News
മൂന്നു വര്‍ഷത്തിനിടെ മെക്സിക്കന്‍ അതിരൂപതയില്‍ തിരുപ്പട്ടം സ്വീകരിച്ചത് 169 നവവൈദികര്‍
പ്രവാചകശബ്ദം 11-06-2025 - Wednesday
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ജാലിസ്കോ സംസ്ഥാനത്തെ ഗ്വാഡലജാര അതിരൂപതയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ തിരുപ്പട്ടം സ്വീകരിച്ചത് 169 വൈദികര്‍. ജൂണ്‍ 8 പെന്തക്കുസ്ത തിരുനാള്‍ ഞായറാഴ്ച പുതിയതായി മുപ്പതില്‍ അധികം വൈദികര്‍ കൂടി തിരുപ്പട്ടം സീകരിച്ചതോടെയാണ് മൂന്നു വര്‍ഷത്തിനിടെയുള്ള നവ വൈദികരുടെ എണ്ണം ഇത്രയും അധികമായി വര്‍ദ്ധിച്ചത്. 2022 ജൂണിനും 2023 മെയ് മാസത്തിനും ഇടയിൽ മാത്രം അതിരൂപതയില്‍ 107 തിരുപ്പട്ട സ്വീകരണം നടന്നിരിന്നു. 2024 മെയ് മാസത്തിൽ 32 പേർ കൂടി പട്ടം സ്വീകരിച്ചു.
കഴിഞ്ഞ ഞായറാഴ്ചയും ഇത്രയും ഡീക്കന്മാര്‍ തിരുപ്പട്ടം സ്വീകരിച്ചതായി അതിരൂപത വ്യക്തമാക്കി. ഗ്വാഡലജാര രൂപതാ വാരികയിൽ നിന്നുള്ള കണക്കുകള്‍ പ്രകാരം, 2012-ൽ കർദ്ദിനാൾ ഫ്രാൻസിസ്കോ റോബിൾസ് ഒർട്ടേഗ ഗ്വാഡലജാര അതിരൂപതയുടെ നേതൃസ്ഥാനം ഏറ്റെടുത്തതിനുശേഷം, 553 രൂപത വൈദികരാണ് തിരുപ്പട്ടം സ്വീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ച പന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ മെക്സിക്കൻ രക്തസാക്ഷികളുടെ ദേവാലയത്തിലാണ് തിരുപ്പട്ട സ്വീകരണവും വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടന്നത്. ദൈവവിളിയില്‍ യാതൊരു വിട്ടുവീഴ്ചയില്ലാതെയും ജീവിക്കാൻ നവവൈദികരോട് കര്‍ദ്ദിനാള്‍ ആഹ്വാനം നല്‍കി.
ജീവിതത്തിലെ എല്ലാ ദിവസവും തന്നെ അടുത്തു പിന്തുടരാൻ ക്രിസ്തു നിങ്ങളെ ക്ഷണിക്കുകയാണെന്നും കുറച്ച് നിമിഷങ്ങളല്ല, മാസങ്ങളല്ല, വർഷങ്ങളല്ല; നിങ്ങളുടെ മുഴുവൻ ജീവിതവും ക്രിസ്തുവിന് മുന്‍പാകെ സമര്‍പ്പിക്കണമെന്നും കർദ്ദിനാൾ ആഹ്വാനം നല്‍കി. നിങ്ങളുടെ വാക്കുകൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും ജീവിതം കൊണ്ടും യേശുക്രിസ്തുവിന്റെ സാക്ഷികളാകാൻ പരിശുദ്ധാത്മാവിനാല്‍ ശക്തി പ്രാപിക്കണമെന്നും ദൗത്യവും പ്രതിബദ്ധതയും വലുതാണെന്നു തിരിച്ചറിയണമെന്നും ഗ്വാഡലജാര ആർച്ച് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ മെക്സിക്കോയില്‍ ഏറ്റവും അധികം വിശ്വാസികളുള്ള രൂപതകളില്‍ ഒന്നാണ് ഗ്വാഡലജാര അതിരൂപത.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
