News

ഫ്രാന്‍സിസ് പാപ്പയെ അവസാനമായി ഒരുനോക്ക് കാണുവാന്‍ രാത്രിയിലും പതിനായിരങ്ങള്‍

പ്രവാചകശബ്ദം 24-04-2025 - Thursday

വത്തിക്കാന്‍ സിറ്റി: ദിവംഗതനായ ഫ്രാന്‍സിസ് പാപ്പയുടെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചിരിക്കുന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് ആയിരങ്ങളുടെ ഒഴുക്ക്. ഇന്നലെ രാവിലെ പൊതുദർശനത്തിനുവെച്ചതോടെ വന്‍ ജനപ്രവാഹം ആരംഭിക്കുകയായിരിന്നു. ലോകമെമ്പാടു നിന്നും ഇന്നലെ മാത്രം 48,600 വിശ്വാസികൾ ഫ്രാൻസിസ് മാർപാപ്പയ്ക്കു ആദരാജ്ഞലി അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. ഇന്നലെ ബുധനാഴ്ച രാവിലെ സാന്താ മാർത്തയിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പയുടെ മൃതശരീരം ബസിലിക്കയിലേക്ക് മാറ്റിയപ്പോള്‍ മുതല്‍ ആദരാഞ്ജലി അർപ്പിക്കാൻ കൂട്ടത്തോടെ ആളുകള്‍ എത്തിക്കൊണ്ടിരിന്നതിനാല്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക രാത്രി മുഴുവൻ തുറന്നിടുകയായിരിന്നു.

അർദ്ധരാത്രിയിൽ ബസിലിക്ക അടയ്ക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും, ജനപ്രവാഹം തുടര്‍ന്നതോടെ ഇന്നു രാവിലെ 5:30 വരെ തുറന്നിരുന്നു. ബസിലിക്ക വൃത്തിയാക്കുന്നതിനായി ഒന്നര മണിക്കൂര്‍ അടച്ചുവെങ്കിലും പ്രാദേശിക സമയം രാവിലെ 7 മണിയ്ക്കു പൊതുദര്‍ശനം പുനരാരംഭിച്ചു. ഇന്നലെ രാവിലെ 11:00 മുതൽ ഇന്നു രാവിലെ വരെ, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പയുടെ മൃതദേഹത്തിനരികെ 48,600 പേർ ആദരാഞ്ജലി അർപ്പിച്ചുവെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ നൂറുകണക്കിന് ആളുകൾ അഞ്ച് മണിക്കൂറിലധികം ക്യൂവിൽ കാത്തുനിന്നുവെന്ന് ഇ‌ഡബ്ല്യു‌ടി‌എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.



നാളെ വെള്ളിയാഴ്ച രാത്രി 7 വരെയാണ് വത്തിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന പൊതുദര്‍ശന സമയം. മൃതസംസ്കാര ചടങ്ങിനുള്ള ഒരുക്കമായി നാളെ രാത്രി എട്ടുമണിയോടെ കാമർലെംഗോ കര്‍ദ്ദിനാള്‍ കെവിൻ ഫാരെല്‍ പെട്ടി അടയ്ക്കും. ശനിയാഴ്ച ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ മൃതസംസ്കാര ദിവ്യബലി ആരംഭിക്കും. കർദ്ദിനാൾ സംഘത്തിൻറെ തലവൻ കർദ്ദിനാൾ ഡീൻ ജിയോവാനി ബാറ്റിസ്റ്റയാണ് മൃതസംസ്കാര കര്‍മ്മങ്ങളുടെ മുഖ്യകാര്‍മ്മികന്‍.


Related Articles »