News - 2025

ഫ്രാൻസിസ് പാപ്പയുടെ കബറിടത്തിലേക്ക് ആയിരങ്ങളുടെ ഒഴുക്ക്

പ്രവാചകശബ്ദം 29-04-2025 - Tuesday

വത്തിക്കാന്‍ സിറ്റി: ദിവംഗതനായ ഫ്രാൻസിസ് പാപ്പായുടെ കബറിടം സന്ദർശിക്കുന്നതിനും, പ്രാർത്ഥിക്കുന്നതിനുമായി ആയിരങ്ങള്‍ റോമിലെ സാന്താ മരിയ മജോരെ ബസിലിക്കയിലേക്ക് എത്തുന്നു. പത്രോസിനടുത്ത തന്റെ ശുശ്രൂഷക്കാലയളവിൽ ഏറ്റവും തവണ സന്ദർശിച്ച, സാലൂസ് പോപ്പുലി റൊമാനി എന്ന പരിശുദ്ധ മാതാവിന്റെ അത്ഭുത ഐക്കൺ ചിത്രത്തിനു സമീപം, സ്ഥിതി ചെയ്യുന്ന ഫ്രാൻസിസ് പാപ്പായുടെ കല്ലറ സന്ദർശിക്കുന്നതിനും, പ്രാർത്ഥിക്കുന്നതിനുമായാണ് വിവിധ രാജ്യങ്ങളില്‍ നിന്നായി അനേകായിരങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത്.

ബസിലിക്ക പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്ത, ഇക്കഴിഞ്ഞ ഞായറാഴ്ച്ച മാത്രം ഇരുപതിനായിരത്തിനു മുകളിൽ ആളുകളാണ് സന്ദർശനം നടത്തിയത്. ഫ്രാൻസിസ് പാപ്പയുടെ കല്ലറ സന്ദർശിക്കുന്നതിനും, പ്രാർത്ഥിക്കുന്നതിനുമായി, ബസിലിക്ക എല്ലാ ദിവസവും, രാത്രി പത്തുമണിവരെ തുറന്നിടുമെന്നും ബസിലിക്കയിലേക്കുള്ള പ്രവേശനം രാത്രി ഒമ്പതുമണിയോടെ അവസാനിക്കുമെന്നും വത്തിക്കാന്‍ വ്യക്തമാക്കി.

ഏപ്രിൽ ഇരുപത്തിയാറാം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടന്ന മൃതസംസ്കാര ശുശ്രൂഷയുടെ അവസാനം ഫ്രാൻസിസ് പാപ്പായുടെ ഭൗതീക ശരീരം സാന്താ മരിയ മജോരെ ബസിലിക്കയിലേക്ക് മാറ്റി, പ്രാദേശിക സമയം ഒരു മണിയോടെ, കല്ലറയിൽ സംസ്കരിക്കുകയായിരിന്നു. അവസാന കർമ്മങ്ങൾക്ക് തിരഞ്ഞെടുക്കപ്പെട്ട വളരെ ചുരുക്കം ആളുകളാണ് ചടങ്ങിൽ പങ്കെടുത്തത്. ഫ്രാന്‍സിസ് പാപ്പയുടെ ആഗ്രഹപ്രകാരം നിര്‍മ്മിച്ച ലളിതമായ കബറിടം തുറന്നുകൊടുത്തതോടെ ആയിരങ്ങളാണ് കല്ലറയ്ക്കരികെ എത്തുന്നത്.


Related Articles »