News - 2024

ചരിത്രകാരനും ബഹുഭാഷ പണ്ഡിതനുമായ മോൺ. ജോർജ് കുരുക്കൂർ അന്തരിച്ചു

പ്രവാചകശബ്ദം 09-09-2024 - Monday

കോതമംഗലം രൂപത വൈദികനും ചരിത്രകാരനും ബഹുഭാഷാ പണ്ഡിതനുമായ മോൺ. ജോർജ് കുരുക്കൂർ അന്തരിച്ചു. പൂർണ്ണ ഒരുക്കത്തോടെ വിശുദ്ധ കുദാശകൾ സ്വീകരിച്ചാണ് നിത്യസമ്മാനത്തിന് യാത്രയായത്. കേരള കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ പിഒസിയിൽ അപ്പസ്തോലിക പ്രബോധനങ്ങളുടെ വിവർത്തകനായി ദീർഘകാലം സേവനമനുഷ്ഠിച്ച വ്യക്തിയാണ് അദ്ദേഹം. 2016-ൽ റവ. ഡോ. ജോർജ് കുരുക്കൂറിന് ഫ്രാൻസിസ് പാപ്പ "ചാപ്ലയിൻ ഓഫ് ഹോളി ഫാദർ" (മോൺസിഞ്ഞോർ) പദവി ആദരിച്ചിരിന്നു.

ഇരുന്നൂറ്റന്‍പതോളം പരിഭാഷകളും എട്ടു ഗ്രന്ഥങ്ങളും നൂറുകണക്കിന് ലേഖനങ്ങളും കവിതകളും കേരളത്തിന് സമ്മാനിച്ച അദ്ദേഹം കേരള സഭയിൽ ഏറെ ശ്രദ്ധ നേടി. സംസ്‌കൃതം, ലത്തീന്‍, സുറിയാനി, മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലെ അദ്ദേഹത്തിന്റെ പ്രാവീണ്യവും എഴുത്തിലുള്ള വൈദഗ്ദ്യവുമാണ് മൂന്നു പതിറ്റാണ്ട് മുന്‍പ് അദ്ദേഹത്തെ പിഒസിയിലേക്ക്, നിയമിക്കുവാൻ അന്ന് ഡയറക്ടറായിരുന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പ്രേരിപ്പിച്ചത്. പിഒസിയില്‍ വന്ന നാള്‍ മുതലുള്ള കുരുക്കൂറച്ചന്റെ അശ്രാന്തപരിശ്രമം മൂലം പ്രധാനപ്പെട്ട എല്ലാ സഭാപ്രബോധനങ്ങളും ഇന്ന് മലയാളഭാഷയില്‍ ലഭ്യമാണ്.

മൃതസംസ്‌കാര ശുശ്രൂഷ 2024 സെപ്റ്റംബർ 11 ബുധനാഴ്‌ച ഉച്ചകഴിഞ്ഞ് 2.00 ന് മാറാടി സെന്റ് ജോർജ് പള്ളിയിൽ നടത്തപ്പെടുന്നതാണ്. മൃതദേഹം സെപ്റ്റംബർ 10 ചൊവ്വാഴ്‌ച വൈകിട്ട് 6.00 മുതൽ സഹോദരൻ മാത്യു ടി ജോസഫിൻ്റെ ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്. തുടർന്ന് ബുധൻ രാവിലെ 10:00 മണിക്ക് മൃതസംസ്ക‌ാര ശുശ്രൂഷയുടെ ആദ്യഭാഗം വീട്ടിൽ ആരംഭിക്കും. 11:00 മണി മുതൽ മാറാടി സെൻ്റ് ജോർജ് പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതും ഉച്ചകഴിഞ്ഞ് 2.00 ന് മൃതസംസ്ക്കാര ശുശ്രൂഷയുടെ അവസാനഭാഗം വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്നതുമാണ്.

More Archives >>

Page 1 of 1001