News - 2025
ഇനി പ്രാര്‍ത്ഥനയുടെ ദിവസങ്ങള്‍; 267-ാമത് മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് മെയ് 7ന് ആരംഭിക്കും
പ്രവാചകശബ്ദം 28-04-2025 - Monday
വത്തിക്കാന്‍ സിറ്റി: പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവ് മെയ് ഏഴിന് ആരംഭിക്കാന്‍ കർദ്ദിനാളുമാരുടെ ജനറൽ കോൺഗ്രിഗേഷന്‍ യോഗം തീരുമാനമെടുത്തു. വിശുദ്ധ പത്രോസിന്റെ അടുത്ത പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരുക്കങ്ങൾ കർദ്ദിനാൾ കോളേജ് തുടരുന്നതിനിടെയാണ് ഇന്ന് രാവിലെ വത്തിക്കാനിൽ നിർണായക യോഗത്തില്‍ തീയതി തീരുമാനിച്ചത്. ആഗോള കത്തോലിക്ക സഭയുടെ 267-ാമത് മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവിനാണ് മെയ് ഏഴിന് സിസ്റ്റൈന്‍ ചാപ്പലില്‍ തുടക്കമാകുക.
80 വയസ്സിന് താഴെയുള്ള 134 കർദ്ദിനാൾമാരിൽ ഭൂരിഭാഗം പേരും ഇതിനകം റോമിൽ എത്തിയിട്ടുണ്ട്. ബാക്കിയുള്ളവർ ഈ ദിവസങ്ങളിൽ എത്തുമെന്ന് വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ കർദ്ദിനാളുമാർ ഒരുമിച്ച് ഫ്രാൻസിസ് പാപ്പായുടെ കബറിടത്തിലെത്തി പ്രാർത്ഥിച്ചിരുന്നു. അതേസമയം, കോൺക്ലേവ് നടക്കേണ്ട വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലിൽ ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. മെയ് 7 ന് രാവിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ കർദ്ദിനാൾമാർ 'മാര്‍പാപ്പ തിരഞ്ഞെടുപ്പിനുള്ള ദിവ്യബലി' അർപ്പിക്കും, തുടർന്ന് പരിശുദ്ധാത്മാവിന്റെ മാർഗനിർദേശത്തിനായി ഗീതം ആലപിച്ചുകൊണ്ട് സിസ്റ്റൈൻ ചാപ്പലിൽ പ്രവേശിക്കും. തുടര്‍ന്നു നടക്കുന്ന കോണ്‍ക്ലേവ് അതീവ രഹസ്യ സ്വഭാവത്തോടെയായിരിക്കും.
ഇന്ന് നടത്തിയ യോഗത്തില്‍, 80 വയസ്സിന് താഴെയുള്ള കർദ്ദിനാൾ ഇലക്ടറുമാര്‍ വോട്ട് രേഖപ്പെടുത്തുന്ന കോൺക്ലേവിന്റെ ഔദ്യോഗിക ആരംഭ തീയതി നിശ്ചയിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചിരിന്നു. സഭയുടെ നിലവിലെ അവസ്ഥയും ഭാവി ദിശയും ആഗോള വിഷയങ്ങളും ചർച്ച ചെയ്യുന്നതിനായി കർദ്ദിനാളുമാർ സമീപ ദിവസങ്ങളിൽ പതിവായി ജനറൽ കോൺഗ്രിഗേഷൻ മീറ്റിംഗുകൾ നടത്തിവരുന്നുണ്ട്. ഇതില്‍ സുപ്രധാന തീരുമാനമാണ് ഇന്നത്തെ യോഗത്തില്‍ എടുത്തിരിക്കുന്നത്.
