News - 2025
ലോകമെമ്പാടുമുള്ള വിശ്വാസികളോട് പ്രാര്‍ത്ഥന യാചിച്ച് കര്‍ദ്ദിനാള്‍ സംഘം
പ്രവാചകശബ്ദം 01-05-2025 - Thursday
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ 267-ാമത് മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനായി ഈമാസം ഏഴിന് ആരംഭിക്കുന്ന കോൺക്ലേവിനായി പ്രാർത്ഥിക്കണമെന്ന് ലോകമെങ്ങുമുള്ള കത്തോലിക്കാ വിശ്വാസികളോട് അഭ്യർത്ഥിച്ച് കർദ്ദിനാൾ സംഘം. കർദ്ദിനാളുമാരുടെ ഇന്നലെ നടന്ന ഏഴാമത് പ്രീ കോൺക്ലേവ് ജനറൽ കോൺഗ്രിഗേഷനിലാണ് തങ്ങൾക്കു മുന്നിലെ ഭാരിച്ച ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുന്നതിന് പ്രാർത്ഥനാസഹായം തേടിയത്.
പരിശുദ്ധാത്മാവിന്റെ നിവേശനത്തിനു വിധേയരായി, സ്വർഗസ്ഥനായ പിതാവിന്റെ അനന്തമായ ജ്ഞാനത്തിന്റെയും കരുതലിന്റെയും എളിമയുള്ള ഉപകരണങ്ങളായി തങ്ങളെ തന്നെ മാറ്റേണ്ടത് ആവശ്യമാണെന്നും ഭരമേൽപ്പിക്കപ്പെട്ട ഉത്തരവാദിത്വത്തെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടെന്നും കർദ്ദിനാൾ സംഘം പ്രസ്താവിച്ചു. ഇന്നലെ നടന്ന ജനറൽ കോൺഗ്രിഗേഷനിൽ 180 കർദ്ദിനാളുമാർ പങ്കെടുത്തതായി പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി ബുധനാഴ്ച മാധ്യമപ്രവർത്തകരെ അറിയിച്ചു. അതിൽ 124 പേർ കർദ്ദിനാൾ ഇലക്ടർമാരായിരുന്നു.
ഇന്നലെ നടന്ന കർദ്ദിനാളുമാരുടെ യോഗത്തില്‍ വത്തിക്കാനിലെ നിലവിലെ സാമ്പത്തിക സ്ഥിതി ചർച്ച ചെയ്‌തു. യോഗത്തിന്റെ ആരംഭത്തിൽ, കർദ്ദിനാളുമാരായ റെയ്ൻഹാർഡ് മാർക്സ്, കെവിൻ ഫാരെൽ, ക്രിസ്റ്റോഫ് ഷോൺബോൺ, ഫെർണാണ്ടോ വെർഗെസ്, കോൺറാഡ് ക്രജേവ്സ്കി എന്നിവര്‍ സാമ്പത്തികാവസ്ഥ വിവരിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിനെത്തുടർന്നു ശനിയാഴ്ച ആരംഭിച്ച ഔദ്യോഗിക ദുഃഖാചരണത്തിൻ്റെ അഞ്ചാം ദിനമായിരുന്ന ഇന്നലെ സെന്റ് പീറ്റേഴ് ബസിലിക്കയിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് പൗരസ്ത്യസഭകളുടെ കാര്യാലയത്തിന്റെ മുന്‍ അദ്ധ്യക്ഷനായിരിന്ന കർദ്ദിനാൾ ലെയണാർദോ സാന്ദ്രി സാന്ദ്രി മുഖ്യകാർമികത്വം വഹിച്ചു.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
