News - 2025

രണ്ടു കര്‍ദ്ദിനാളുമാര്‍ക്ക് ആരോഗ്യ പ്രശ്നം; കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കര്‍ദ്ദിനാളുമാരുടെ എണ്ണം 133

പ്രവാചകശബ്ദം 30-04-2025 - Wednesday

വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായി ആഗോള കത്തോലിക്ക സഭയുടെ അടുത്ത പരമാധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിൽ 133 കർദ്ദിനാളുമാരാണു പങ്കെടുക്കുകയെന്നു വത്തിക്കാൻ സ്‌ഥിരീകരിച്ചു. വോട്ടവകാശമുള്ള 135 പേരിൽ ഇറ്റാലിയൻ കർദ്ദിനാൾ ആഞ്ചെലോ ബെച്ചുവും സ്പെയിനിലെ കർദ്ദിനാൾ അൻറോണിയോ കനിസാരെ ലൊവേറയും ആരോഗ്യപരമായ കാരണങ്ങളാൽ പങ്കെടുക്കില്ലെന്നു വത്തിക്കാൻ വ്യക്തമാക്കിയതോടെയാണ് അംഗസംഖ്യ സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വന്നത്.

135 കര്‍ദ്ദിനാളുമാര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുമെന്നായിരിന്നു നേരത്തെ ലഭിച്ചിരിന്ന വിവരം. അംഗസംഖ്യ 133 ആണെന്ന് വത്തിക്കാന്‍ അറിയിച്ചതോടെ ഇക്കാര്യത്തില്‍ സ്ഥിരീകരണമായി. വോട്ടവകാശമുള്ളതിൽ 124 പേരുൾപ്പെടെ മൊത്തം 183 കർദിനാൾമാർ ഇന്നലത്തെ യോഗത്തിൽ സംബന്ധിച്ചു. കര്‍ദ്ദിനാള്‍ കോളേജിൽ യൂറോപ്പ് ഇപ്പോഴും തനതായ സ്ഥാനം വഹിക്കുന്നുണ്ട്. വോട്ടവകാശമുള്ള 53 കർദ്ദിനാളുമാര്‍ യൂറോപ്പില്‍ നിന്നുള്ളവരാണ്. ഇവരില്‍ ചിലർ യൂറോപ്യൻ ഇതര രാജ്യങ്ങളിലെ രൂപതകളുടെയും അതിരൂപതകളുടെയും തലവന്മാരോ വിദേശത്തോ കൂരിയയിലോ അപ്പസ്തോലിക് കാര്യാലയങ്ങളിലോ സേവനമനുഷ്ഠിക്കുന്നവരോ ആണ്.

യൂറോപ്പില്‍ ഇറ്റലിയിൽ നിന്നാണ് ഏറ്റവും കൂടുതല്‍ കര്‍ദ്ദിനാളുമാര്‍ ഉള്ളത്. 19 കര്‍ദ്ദിനാളുമാര്‍. ഫ്രാൻസ് (6), സ്പെയിൻ (5) എന്നിങ്ങനെ പോകുന്നു. അമേരിക്കകളിൽ നിന്നുള്ള 37 കർദ്ദിനാൾമാർ, ഏഷ്യയിൽ നിന്ന് 23, ആഫ്രിക്കയിൽ നിന്ന് 18, ഓഷ്യാനിയയിൽ നിന്ന് 4 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. മലയാളികളായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് ബാവ, കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട് എന്നിവര്‍ക്കും വോട്ടവകാശമുണ്ട്. മേയ് 7ന് പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 4.30ന് കോൺക്ലേവ് തുടങ്ങും.ഇതിന് മുന്നോടിയായി വിശുദ്ധ കുര്‍ബാന അര്‍പ്പണം, പ്രാര്‍ത്ഥനകള്‍ എന്നിവ നടക്കും.

സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍




Related Articles »