News
ബെയ്‌റൂട്ട് സ്‌ഫോടനത്തിന് ഇരയായവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 27-08-2024 - Tuesday
ബെയ്‌റൂട്ട്: ലെബനോനിലെ ബെയ്‌റൂട്ട് തുറമുഖ സ്‌ഫോടനത്തിന് ഇരയായവരുടെ ബന്ധുക്കളെ വത്തിക്കാനിലെ സ്വകാര്യ സദസ്സിൽ ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച നടത്തി. ലെബനോനിലെ പ്രതികൂലമായ സാഹചര്യങ്ങളില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളോടുള്ള തന്റെ ദുഃഖവും അടുപ്പവും അറിയിച്ചു. ആ വലിയ സ്ഫോടനത്തിൽ ജീവൻ അപഹരിച്ച എല്ലാവരെയും ഓർക്കുകയാണെന്നും നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും പ്രാർത്ഥനയിൽ ഓര്‍ക്കുന്നത് തുടരുകയാണെന്നും തന്റെ കണ്ണുനീർ നിങ്ങളുടെ സ്വന്തം കണ്ണുനീരിലേക്ക് ചേർക്കുകയാണെന്നും പരിശുദ്ധ പിതാവ് പങ്കുവെച്ചു. തിങ്കളാഴ്ച രാവിലെ നടന്ന കൂടിക്കാഴ്ചയ്ക്കിടെ കുടുംബങ്ങള്‍ പുലര്‍ത്തുന്ന വിശ്വാസത്തിൻ്റെ അന്തസ്സിനെയും പ്രതീക്ഷയെയും പരിശുദ്ധ പിതാവ് പ്രശംസിച്ചു.
അവരുടെ ആത്മാവിനെ ലെബനോൻ്റെ പ്രതീകമായ ദേവദാരു മരത്തോട് ഉപമിച്ചു. “നമ്മുടെ ദൃഷ്ടി ഉയരത്തിലേക്കും സ്വർഗത്തിലേക്കും ദൈവത്തിലേക്കും ഉയർത്താൻ ദേവദാരുക്കൾ നമ്മെ ക്ഷണിക്കുന്നു. അവിടുന്നു നമ്മുടെ പ്രത്യാശയാണ്, നിരാശപ്പെടുത്താത്ത പ്രത്യാശയാണ്”- പാപ്പ പറഞ്ഞു. ലെബനോന്‍ വൈവിധ്യമാർന്ന സമൂഹങ്ങൾ യോജിച്ച് ജീവിക്കുന്ന, വ്യക്തിഗത നേട്ടങ്ങൾക്ക് മുകളിൽ പൊതുനന്മ സ്ഥാപിക്കുന്ന, വ്യത്യസ്ത മതങ്ങളും ഏറ്റുപറച്ചിലുകളും സാഹോദര്യത്തിൻ്റെ മനോഭാവത്തിൽ പരസ്പരം കണ്ടുമുട്ടുന്ന ഒരു നാടാണെന്നും അത് നിലനില്‍ക്കേണ്ടതുണ്ടെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
2020 ഓഗസ്റ്റ് 4-ന് തുറമുഖ നഗരമായ ബെയ്റൂട്ടില്‍ അമോണിയം നൈട്രേറ്റിന് തീപിടിച്ചുണ്ടായ വന്‍സ്ഫോടനത്തില്‍ 220-ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതിനു പുറമേ, 7500 പേര്‍ക്ക് പരിക്കേല്‍ക്കുകയും, 300 ഓളം പേര്‍ ഭവനരഹിതരാവുകയും ചെയ്തിരിന്നു. സ്ഫോടനത്തിന്റെ കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ലെബനീസ് ജനതക്കിടയില്‍ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ ഉള്‍പ്പെടെയുള്ള കത്തോലിക്കാ സന്നദ്ധ സംഘടനകളും സ്തുത്യര്‍ഹമായ സഹായം നല്‍കിവരുന്നുണ്ട്.