India - 2025
'ക്രൈസ്തവ ജീവനക്കാരെ മാത്രം' ലക്ഷ്യംവെച്ചുള്ള വിവാദ ഉത്തരവ് പിൻവലിച്ചു; പ്രതിഷേധത്തിന് ഒടുവില്‍ റിപ്പോര്‍ട്ട് തേടിയവര്‍ക്ക് സസ്പെന്‍ഷന്‍
പ്രവാചകശബ്ദം 24-04-2025 - Thursday
തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസികളായ ആദായ നികുതി അടയ്ക്കാത്ത ജീവനക്കാരുടെ റിപ്പോർട്ട് ചോദിച്ച അരീക്കോട് ഉപജില്ലാ വിഭ്യാഭ്യാസ ഓഫിസറുടെ വിചിത്ര ഉത്തരവ് പിൻവലിച്ചു. ശക്തമായി ഉയര്‍ന്ന പ്രതിഷേധത്തിന് ഒടുവില്‍ ക്രൈസ്തവരെ അകാരണമായി ലക്ഷ്യംവെച്ചു റിപ്പോര്‍ട്ട് തേടിയ നാലുപേരെ സസ്പെൻഡ് ചെയ്തു. അരിക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധിക ചുമതല വഹിച്ചിരുന്ന സീനിയർ സൂപ്രണ്ട് ഷാഹിന എ.കെ, പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ കാര്യാലയത്തിലെ അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് മനോജ് പി.കെ, ജൂനിയർ സൂപ്രണ്ട് അപ്‌സര, മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്‌ടറുടെ അധിക ചുമതല വഹിക്കുന്ന മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഗീതാകുമാരി എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്.
ഏപ്രിൽ 22ന് എല്ലാ സർക്കാർ, എയ്‌ഡഡ്, അൺഎയ്‌ഡഡ് പ്രധാന അധ്യാപകർക്കാണ് ഉപജില്ലാ വിഭ്യാഭ്യാസ ഓഫിസർ കത്തയച്ചത്. 'താങ്കളുടെ സ്‌കുളിൽനിന്നു സർക്കാർ ശമ്പളം വാങ്ങുന്ന ക്രിസ്‌തുമത വിശ്വാസികളായ ആദായനികുതി അടയ്ക്കാത്ത ജീവനക്കാർ ഉണ്ടെങ്കിൽ റിപ്പോർട്ട് രണ്ടു ദിവസത്തിനുള്ളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിൽ ലഭ്യമാക്കണം' എന്നാണ് കത്തിൽ പറഞ്ഞിരുന്നത്. സംഭവം വിവാദമായതിനു പിന്നാലെ പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ നിർദേശപ്രകാരം മലപ്പുറം ഡിഡിഇ ഉത്തരവ് പിൻവലിക്കുകയായിരുന്നു.
അരീക്കോട് ഉപജില്ലാ വിദ്യഭ്യാസ ഓഫീസർ ഇറക്കിയിരിക്കുന്ന സർക്കുലറിനെതിരെ കെസിബിസിയും പ്രതിപക്ഷവും രംഗത്ത് വന്നിരിന്നു. ക്രൈസ്‌തവ മാനേജ്‌മെൻ്റുകളുടെ കീഴിലുള്ള എയ്‌ഡഡ് സ്‌കൂളുകളിലെ ജീ വനക്കാർ നികുതിയടയ്ക്കുന്നില്ലെന്ന വ്യാജ പരാതിയുമായി ബന്ധപ്പെട്ട് അരീക്കോട് ഉപജില്ലാ വിദ്യഭ്യാസ ഓഫീസർ ഇറക്കിയിരിക്കുന്ന സർക്കുലർ ഉടനടി പിൻവലിച്ച് ക്രൈസ്തവ സമൂഹത്തോട് മാപ്പുപറയണമെന്നും ഉത്തരവാദിത്വരഹിതമായി ഇടപെട്ട ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെനന്നും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ആൻ്റണി വക്കോ അറയ്ക്കൽ ഇന്നലെ ആവശ്യപ്പെട്ടിരിന്നു. സാമാന്യബുദ്ധി ഉള്ളവർ ആരെങ്കിലും ഇത്തരത്തിൽ ഉത്തരവ് ഇറക്കുമോ എന്നാണു പ്രതിപക്ഷ നേതാവ് ചോദിച്ചത്.
