News - 2024

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ഇറാഖിലെ ക്രൈസ്തവര്‍ക്കു പ്രതീക്ഷയുണ്ടെന്ന് കല്‍ദായ ബിഷപ്പ്

പ്രവാചകശബ്ദം 12-11-2024 - Tuesday

ഇര്‍ബില്‍ (ഇറാഖ്): പുതിയ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് മധ്യപൂര്‍വ്വേഷ്യന്‍ മേഖലയിലെ സമാധാനത്തിനുള്ള ശ്രമങ്ങളെ നല്ല രീതിയിൽ സ്വാധീനിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് ഇർബിലിലെ കൽദായ ആർച്ച് ബിഷപ്പ് ബാഷർ വർദ. ക്രൈസ്തവര്‍ അവരുടെ മാതൃരാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും ആഘാതം അനുഭവിക്കുകയാണെന്നും സമാധാനം, സമൃദ്ധി, രാഷ്ട്രനിർമാണം എന്നിവയില്‍ തങ്ങളുടെ ഭാവി അധിഷ്‌ഠിതമാണെന്ന് അവർ വിശ്വസിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018 ഡിസംബറിൽ ട്രംപുമായി മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവരുടെ അവസ്ഥ വിവരിച്ച് കൂടിക്കാഴ്ച നടത്തിയ വ്യക്തി കൂടിയാണ് ആർച്ച് ബിഷപ്പ് ബാഷർ.

ലോകമെമ്പാടുമുള്ള ആളുകൾ ഇപ്പോൾ തങ്ങളുടെ കണ്ണുകൾ വാഷിംഗ്ടൺ ഡിസിയിൽ ഉറപ്പിച്ചിരിക്കുകയാണെന്നു ബിഷപ്പ് ചൂണ്ടിക്കാട്ടി. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുമെന്ന തൻ്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിയുക്ത പ്രസിഡൻ്റ് നിറവേറ്റുമോ എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അമേരിക്കൻ ഭരണകൂടം സമാധാനത്തെ പിന്തുണയ്ക്കുന്നതിനും ഇറാഖിലെ ഈ പുരാതന സമൂഹങ്ങൾക്ക് സ്ഥിരത ഉറപ്പുനൽകുന്നതിനും പ്രത്യേകിച്ച് ക്രൈസ്തവര്‍ താരതമ്യേന സാന്നിധ്യമുള്ള പ്രദേശങ്ങളിൽ അവരുടെ സ്ഥിരതയും അഭിവൃദ്ധിയും ഉറപ്പാക്കാൻ പ്രാദേശിക സർക്കാരുകളുമായി സഹകരിക്കുന്നതിനും അമേരിക്കൻ ഭരണകൂടം ഇടപെടുമെന്ന് ഇറാഖി ക്രൈസ്തവര്‍ പ്രതീക്ഷിക്കുകയാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ക്ക് വേണ്ടി നിരവധി തവണ സ്വരമുയര്‍ത്തിയ വ്യക്തിയാണ് ഡൊണാള്‍ഡ് ട്രംപ്. മധ്യപൂര്‍വ്വേഷ്യയില്‍ ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നു 2020-ല്‍ അമേരിക്കന്‍ പ്രസിഡന്‍റായിരിക്കെ ട്രംപ് പറഞ്ഞിരിന്നു. മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ക്ക് വേണ്ടി നിരവധി ഇടപെടലുകള്‍ അദ്ദേഹം നടത്തിയിരിന്നു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?

More Archives >>

Page 1 of 1020