News

ദുരന്തത്തില്‍ ആദ്യ അഭയകേന്ദ്രമായ ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളിയില്‍ വിടവാങ്ങിയവരെ സമര്‍പ്പിച്ച് ഞായറാഴ്ച കുര്‍ബാന

പ്രവാചകശബ്ദം 05-08-2024 - Monday

കൽപ്പറ്റ: മേപ്പാടിയിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും തകര്‍ത്ത ഉരുള്‍പൊട്ടലില്‍ സര്‍വ്വതും ഉപേക്ഷിച്ച് ജീവന് വേണ്ടി പാഞ്ഞവര്‍ക്ക് അഭയ കേന്ദ്രമായത് ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളിയായിരിന്നു. പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ജീവൻ ബാക്കിയായവർക്ക് ആദ്യം അഭയമായത് ഈ പള്ളിയും പാരിഷ് ഹാളുമായിരുന്നു. അപകടം നടന്നയുടനെ പള്ളിയിലും പാരിഷ് ഹാളിലുമായാണ് എല്ലാവരെയും രക്ഷാപ്രവർത്തനം നടത്തി എത്തിച്ചത്.

ഇടവകാംഗങ്ങളായ ഒന്‍പത് പേര്‍ക്കാണ് ജീവന്‍ നഷ്ട്ടമായത്. എഴുപേരുടെ മൃതദേഹം മാത്രമാണ് കണ്ടെടുത്തതെന്ന് വികാരി ഫാ. ജിബിൻ വട്ടുകുളം പറഞ്ഞു. സാധാരണയായി ഞായറാഴ്ച ആഘോഷപൂര്‍വ്വകമായ കുര്‍ബാന നടക്കുമ്പോള്‍ ഇന്നലെ ചൂരല്‍മല ദേവാലയത്തില്‍ അര്‍പ്പിച്ചത് മരിച്ചവര്‍ക്ക് വേണ്ടിയുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പണമായിരിന്നു. ബലിപീഠത്തിന് മുന്നില്‍ ഒന്‍പത് പേരുടെയും ഒന്നിച്ചുള്ള ഫോട്ടോ പ്രതിഷ്ഠിച്ചിരിന്നു. ഇവരെ അനുസ്മരിച്ച് ബലിയര്‍പ്പിച്ചതിന് ശേഷം പുഷ്പാര്‍ച്ചനയും നടത്തിയിരിന്നു. തുടര്‍ന്നു സെമിത്തേരിയില്‍ ഒപ്പീസ് ചൊല്ലി പ്രാര്‍ത്ഥിച്ചുവെന്നും ഫാ. ജിബിൻ പറഞ്ഞു.

നേരത്തെ ദുരന്തം ഉണ്ടായപ്പോള്‍ ഉറ്റവരെയും ജീവിതസമ്പാദ്യവും പ്രകൃതി തിരികെയെടുത്തപ്പോൾ ജീവൻ കൈയിൽ പിടിച്ച് എത്തിയ ഇരുനൂറോളം പേരാണ് പള്ളിയില്‍ അഭയം തേടിയത്. ഫാ. ജിബിൻ വട്ടുകുളത്തിൻന്റെ നേതൃത്വത്തിൽ ഭക്ഷണവും പ്രാഥമികശുശ്രൂഷകളും ദേവാലയത്തില്‍ നിന്നു നൽകിയിരിന്നു. പിന്നീട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ വൈകീട്ട് ആരംഭിച്ചപ്പോഴാണ് ദുരിതബാധിതരെ അങ്ങോട്ടേക്ക് മാറ്റിയത്. വന്‍ ദുരന്തത്തില്‍ ചൂരൽമല വില്ലേജ് ഓഫീസ് ഉൾപ്പെടെ വെള്ളത്തിൽ മുങ്ങിപ്പോയിരിന്നു.

ജാതിമത വ്യത്യാസങ്ങൾക്കപ്പുറം ഹൃദയം തകർന്ന മനുഷ്യരെ ചേർത്തുപിടിച്ച ദേവാലയത്തില്‍ പാരിഷ് ഹാളിലാണ് വില്ലേജ് ഓഫീസ് സംവിധാനങ്ങളും പഞ്ചായത്തുതല പ്രവർത്തനങ്ങളുമൊക്കെ നടക്കുന്നത് ഇപ്പോള്‍ നടക്കുന്നത്. സൈന്യത്തിന്റെയും പോലീസിൻ്റെയും അടക്കമുള്ള വാഹനങ്ങളുടെ പാർക്കിംഗും ഇപ്പോഴും ഇവിടെയാണ് സൈന്യം ഇടയ്ക്ക് വിശ്രമിക്കാനെത്തുന്നതും പള്ളിയിലാണ്.


Related Articles »