India - 2025

കള്ളക്കേസുകൾ പിൻവലിച്ചില്ലെങ്കിൽ ജനങ്ങൾക്കൊപ്പം രാജപാതയിലൂടെ നടക്കും: മാർ മഠത്തിക്കണ്ടത്തിൽ

പ്രവാചകശബ്ദം 27-03-2025 - Thursday

കോതമംഗലം: മാർ ജോർജ് പുന്നക്കോട്ടിൽ പിതാവുൾപ്പെടെയുള്ളവർക്കെതിരേ വനംവകുപ്പ് രജിസ്റ്റർ ചെയ്‌ത കള്ളക്കേസുകൾ പിൻവലിച്ചില്ലെങ്കിൽ ജനങ്ങൾക്കൊപ്പം താനും രാജപാതയിലൂടെ നടക്കുമെന്ന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. മാർ പുന്നക്കോട്ടിലിനും ജനപ്രതിനിധികൾക്കുമെതിരേ വനംവകുപ്പും പോലീസും രജിസ്റ്റർ ചെയ്ത‌ കള്ളക്കേസുകൾ പിൻവലിക്കണമെന്നും രാജപാത ജനങ്ങൾക്ക് തുറന്നുനൽകണമെന്നും ആവശ്യപ്പെട്ട് കോതമംഗലം രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധാഗ്‌നി റാലിയുടെ സമാപനസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വനംവകുപ്പ് അവകാശലംഘനവും ക്രൂരതയും തുടർന്നാൽ പുന്നക്കോട്ടിൽ പിതാവ് പണ്ട് വാഹനത്തിൽ യാത്ര ചെയ്യുകയും പ്രതിഷേധയാത്രയിൽ പങ്കെടുത്തു നടക്കു കയും ചെയ്ത വഴിയിലൂടെ താനും നടക്കും. വേണ്ടിവന്നാൽ ജയിൽവാസം ഉൾപ്പെടെ അതിന്റെ പേരിലുള്ള എന്തു പ്രത്യാഘാതവും നേരിടാൻ തയാറാണ്. 89 കാരനായ പിതാവ് ഒരിക്കലും തനിച്ചാകില്ല. രൂപതയും വിശ്വാസിസമൂഹവും താനും ഒറ്റക്കെട്ടായി കൂടെയുണ്ടാകും. അത് അറസ്റ്റ് വരിക്കാനാണെങ്കിലും ജയിലിലേക്കാണെങ്കിലും പിന്മാറില്ല-മാർ മഠത്തിക്കണ്ടത്തിൽ വ്യക്തമാക്കി.

കോതമംഗലത്തു നടത്തിയ പ്രതിഷേധാഗ്‌നിയിൽ ആയിരങ്ങൾ ആവേശപൂർവം പങ്കെടുത്തു. കോതമംഗലം രൂപതയുടെ നേതൃത്വത്തിലാണ് പന്തംകൊളുത്തി പ്രകടനവും സമ്മേളനവും നടത്തിയത്. ചെറിയപള്ളി താഴത്തുനിന്ന് തുടങ്ങിയ പ്രകടനം ഗാന്ധി സ്ക്വയറിനു സമീപം സമാപിച്ചു. കോതമംഗലം രൂപതയുടെ വിവിധ പ്രദേശങ്ങളിൽനിന്നായി വൈദികരും സ ന്യസ്തരും വിശ്വാസികളും ഉൾപ്പെടെയുള്ളവർ കത്തിച്ച പന്തങ്ങളും മുദ്രാവാക്യം വിളികളുമായി അണിനിരന്നു. പ്രതിഷേധാഗ്‌നി കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. രൂപത വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടം, ആന്റണി ജോൺ എംഎൽഎ, അഡ്വ. എ.ജെ. ദേവസ്യ, ഫാ. റോബിൻ പടിഞ്ഞാറേക്കുറ്റ്, സിജുമോൻ കെ. ഫ്രാൻസിസ്, ഫാ. അരുൺ വലിയതാഴത്ത്, റവ.ഡോ. തോമസ് ജെ. പറയിടം എന്നിവർ പ്രസംഗിച്ചു.

More Archives >>

Page 1 of 630