India

മാർ ജോസഫ് പവ്വത്തില്‍ രണ്ടാം ചരമവാർഷിക അനുസ്‌മരണം നടന്നു

പ്രവാചകശബ്ദം 19-03-2025 - Wednesday

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ രണ്ടാം ചരമവാർഷിക അനുസ്‌മരണം അദ്ദേഹത്തിന്റെ കബറിടം സ്ഥിതി ചെയ്യുന്ന സെന്ററ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിലെ മർത്ത്‌മറിയം കബറിട പള്ളിയിൽ നടന്നു. പുഷ്‌പാലംകൃതമായ കബറിടത്തിങ്കൽ നുറു കണക്കിനാളുകൾ പ്രാർത്ഥനയ്ക്കെത്തി. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം വിശുദ്ധകുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു. ഷംഷാബാദ് രൂപത സഹായമെത്രാൻ മാർ തോമസ് പാടിയത്ത് സന്ദേശം നൽകി.

ആരാധനാക്രമത്തിലും വിശുദ്ധ പാരമ്പര്യങ്ങളിലും ആഴമായ അവബോധത്തോടെ വിശ്വാസി സമൂഹത്തിന് ഉൾക്കാഴ്‌ച പകർന്ന സഭാപിതാവാണ് മാർ ജോസഫ് പവ്വത്തിലെന്ന് മാർ തോമസ് പാടിയത്ത് പറഞ്ഞു. സഭയെ ജീവനെപ്പോലെ സ്നേഹിച്ച പവ്വത്തിൽ പിതാവ് സഭയ്ക്ക് കർമനിരതമായ ദി ശാബോധം പകർന്ന പ്രവാചകശബ്ദമായിരുന്നു. അദ്ദേഹത്തിന്റെ നിലപാടുകളും പ്രബോധനങ്ങളും സഭയ്ക്ക് എന്നും കരുത്തും ശക്തിയുമാണെന്നും മാർ തോമസ് പാടിയത്ത് കുട്ടിച്ചേർത്തു.

ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരി, ബിഷപ്പ് മാർ ജോർജ് രാജേന്ദ്രൻ, വികാരി ജനറാൾമാരായ മോൺ. ആൻ്റണി എത്തയ്ക്കാട്ട്, മോൺ. മാത്യു ചങ്ങങ്കരി, മോൺ. സ്കറിയ കന്യാക്കോണിൽ, മെത്രാപ്പോലീത്തൻപള്ളി വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ എന്നിവർ വിശുദ്ധ കുർബാനയ്ക്കും അനുസ്‌മരണ ശുശ്രൂഷകൾക്കും സഹകാർമികരായിരുന്നു. വിവിധ ഇടവകകളിൽനിന്നുള്ള വൈദികർ, സന്യസ്‌തർ, അല്‌മായ പ്രതിനിധികൾ തുടങ്ങിയ വിശ്വാസി സമൂഹം അനുസ്‌മരണാ ശുശ്രൂഷകളിൽ പങ്കെടുത്തു.

More Archives >>

Page 1 of 629