News

ഇക്വഡോര്‍ ദിവ്യകാരുണ്യ കോൺഗ്രസിന്റെ ആദ്യ ദിനത്തില്‍ ഈശോയെ സ്വീകരിച്ചത് ആയിരത്തിഅറുന്നൂറോളം കുട്ടികള്‍

പ്രവാചകശബ്ദം 10-09-2024 - Tuesday

ക്വിറ്റോ: ഇക്വഡോറിലെ ക്വിറ്റോയിൽ നടന്ന 2024 ഇൻ്റർനാഷ്ണൽ ദിവ്യകാരുണ്യ കോൺഗ്രസിന്റെ ഉദ്ഘാടന ബലിയര്‍പ്പണത്തില്‍, വെള്ള വസ്ത്രങ്ങളും പരമ്പരാഗത വേഷവിധാനങ്ങളും ധരിച്ച കുട്ടികൾ ഉൾപ്പെടെ ഏകദേശം 25,000 പേർ ഞായറാഴ്ച പങ്കെടുത്തു. ചടങ്ങിനിടെ ആയിരത്തിഅറുന്നൂറോളം കുട്ടികളാണ് പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയത്. ആർച്ച് ബിഷപ്പുമാർ, വൈദികർ, സെമിനാരി വിദ്യാര്‍ത്ഥികള്‍, ഡീക്കൻമാർ, അൾത്താര ശുശ്രൂഷകര്‍ എന്നിവരോടൊപ്പം ക്വിറ്റോയിലെ ബൈസെൻ്റേനിയൽ പാർക്കില്‍ നടന്ന ബലിയര്‍പ്പണത്തില്‍ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 54 പ്രതിനിധികളും പങ്കെടുത്തു.

പ്രാദേശിക സമയം രാവിലെ 10 മണിക്ക് ഡസൻ കണക്കിന് ചുവപ്പും മഞ്ഞയും നിറഞ്ഞ പൂക്കളാൽ അലങ്കരിച്ച എൽ ക്വിഞ്ചിലെ കന്യകയുടെ ചിത്രം ഉൾക്കൊള്ളുന്ന വലിയ വേദിയിലായിരിന്നു വിശുദ്ധ കുർബാന അര്‍പ്പണം. ക്വിറ്റോയിലെ ആർച്ച് ബിഷപ്പും ഇക്വഡോറിലെ സഭയുടെ അധ്യക്ഷനുമായ ആൽഫ്രെഡോ ജോസ് എസ്പിനോസ മാറ്റ്യൂസ് വിശുദ്ധ കുര്‍ബാനയില്‍ മുഖ്യകാര്‍മ്മികനായി. ഈ ഓർമ്മ ജീവിതകാലം മുഴുവൻ ഹൃദയങ്ങളിൽ പതിഞ്ഞുകിടക്കുമെന്ന് പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയ വിദ്യാര്‍ത്ഥികളോട് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ക്വിറ്റോയിലെ സഭയുടെ 'വിശുദ്ധ കുർബാന മിഷ്ണറിമാരാണ്' നിങ്ങളെന്ന് ഉറപ്പോടെ പറയാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി കർദ്ദിനാളുമാർ, ബിഷപ്പുമാർ, വൈദികർ, സന്യസ്ത‌ർ, അല്‌മായർ തുടങ്ങി പതിനായിരങ്ങളാണ് 15 വരെ നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കുന്നത്. “സാഹോദര്യം ലോകത്തെ സൗഖ്യപ്പെടുത്തുന്നു" എന്നതാണ് ദിവ്യകാരുണ്യ കോൺഗ്രസിന്റെ പ്രമേയം. ഇക്വഡോറിനെ ഈശോയുടെ തിരുഹൃദയത്തിനു സമർപ്പിച്ചതിൻ്റെ 150-ാം വാർഷികം പ്രമാണിച്ചാണു ദിവ്യകാരുണ്യ കോൺഗ്രസ് ഇവിടെ ഒരുക്കുന്നത്.

More Archives >>

Page 1 of 1002