News - 2025

സിറിയയില്‍ പുതിയ ഭരണഘടന തയ്യാറാക്കുന്നതിനുള്ള ഏഴംഗ കമ്മിറ്റിയില്‍ ക്രൈസ്തവ വനിതയും

പ്രവാചകശബ്ദം 15-02-2025 - Saturday

ഡമാസ്‌കസ്: കഴിഞ്ഞ വർഷം ഡിസംബറിൽ ഭരണകൂട അട്ടിമറി നടന്ന സിറിയയില്‍ പുതിയ ഭരണഘടന തയ്യാറാക്കുന്നതിനു ചുമതലപ്പെടുത്തിയ കമ്മിറ്റിയിലെ അംഗങ്ങളില്‍ ക്രൈസ്തവ വനിതയും. രാജ്യത്തിന്റെ ഘടന നിർവചിക്കുന്നതിനുള്ള നാഷണൽ കോൺഫറൻസ് ഓഫ് സിറിയയ്ക്കു വേണ്ടി പ്രത്യേകം ചുമതലപ്പെടുത്തിയ ഏഴംഗ കമ്മിറ്റിയില്‍ അഞ്ച് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണുള്ളത്. ഇതില്‍ ഏക ക്രൈസ്തവ വിശ്വാസി ഹിന്ദ് അബൗദ് കബാവത്താണ്. ഇടക്കാല പ്രസിഡൻ്റ് അഹ്മദ് അൽ-ഷറയാണ് സമിതിയിലെ ഏഴ് അംഗങ്ങളെ തിരഞ്ഞെടുത്തത്.

ഗ്രീക്ക് കത്തോലിക്ക - ഗ്രീക്ക് ഓർത്തഡോക്സ് ദമ്പതികളുടെ മകളാണ് ഹിന്ദ് അബൗദ്. സമീപ വർഷങ്ങളിൽ സംഘർഷങ്ങളും അതിക്രമങ്ങളും മൂലം തകർന്ന സിറിയയിലെ മതാന്തര സംവാദം, മധ്യസ്ഥത, സമാധാനം, സ്ത്രീകളുടെ ഉന്നമനം എന്നിവയ്ക്കു വേണ്ടി ഹിന്ദ് നിരന്തരമായ ഇടപെടലുകള്‍ നടത്തിയിരിന്നു. ജോർജ്ജ് മേസൺ യൂണിവേഴ്‌സിറ്റിയിലെ (വിർജീനിയ) പ്രൊഫസർ, ഡിപ്ലോമസി ആൻഡ് കോൺഫ്ലിക്റ്റ് റെസൊല്യൂഷനിലെ (സിആർഡിസി) ഇൻ്റർഫെയ്ത്ത് പീസ് ബിൽഡിംഗ് പ്രോഗ്രാമിൻ്റെ അധ്യക്ഷ, സിറിയൻ നെഗോഷ്യേഷൻ ജനീവ ഓഫീസ് ഡെപ്യൂട്ടി മേധാവി എന്നീ നിലകളില്‍ സേവനം ചെയ്ത ഹിന്ദ് അബൗദ് കത്തോലിക്ക വിശ്വാസി കൂടിയാണ്.

കഴിഞ്ഞ ഡിസംബര്‍ ആദ്യവാരത്തിലാണ് അന്‍പത് കൊല്ലം നീണ്ട അസദ് കുടുംബത്തിന്‍റെ വാഴ്‌ച അവസാനിപ്പിച്ച് ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹയാത്ത് താഹിര്‍ അല്‍-ഷാം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. വിമതര്‍ തീവ്ര ഇസ്ലാമിക നിലപാടുള്ളവര്‍ ആയതിനാല്‍ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ആശങ്ക ശക്തമാണ്. ഇതിനിടെ ഭരണഘടനയിലേക്കും തിരഞ്ഞെടുപ്പിലേക്കും രാഷ്ട്രീയ പാതയൊരുക്കാൻ സഹായിക്കേണ്ട പ്രത്യേക കമ്മിറ്റിയിൽ ഹിന്ദ് കബാവത്തിനെ ഉൾപ്പെടുത്തിയതിനെ പ്രാദേശിക ക്രൈസ്തവ സമൂഹം പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »