News

ഫ്രാന്‍സിസ് മാര്‍പാപ്പയുമായി അബുദാബി കിരീടാവകാശി കൂടികാഴ്ച നടത്തി; മാർപാപ്പ നടത്തുന്ന സമാധാന ശ്രമങ്ങളില്‍ താന്‍ ഏറെ സന്തോഷവാനാണെന്നു ഷെയ്ഖ് മുഹമ്മദ് ബിന്‍

സ്വന്തം ലേഖകന്‍ 16-09-2016 - Friday

വത്തിക്കാന്‍: അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ വത്തിക്കാനില്‍ എത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. യുഎഇയിലെ മന്ത്രിമാരും നയതന്ത്രപ്രമുഖരും അടങ്ങുന്ന വലിയ സംഘത്തോടൊപ്പമാണ് രാജകുമാരന്‍ വത്തിക്കാനില്‍ എത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടത്.

വത്തിക്കാനും യുഎഇയുമായി 2007 മുതലാണ് നയതന്ത്രബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഇതിനെ കൂടുതല്‍ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അല്‍ നഹ്യാന്‍ രാജകുമാരന്‍ വത്തിക്കാനിലേക്ക് എത്തിയത്. ഔദ്യോഗികമായി മാര്‍പാപ്പ തങ്ങളുടെ രാജ്യം സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രത്യേക ക്ഷണകത്തും സംഘം പാപ്പയ്ക്ക് കൈമാറി.

എല്ലാ മതങ്ങളും ഒരുപോലെ മുന്നോട്ടുവയ്ക്കുന്ന സമാധാന സന്ദേശത്തെ കൂടുതല്‍ ശക്തമായി ഉന്നയിക്കുകയും, ശാന്തിയോടെ വിവിധ മതസ്ഥര്‍ തമ്മില്‍ ലോകത്തില്‍ ജീവിക്കുകയും ചെയ്യേണ്ടതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജകുമാരന്‍ വത്തിക്കാനില്‍ എത്തിയത്.

ഫ്രാന്‍സിസ് മാര്‍പാപ്പ ലോകസമാധാനത്തിനും സഹവര്‍ത്തിത്വത്തിനും വേണ്ടി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണെന്നും ഷെയ്ഖ് അല്‍ നഹ്യാന്‍ പറഞ്ഞു. പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ വേണ്ടി സമൂഹത്തെ മാര്‍പാപ്പ സജ്ജമാക്കുന്ന രീതിയില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറ്റാലിയന്‍ പ്രസിഡന്റുമായും അല്‍ നഹ്യാന്‍ രാജകുമാരന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

"സമാധാനത്തിനു വേണ്ടിയും ആരാധന സ്വാതന്ത്ര്യത്തിനു വേണ്ടിയും യോജിച്ച പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനുള്ള ചര്‍ച്ചകളാണ് പ്രധാനമായും നടക്കുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധവും സഹകരണവും ഇതു മൂലം വര്‍ദ്ധിക്കും. 200 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാരാണ് യുഎഇയില്‍ താമസിക്കുന്നത്. എല്ലാവര്‍ക്കും ഞങ്ങളുടെ രാജ്യത്ത് ആരാധന സ്വാതന്ത്ര്യമുണ്ട്. ഒരുമിച്ച് ജീവിക്കുന്ന ഇത്രയും മനുഷ്യര്‍ തന്നെ സമാധാനം ലോകത്തില്‍ സാധ്യമാണെന്ന സന്ദേശം നല്‍കുന്നു. ഇസ്ലാമിന്റെ പേരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളും അക്രമവും നടത്തുന്നത് ചില നിക്ഷിപ്ത താല്‍പര്യകാരാണ്". അല്‍ നഹ്യാന്‍ പറഞ്ഞു.

സമാധാനം, ചർച്ച, സഹകരണം എന്നിവയാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. അക്രമം നടത്തുന്നവരെ ഇസ്‌ലാം, അറബ് മേൽവിലാസങ്ങളോടെ കാണുന്നത് അനീതിയാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങളേയും അക്രമത്തേയും രാജ്യം ശക്തമായി നേരിടുമെന്നും ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

സര്‍ ബനിയാസ് ഐലെന്റിന്റെ ചരിത്ര പ്രാധാന്യത്തെ കുറിച്ചുള്ള പ്രത്യേക പുസ്തകമാണ് രാജകുമാരന്‍ മാര്‍പാപ്പയ്ക്കായി സമ്മാനിച്ചത്. ഏഴാം നൂറ്റാണ്ടിലും എട്ടാം നൂറ്റാണ്ടിലും ഇവിടെ പള്ളികളും ആരാധാനാലയങ്ങളും നിലനിന്നിരുന്നതായി ചരിത്രഗവേഷകര്‍ കണ്ടെത്തിയിരുന്നു. അന്നു മുതല്‍ തന്നെ യുഎഇ, വിവിധ മതങ്ങളേയും സംസ്‌കാരങ്ങളേയും സ്വാഗതം ചെയ്തിരുന്നതിനുള്ള തെളിവായിട്ടാണ് സര്‍ ബനിയാസ് ഐലെന്റ് നിലകൊള്ളുന്നത്.

ഷെയ്ഖാ ഫാത്തിമ ബിന്റ് മുഹമ്മദ് ബിന്‍ സെയ്ദിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന നിര്‍മ്മിച്ച പ്രത്യേക പരവതാനിയും മാര്‍പാപ്പയ്ക്ക് സമ്മാനമായി യുഎഇ സംഘം നല്‍കി. അഫ്ഗാനിസ്ഥാനിലെ ഗ്രാമങ്ങളില്‍ വസിക്കുന്ന പെണ്‍കുട്ടികളുടെ ഉന്നമനത്തിനായിട്ടാണ് ഷെയ്ഖാ ഫാത്തിമയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന ഊന്നല്‍ നല്‍കുന്നത്.

ബലിപെരുന്നാളിനു ശേഷമുള്ള ദിവസം തന്നെ ഇറ്റലിയിലേക്ക് എത്തുകയും തന്നെ സന്ദര്‍ശിക്കുവാന്‍ താല്‍പര്യം കാണിക്കുകയും ചെയ്ത രാജകുമാരനെയും സംഘത്തെയും മാര്‍പാപ്പ തന്റെ നന്ദി അറിയിച്ചു. യുഎഇ ഭരണാധികാരിയായ ഷെയ്ഖ് ഖലീഫയെ തന്റെ പ്രത്യേക ആശംസകള്‍ അറിയിക്കണമെന്നും പാപ്പ സംഘത്തോട് അഭ്യര്‍ത്ഥിച്ചു.

യുഎഇ സന്ദര്‍ശിക്കണമെന്ന രാജ്യത്തിന്റെ ഭരണാധികാരിയുടെ ഔദ്യോഗിക ക്ഷണകത്ത് ഷെയ്ഖാ ലുബ്‌ന അല്‍ ഖ്വാസിമി മാര്‍പാപ്പയ്ക്ക് കൈമാറി. മേഖലയില്‍ കൂടുതല്‍ സമാധാനവും, സഹകരണവും വര്‍ദ്ധിപ്പിക്കുന്നതിനായി യുഎഇ വൈസ് പ്രസിഡന്റും ദുബായി ഭരണാധികാരിയുമായ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നടത്തുന്ന ശ്രമങ്ങള്‍ക്ക് പാപ്പയുടെ സന്ദര്‍ശനം മുതല്‍കൂട്ടാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഒന്‍പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് യുഎഇയുമായി ആരംഭിച്ച നയതന്ത്ര ബന്ധത്തില്‍ വലിയ വളര്‍ച്ച കൈവരിക്കുവാന്‍ അല്‍ നഹ്യാന്‍ രാജകുമാരനും മാര്‍പാപ്പയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച വഴിതെളിയിക്കുന്നതായി അറേബ്യന്‍ രാജ്യങ്ങളുടെ ചുമതല വഹിക്കുന്ന ബിഷപ്പ് പോള്‍ ഹിന്റര്‍ അഭിപ്രായപ്പെട്ടു. സമീപ ഭാവിയില്‍ തന്നെ പരിശുദ്ധ പിതാവ് യുഎഇയിലേക്ക് ഒരു സന്ദര്‍ശനം നടത്തുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കും മതത്തിന്റെ പേരില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ക്കും യോജിച്ചുള്ള പരിഹാരം കാണുവാന്‍ സന്ദര്‍ശനം വഴിവയ്ക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

40-ല്‍ അധികം ദേവാലയങ്ങള്‍ യുഎഇയില്‍ സ്ഥിതി ചെയ്യുന്നുണ്ട്. ജിസിസി രാജ്യങ്ങളിലെ ആകെ ദേവാലയങ്ങളുടെ എണ്ണം ഇതിലും കുറവാണ് (സൗദി അറേബ്യ ഒരു ജിസിസി രാജ്യമാണെങ്കിലും ഇവിടെ ക്രൈസ്തവ ദേവാലയങ്ങള്‍ ഇല്ല). ഒരു മില്യണില്‍ അധികം ക്രൈസ്തവരാണ് യുഎഇയില്‍ വസിക്കുന്നത്. രാജ്യത്തെ ക്രൈസ്തവരില്‍ ഭൂരിഭാഗവും കത്തോലിക്ക വിശ്വാസികളാണ്. യുഎഇയില്‍ ഉടനീളം 7 കത്തോലിക്ക ദേവാലയങ്ങളാണുള്ളത്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 81