India - 2025

വനം വകുപ്പിന്റെ നടപടികൾ തിരുത്താൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം: കെസിബിസി ജാഗ്രത കമ്മീഷൻ

പ്രവാചകശബ്ദം 23-03-2025 - Sunday

കൊച്ചി: പൊതുജന സമരങ്ങൾക്കെതിരായുള്ള വനം വകുപ്പിന്റെ നടപടികൾ തിരുത്താൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ. പൗരന്മാരുടെ നിയമപരമായ അവകാശങ്ങൾക്കെതിരായുള്ള വനം വകുപ്പിന്റെ നിലപാടുകളും പ്രവർത്തനങ്ങളും അടിയന്തരമായി തിരുത്താൻ സർക്കാർ തയ്യാറാകേണ്ടതുണ്ട്. കേരളത്തിൽ പലയിടങ്ങളിലും പൊതുജനങ്ങളുടെ സുരക്ഷിതമായ ജീവനും മാന്യമായ ജീവിതത്തിനും നിയമാധിഷ്ഠിതമായ സ്വത്തിനും എതിരായുള്ള വനംവകുപ്പിന്റെ അന്യായവും അനിയന്ത്രിതവുമായ നടപടികളുടെ ഒടുവിലത്തെ ഉദാഹരണമാണ് ബിഷപ്പ് ജോർജ് പുന്നക്കോട്ടിലും ബഹുമാന്യരായ ജനപ്രതിനിധികളും ഉൾപ്പെടെയുള്ള വ്യക്തികൾക്ക് എതിരായിട്ടുള്ള കേസുകളെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ ചൂണ്ടിക്കാട്ടി.

പൊതുജനവിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുവാൻ ഈ വകുപ്പിനെ ഇനിയും അനുവദിക്കരുത്. സ്ഥലവാസികളായ പൊതുജനങ്ങളെ ശ്രവിക്കുകയോ, വന്യമൃഗങ്ങളിൽ നിന്നുൾപ്പെടെയുള്ള ജനങ്ങളുടെ ദുരിതങ്ങളിൽ ക്രിയാത്മകമായി ഇടപ്പെടുകയോ ചെയ്യാതെ പൊതുജനവേട്ട നടത്തുന്ന സമീപനമല്ല വനംവകുപ്പ് സ്വീകരിക്കേണ്ടത്. വനം-വന്യ ജീവി നിയമങ്ങളുടെ നടപ്പാക്കൽ എന്ന പേരിൽ അധികാര ദുർവിനിയോഗം ചെയ്യുന്ന ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതാണ്.

ആലുവ-മൂന്നാർ രാജപാതയിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള പൊതുജനമുന്നേറ്റ യാത്രയിൽ പങ്കെടുത്തതിന്റെ പേരിലും, വനംവകുപ്പിന്റെ കടന്നുകയറ്റങ്ങൾക്കെതിരായും സംഘടിപ്പിക്കപ്പെട്ട സമാനമായ എല്ലാ ജനകീയ പ്രതിഷേധസമരങ്ങൾക്കുമെതിരെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വനംവകുപ്പ് എടുത്തിരിക്കുന്ന മുഴുവൻ കേസുകളും പിൻവലിക്കാനും ഞങ്ങൾ സർക്കാറിനോട് അഭ്യർത്ഥിക്കുന്നു. വനംവകുപ്പ് പൊതുജനവിരുദ്ധ വകുപ്പാകാതിരിക്കാനുള്ള നടപടികളും ജാഗ്രതയും സർക്കാർ പുലർത്തേണ്ടതുമാണെന്നും കെസിബിസി ജാഗ്രത കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്, വൈസ് ചെയർമാൻമാരായ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ , ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, ജാഗ്രത കമ്മീഷൻ സെക്രട്ടറി

ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI എന്നിവര്‍ പ്രസ്താവിച്ചു.

More Archives >>

Page 1 of 630