News

71 രാജ്യങ്ങളിൽ നിന്നുള്ള 133 കർദ്ദിനാളുമാര്‍; വേണ്ടത് മൂന്നില്‍ രണ്ടു ഭൂരിപക്ഷം

പ്രവാചകശബ്ദം 07-05-2025 - Wednesday

വത്തിക്കാന്‍ സിറ്റി: ആരായിരിക്കും പത്രോസിന്റെ അടുത്ത പിന്‍ഗാമി? പ്രാര്‍ത്ഥനയുടെയും ആകാംക്ഷയുടെയും മണിക്കൂറുകള്‍. കോണ്‍ക്ലേവിനായി വത്തിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. പ്രാര്‍ത്ഥനയോടെ ലോകവും. 71 രാജ്യങ്ങളിൽ നിന്നുള്ള 133 കർദ്ദിനാളുമാരാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്. മാനുഷിക തലത്തില്‍ ഈ ഇലക്ടർമാരുടെ മേൽ നിക്ഷിപ്തമാണ് പുതിയ മാര്‍പാപ്പ. എന്നാല്‍ രണ്ടായിരം വര്‍ഷത്തെ പാരമ്പര്യമുള്ള പരിശുദ്ധ കത്തോലിക്ക സഭയ്ക്കു പരിശുദ്ധാത്മാവ് തന്നെ കാലഘട്ടത്തിന് ചേര്‍ന്ന പാപ്പയെ നല്‍കുമെന്നതാണ് യാഥാര്‍ത്ഥ്യം. കോണ്‍ക്ലേവില്‍ നടക്കുന്ന വോട്ടെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടുന്നയാൾക്ക് 89 വോട്ടുകൾ, അതായത് മൂന്നിൽ രണ്ട് കർദ്ദിനാളുമാരുടെ പിന്തുണ ലഭിക്കുകയാണെങ്കില്‍ മാത്രമേ മാര്‍പാപ്പ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുകയുള്ളൂ.

ആദ്യദിവസമായ ഇന്നു വൈകുന്നേരം ഒരു റൗണ്ട് മാത്രമേ വോട്ടെടുപ്പ് ഉണ്ടാകുകയുള്ളു. ഇന്ന് തീരുമാനമായില്ലെങ്കില്‍ നാളെ വോട്ടെടുപ്പ് തുടരും. പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തതിനുശേഷം അദ്ദേഹം ആ പദവിയിൽ ഇരിക്കാൻ സന്നദ്ധനാണോ എന്ന് ഔദ്യോഗികമായി ചോദിക്കും. മാർപാപ്പയാവാൻ സമ്മതിക്കുകയാണെങ്കിൽ മുൻപുള്ള വിശുദ്ധന്മാരിൽ ആരുടെയെങ്കിലും ഒരാളുടെ പേര് സ്വന്തം പേരായി തിരഞ്ഞെടുക്കണം. പിന്നീട് ആ പേരിലായിരിക്കും അറിയപ്പെടുക. തെരഞ്ഞെടുക്കപ്പെട്ട കര്‍ദ്ദിനാള്‍ പരസ്യമായ സമ്മതം നല്‍കിയില്ലെങ്കില്‍ വോട്ടെടുപ്പ് വീണ്ടും തുടരും.

വോട്ടെണ്ണിയ ശേഷം, എല്ലാ ബാലറ്റുകളും കത്തിക്കുന്നു. ബാലറ്റ് അനിശ്ചിതത്വത്തിലാണെങ്കിൽ, സിസ്റ്റൈൻ ചാപ്പലിന് മുകളിലുള്ള ചിമ്മിനി കറുത്ത പുക പുറപ്പെടുവിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ടാല്‍ വെളുത്ത പുകയും. മൂന്ന് ദിവസത്തെ വോട്ടെടുപ്പിന് ശേഷവും ഒരു സ്ഥാനാർത്ഥിയെക്കുറിച്ച് ഒരു ധാരണയിലെത്താൻ വോട്ടർമാർ പരാജയപ്പെട്ടാൽ, പ്രാർത്ഥനയ്ക്കും സ്വതന്ത്ര ചർച്ചയ്ക്കും കർദ്ദിനാൾ പ്രോട്ടോ-ഡീക്കന്റെ (കർദിനാൾ ഡൊമിനിക് മാംബർട്ടി) നേതൃത്വത്തില്‍ ആത്മീയ വിചിന്തനത്തിനും ഒരു ദിവസം വരെ ഇടവേള അനുവദിക്കും. തുടര്‍ന്നും വോട്ടെടുപ്പ് തുടരും. നമ്മുക്ക് പ്രാര്‍ത്ഥിക്കാം.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »