News
ഭ്രൂണഹത്യ കേന്ദ്രങ്ങൾക്ക് മുന്നിൽ ജപമാല പ്രാര്‍ത്ഥനയുമായി പ്രോലൈഫ് സംഘടന
പ്രവാചകശബ്ദം 21-10-2024 - Monday
ബൊഗോട്ട: കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയില്‍ സ്ഥിതി ചെയ്യുന്ന രണ്ട് ഭ്രൂണഹത്യ കേന്ദ്രങ്ങൾക്ക് മുന്നിൽ ജപമാല പ്രാര്‍ത്ഥനയുമായി പ്രോലൈഫ് സംഘടന. ഇക്കഴിഞ്ഞ ശനിയാഴ്ച "40 ഡേയ്‌സ് ഫോർ ലൈഫ്" സംഘടനയുടെ അംഗങ്ങളാണ് ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ട ദൈവമാതാവിന്റെ രൂപം ഭ്രൂണഹത്യ കേന്ദ്രത്തിനുമുന്നില്‍വെച്ച് ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചത്. പോർച്ചുഗലിലെ ഫാത്തിമ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്ന് എത്തിയ തീര്‍ത്ഥാടക സംഘവും പ്രോലൈഫ് പ്രവര്‍ത്തകരും സംയുക്തമായാണ് ജപമാലയ്ക്കു നേതൃത്വം നല്‍കിയത്.
ട്യൂസാക്വില്ലോ നഗരത്തിലെ ഓറിയൻ്റാം, പ്രൊഫമിലിയ എന്നീ ഭ്രൂണഹത്യ കേന്ദ്രങ്ങള്‍ക്കു മുന്നില്‍ നടന്ന പ്രാര്‍ത്ഥനയില്‍ നാല്‍പ്പതോളം ആളുകള്‍ പങ്കെടുത്തു. ഇക്കഴിഞ്ഞ സെപ്തംബർ 28 ന് ഭ്രൂണഹത്യ കേന്ദ്രത്തിനു മുന്നില്‍ സമാധാനപരമായി പ്രാർത്ഥിച്ചവരെ ഒരു കൂട്ടം ഫെമിനിസ്റ്റുകൾ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തിരിന്നു. ഇവിടെ തന്നെയാണ് ജപമാലയുമായി പ്രോലൈഫ് പ്രവര്‍ത്തകര്‍ വീണ്ടും ഒരുമിച്ചു കൂടിയത്. കൊളംബിയൻ തലസ്ഥാനത്ത് എല്ലാ ദിവസവും ജീവന്റെ സംരക്ഷണത്തിന് വേണ്ടി 12 മണിക്കൂർ പ്രാർത്ഥ കൂട്ടായ്മകള്‍ ഒരുക്കുന്നുണ്ടെന്ന് പ്രയര്‍ കോർഡിനേറ്റർ കാർമെൻ അമൻഡ മോണ്ടെലെഗ്രെ പറഞ്ഞു.
ഗർഭസ്ഥശിശുക്കള്‍ക്കു വേണ്ടി ദൈവമാതാവിനോട് മാധ്യസ്ഥ്യം വഹിക്കുന്നത് തുടരുമെന്നും അവര്‍ വെളിപ്പെടുത്തി. നിയമപരവും രഹസ്യാത്മകവുമായ വിധത്തില്‍ ഭ്രൂണഹത്യ നടത്തുന്ന മുപ്പതിലധികം സ്ഥലങ്ങൾ ട്യൂസാക്വില്ലോയിലുണ്ട്. 2007-ൽ അമേരിക്കയിലാണ് ഗർഭസ്ഥ ശിശുക്കൾക്കും ഭ്രൂണഹത്യ അവസാനിപ്പിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കുക എന്ന ലക്ഷ്യത്തോടെ 40 ഡേയ്‌സ് ഫോർ ലൈഫ് സംഘടന സ്ഥാപിതമായത്. 63 രാജ്യങ്ങളിലായി ആയിരത്തിലധികം നഗരങ്ങളിൽ സംഘടന പ്രവര്‍ത്തനനിരതരാണ്. പ്രധാനമായും എല്ലാ വർഷവും രണ്ട് പ്രാർത്ഥനാ ക്യാംപെയിനുകളാണ് സംഘടന സംഘടിപ്പിക്കുന്നത്.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟