സ്നേഹം പോലും നിയന്ത്രിച്ചു.

"ഞാൻ എന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങൾ അറിയുന്നില്ലേ" Lk:2/42-49) ദൈവസത്തയോടുള്ള തന്റെ പ്രതിബദ്ധതയുടെ കാര്യത്തിൽ മാതാപിതാക്കൾക്ക് വേണ്ടി പോലും വീഴ്ച വരുത്താൻ യേശു തയാറായില്ല. രോഗാവസ്ഥയിലായിരുന്നപ്പോൾ കുർബാന കാണുവാനുള്ള തീഷ്ണമായ ആഗ്രഹം അധികാരികളോടുള്ള അനുസരണയുടെ പേരിൽ അൽഫോൻസാമ്മ നിയന്ത്രിക്കുകയുണ്ടായി വിശുദ്ധ കുർബാനയ്ക്ക് വേണ്ടി പോലും ദൈവഹിതത്തോടുള്ള വിധേയത്വത്തിൽ വീഴ്ച വരുത്താൻ അവൾ തയ്യാറായില്ല. ദൈവഹിതത്തോടുള്ള നമ്മുടെ വിധേയത്വത്തിന് അനുഗുണമായാണു നമ്മുടെ വിശുദ്ധി നിലകൊള്ളുന്നത് എന്ന് വിശുദ്ധ അൽഫോൻസാമ്മ നമ്മെ പഠിപ്പിക്കുന്നു.

ദൈവത്തിൻ്റെ കൈയ്യോപ്പ് പതിഞ്ഞ സന്യാസിനി ആയിരുന്നു അൽഫോൻസാ .സഹനത്താൽ ആ ജീവിതം കുരിശിൻ ചുവട്ടിൽ മുദ്രിതമായി . അനേകർക്ക് സൗഖ്യം നൽകുന്ന സൗരഭ്യമായി ഈന്നും ആ സഹന പുഷ്പം വിരിഞ്ഞുനിൽക്കുന്നു.


Related Articles »