India - 2024

എറണാകുളം - അങ്കമാലി അതിരൂപതാംഗങ്ങൾ ജാഗ്രത പുലർത്തണമെന്ന്‍ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ

പ്രവാചകശബ്ദം 19-10-2024 - Saturday

കൊച്ചി: മാർപാപ്പയുടെ കീഴിൽ പുതിയ സഭ രൂപീകരിക്കുമെന്നു പറഞ്ഞ് ചില വ്യക്തികൾ നടത്തുന്ന തെറ്റായ പ്രചാരണത്തിനെതിരേ എറണാകുളം-അങ്കമാലി അതിരൂപതാംഗങ്ങൾ ജാഗ്രത പുലർത്തണമെന്ന് അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ ആവശ്യപ്പെട്ടു. സീറോമലബാർ സഭയുടെ മെത്രാൻ സിനഡ് തീരുമാനിച്ചതും പരിശുദ്ധ സിംഹാസനം അംഗീകരിച്ചതും ഫ്രാൻസിസ് മാർപാപ്പ നടപ്പിലാക്കാൻ ആഹ്വാനം ചെയ്ത‌തുമായ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതിക്കെതിരേ നിരന്തരമായ എതിർപ്പും പ്രതിഷേധവും തടസപ്പെടുത്തലും തുടർന്നുകൊണ്ട് ഇത്തരം പ്രചാരണം ചിലർ നടത്തുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.

സഭാസംവിധാനങ്ങളെ വെല്ലുവിളിച്ചും അനുസരണക്കേടിനെ ന്യായീകരിച്ചും വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചും നടത്തുന്ന പ്രചാരണങ്ങൾ അവസാനിപ്പിക്കണം. ഏകീകൃതരീതിയിലുള്ള കുർബാനയർപ്പണം നടപ്പിലാക്കാതെ അനുസരണക്കേടിൽ തുടരുന്നവർ ഒരുമിച്ചുകൂടി മാർപാപ്പയുടെ കീഴിൽ ഒരു സ്വതന്ത്ര സഭയായി നിൽക്കാൻ നടപടികൾ സ്വീകരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ പ്രചാരണം. മാർപാപ്പ പറഞ്ഞത് അനുസരിക്കാത്തവരെ എങ്ങനെയാണ് കത്തോലിക്കാ സഭയിൽ ഒരു പ്രത്യേക സഭയായി മാർപാപ്പ അംഗീകരിക്കുന്നത്.

മാർപാപ്പയുടെ പിതൃസഹജമായ ആവർത്തിച്ചുള്ള ആഹ്വാനത്തെ തള്ളിക്കളയുന്നതിനും വാക്കുകൾ വളച്ചൊടിക്കുന്നതിനും അദ്ദേഹത്തിന്റെ പ്രതിനിധികളെ അപമാ നിക്കുന്നതിനും നേത്യത്വം നൽകുന്നവരാണ് പുതിയ സഭയുടെ സാധ്യതകൾ പ്രചരിപ്പിക്കുന്നത്. ഏകീകൃതരീതിയിൽ കുർബാനയർപ്പിക്കുന്നതിനെതിരേ നടത്തുന്ന സമരപരിപാടികൾ മാർപാപ്പയുടെ അധികാരത്തിനെതിരേകൂടി നടത്തുന്ന പ്രതിഷേധമാണ് എന്ന് അതിരൂപതാംഗങ്ങൾ തിരിച്ചറിയുകയും സമരമാർഗത്തിൽനിന്നു പിന്തിരിയുകയും ചെയ്യേണ്ടതാണ്. മാർപാപ്പയോടും സീറോമലബാർ മെത്രാൻ സിനഡിനോടും മേജർ ആർച്ച്ബിഷപ്പിനോടും ചേർന്നുനിന്നുകൊണ്ട് സഭാകൂട്ടായ്‌മയെ ശക്തിപ്പെടുത്താൻ എല്ലാവരും പരിശ്രമിക്കണമെന്നും മാർ ബോസ്കോ പുത്തൂർ ഓർമിപ്പിച്ചു.

അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്ററുടെ കുറിപ്പിന്റെ സമാപനത്തില്‍ മാര്‍പാപ്പ വീഡിയോ സന്ദേശത്തില്‍ അതിരൂപതയ്ക്കു നല്‍കിയ ആഹ്വാനവും ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.

"കൂട്ടായ്‌മയുടെ മാത്യകകളും നല്ല അധ്യാപകരും ആയിരിക്കേണ്ട ചിലർ, പ്രത്യേകിച്ചു വൈദികർ, സിനഡിൻ്റെ തീരുമാനങ്ങളെ അനു സരിക്കാതിരിക്കാനും എതിർക്കാനും വർഷങ്ങളായി നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്ന് എനിക്കറിയാം. സഹോദരീസഹോദരന്മാരേ, നിങ്ങൾ അവരെ പിന്തുടരരുത്! ... എല്ലാ സഹോദരീസഹോദരന്മാരെയും വിശ്വാസത്തിലും സഭൈക്യത്തിലും ഉറപ്പിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന പത്രോസിന്റെ പിൻഗാമിയുമായും നിങ്ങളുടെ ഇടയന്മാരുമായും നിങ്ങൾ സഹകരിക്കാത്തതുകാരണം നിങ്ങളുടെ ചുമതലപ്പെട്ട സഭാധികാരികൾ നിങ്ങൾ സഭയ്ക്കു പുറത്തുപോകുന്നതു സാക്ഷ്യപ്പെടുത്തുന്ന നിർബന്ധിത സാഹചര്യം സൃഷ്ടിക്കാതിരിക്കുക. ഉചിതമായ ശിക്ഷണനടപടികൾ, അത്യധികം വേദനയോടെയാണെങ്കിലും, എടുക്കേണ്ടതായിവരും".

(2023 ഡിസംബർ ഏഴിന് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നല്‌കിയ വീഡിയോസന്ദേശത്തിൽ നിന്ന്)

More Archives >>

Page 1 of 606