News
കംബോഡിയയില്‍ നൂറുകണക്കിന് ക്രൈസ്തവ രക്തസാക്ഷികളുടെ ചോര പതിഞ്ഞ മേഖലയില്‍ പുതിയ ദേവാലയം
പ്രവാചകശബ്ദം 05-05-2026 - Tuesday
ഫ്നോം പെൻ: നൂറുകണക്കിന് ക്രൈസ്തവർ വിശ്വാസത്തെ പ്രതി രക്തമൊഴുക്കിയ കംബോഡിയയിലെ മണ്ണിൽ, വിശ്വാസികൾക്ക് വേണ്ടി പുതിയ ഒരു ദേവാലയം കൂടി കൂദാശ ചെയ്യപ്പെട്ടു. 1970-ൽ ഏകദേശം 600 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ട പുരാതന ഫ്നാമ് പെന്നിലെ കാർമലിനു സമീപം മെകോങ്ങിന്റെ തീരത്താണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. ഫ്നോം പെൻ അപ്പസ്തോലിക് വികാരിയേറ്റിനു കീഴിലാണ് ഈ പുതിയ ദേവാലയം. അപ്പസ്തോലിക വികാരി മോൺസിഞ്ഞോർ ഒലിവിയർ ഷ്മിത്തേയസ്ലർ കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. നിരവധി വൈദികരും, വിശ്വാസികളും ചടങ്ങിൽ സംബന്ധിച്ചു.
അഞ്ച് വർഷങ്ങൾ കൊണ്ടാണ് ഈ ദേവാലയത്തിന്റെ നിർമ്മിതി പൂർത്തിയാക്കിയത്. രക്തസാക്ഷികളുടെ ചുടുനിണത്താൽ, ജീവന്റെ നദി ഇവിടെ ഒഴുകുന്നുവെന്നു അപ്പസ്തോലിക വികാരി അനുസ്മരിച്ചു. ഫ്നോം പെൻ നഗരത്തിൽ കർത്താവിനെ ആരാധിക്കുവാനും സ്തുതിക്കാനും നന്ദി പറയാനും മനോഹരമായ പള്ളി നിർമ്മിക്കാൻ കഴിഞ്ഞ കംബോഡിയയിലെ വിശ്വാസികളുടെ സന്തോഷമാണ്, ഈ ദേവാലയത്തിന്റെ വാതായനങ്ങൾ തുറക്കപ്പെടുമ്പോൾ അനുഭവിക്കുവാൻ സാധിക്കുന്നതെന്നും അപ്പസ്തോലിക വികാരി എടുത്തുപറഞ്ഞു.
1970-ൽ, കംബോഡിയയിൽ നടന്ന അട്ടിമറിയിലൂടെ രാജ്യത്തെ അസ്ഥിരപ്പെടുത്തുകയും കമ്മ്യൂണിസ്റ്റ് ശക്തികൾക്ക്, പ്രത്യേകിച്ച് ഖെമർ റൂഷിന്, അവരുടെ നിയന്ത്രണം വിപുലീകരിക്കാൻ വഴിയൊരുക്കുകയും ചെയ്തതിനെത്തുടർന്ന് മേഖല ആഭ്യന്തരയുദ്ധത്തിലേക്ക് കൂപ്പുകുത്തിയിരിന്നു. ദൈവവിശ്വാസത്തെ തങ്ങളുടെ പ്രത്യയശാസ്ത്രത്തിന് ഭീഷണിയായി കണ്ട ഈ വിഭാഗങ്ങള്‍ ശക്തമായ മതവിരുദ്ധ നിലപാട് സ്വീകരിച്ചു. തൽഫലമായി, വൈദികരും സന്യസ്തരും അനേകം വിശ്വാസികളും കൊല്ലപ്പെട്ടിരിന്നു. ഈ മേഖലയിലാണ് ദേവാലയം ഉയര്‍ന്നിരിക്കുന്നത്.
ദേവാലയ പ്രതിഷ്ഠ കര്‍മ്മത്തിനിടെ കംബോഡിയൻ രക്തസാക്ഷികളെ അടക്കം ചെയ്ത സ്ഥലത്തു നിന്നുള്ള ഒരുപിടി മണ്ണ് വികാരി ബലിപീഠത്തിന്റെ ചുവട്ടിൽ സമർപ്പിച്ചു. വിശുദ്ധ യൗസേപ്പു പിതാവിന്റെ നാമധേയത്തിലാണ് ദേവാലയം സമര്‍പ്പിച്ചിരിക്കുന്നത്. യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ലോകത്തിലെ എല്ലാ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാൻ, മോൺസിഞ്ഞോർ വിശ്വാസികളെ ക്ഷണിച്ചു. മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങളുമായി സലേഷ്യന്‍ മിഷ്ണറിമാരുടെ സേവനം സജീവമാണ്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️










