News - 2024
ഫ്രാന്‍സിസ് പാപ്പയുടെ നാല്പത്തിയഞ്ചാം അപ്പസ്തോലിക സന്ദർശനത്തിന് സമാപനം
പ്രവാചകശബ്ദം 13-09-2024 - Friday
സിംഗപ്പൂര്‍ സിറ്റി/ റോം: ഇന്തോനേഷ്യ, പാപ്പുവ ന്യൂഗിനി, ഈസ്റ്റ് തിമോറിലെ ദിലി, സിംഗപ്പൂർ എന്നീ ഏഷ്യ-ഓഷ്യാന പ്രദേശങ്ങളിൽ അജപാലന സന്ദർശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് പാപ്പ റോമിലേക്ക് മടങ്ങി. സെപ്റ്റംബർ 2ന് റോമിൽ നിന്നു പുറപ്പെട്ട പാപ്പ ഇന്തോനേഷ്യയിലെ ജക്കാർത്ത, പാപുവ ന്യൂഗിനിയിലെ പോർട്ട് മൊറെസ്ബി, വാനിമൊ, പൂർവ്വ തിമോറിലെ ദിലി, സിംഗപ്പൂർ എന്നിവിടങ്ങൾ വേദികളാക്കി നടത്തിയ സന്ദർശനം ഇന്നു പതിമൂന്നാം തിയതി വെള്ളിയാഴ്‌ചയാണ് സമാപിച്ചത്. സിംഗപൂര്‍ എയര്‍ലൈന്‍സിന്റെ A35-900 എന്ന വിമാനത്തിലാണ് പാപ്പ റോമിലേക്ക് മടങ്ങിയത്. പത്രോസിന്റെ പിന്‍ഗാമിയായതിന് ശേഷം ഫ്രാൻസിസ് പാപ്പ നടത്തിയ ഏറ്റവും ദൈർഘ്യമേറിയ അപ്പസ്തോലിക യാത്രയായിരുന്നു ഇത്.
വ്യോമ കരമാർഗ്ഗങ്ങളിലൂടെ 32,814 കിലോമീറ്റർ ദൂരം പാപ്പാ സഞ്ചരിച്ചു. ചെറുതും വലുതുമായി പതിനാറിലേറെ പ്രഭാഷണങ്ങൾ പാപ്പ നടത്തിയിരിന്നു. ഇന്നലെ സിംഗപ്പൂര്‍ സ്റ്റേഡിയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. സ്റ്റേഡിയ കവാടത്തിങ്കൽ കാറിൽ വന്നിറങ്ങിയ പാപ്പ ചെറിയൊരു വൈദ്യുതി കാറിലേക്കു മാറിക്കയറുകയും സ്റ്റേഡിയത്തിനുള്ളിൽ സ്ഥാനം പിടിച്ചിരുന്ന ഹോങ്കോംഗ്, വിയറ്റ്നാം, മലേഷ്യ തുടങ്ങിയ അയൽനാടുകളിൽ നിന്നുൾപ്പടെ എത്തിയിരുന്ന അമ്പതിനായിരത്തിലേറെ വരുന്ന വിശ്വാസികളെ അഭിവാദ്യം ചെയ്തുകൊണ്ട് കടന്നുപോയി. ഇടയ്ക്കിടെ പാപ്പ വാഹനം നിറുത്തി ശിശുക്കളെ ആശീർവ്വദിക്കുന്നതും അവരോട് വാത്സല്യം പ്രകടിപ്പിക്കുന്നതും വിശ്വാസികള്‍ക്ക് ആഹ്ളാദം പകര്‍ന്നു.
വിവിധ രാജ്യങ്ങളില്‍ മാർപാപ്പ നടത്തിയ സന്ദർശനങ്ങളില്‍ പൊതു ബലിയര്‍പ്പണം നടന്നിരിന്നു. നാല് രാജ്യങ്ങളിലുമായി ലക്ഷങ്ങളാണ് ബലിയര്‍പ്പണത്തില്‍ പങ്കെടുത്തത്. ഇതില്‍ ഏറ്റവും അധികം ശ്രദ്ധ നേടിയത് പാപ്പ കിഴക്കൻ തിമോറിൽ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയായിരിന്നു. രാജ്യത്തെ ആകെ ജനസംഖ്യയുടെ പകുതിയോളം ആളുകൾ പാപ്പയുടെ ബലിയര്‍പ്പണത്തില്‍ പങ്കെടുക്കാന്‍ എത്തിയിരിന്നു. ഏകദേശം 6,00,000 വിശ്വാസികളാണ് വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ പങ്കെടുത്തത്.