News - 2026

ഭീകരാക്രമണത്തില്‍ 5 നൈജീരിയന്‍ ക്രൈസ്തവര്‍ കൊല്ലപ്പെട്ടു; അപലപിച്ച് കടുണ അതിരൂപത

പ്രവാചകശബ്ദം 26-05-2026 - Tuesday

കടുണ: നൈജീരിയായിലെ കടുണ സംസ്ഥാനത്തു നടന്ന പുതിയ ഭീകരാക്രമണത്തില്‍ 5 ക്രൈസ്തവര്‍ക്കു ദാരുണാന്ത്യം. ഡംഗാന ജില്ലയിൽ സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റർ & പോൾ കുർമിൻ ഇടവകയുടെ പരിധിയില്‍ വരുന്ന ക്രൈസ്തവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. നിരവധി ആളുകളെ തട്ടിക്കൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്. ഭീകരാക്രമണങ്ങളെ നൈജീരിയയിലെ കടുണ കത്തോലിക്ക അതിരൂപത അപലപിച്ചു.

മെയ് 24ന് നൈജീരിയയിലെ കാത്തലിക് സെക്രട്ടേറിയറ്റ് (CSN) ജനറല്‍ സെക്രട്ടറി ആക്രമണ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. രാത്രി പത്തിനും പുലർച്ചെ ഒന്നിനും ഇടയിലാണ് ഭീകരർ ആക്രമണം നടത്തിയത്. പ്രദേശത്തെ സുരക്ഷ സംഘത്തിന്റെ ശ്രമങ്ങൾക്കിടയിലും അഞ്ച് പേർ കൊല്ലപ്പെടുകയും പത്ത് പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. അതിൽ രണ്ട് പേരെ സുരക്ഷ സംഘത്തിന്റെ ശ്രമഫലമായി രക്ഷപ്പെടുത്തിയെന്നു മെയ് 22ന് പുറത്തുവിട്ട പ്രസ്താവനയില്‍ നൈജീരിയൻ മെട്രോപൊളിറ്റന്റെ ചാൻസലർ ഫാ. ക്രിസ്റ്റ്യൻ ഒകേവു പ്രസ്താവിച്ചു.

ദുർബലരായ ജനങ്ങൾക്ക് സംരക്ഷണം ശക്തിപ്പെടുത്താൻ സർക്കാർ അധികാരികളോടും സുരക്ഷാ ഏജൻസികളോടും അഭ്യർത്ഥിക്കുകയാണെന്നു ചാൻസലർ പ്രസ്താവിച്ചു. തുടർച്ചയായ ആക്രമണങ്ങളെ അതിരൂപത ശക്തമായി അപലപിക്കുകയും പ്രദേശങ്ങളിലെ ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കാൻ സർക്കാരിനോടും സുരക്ഷാ ഏജൻസികളോടും ആവശ്യപ്പെടുകയും ചെയ്യുന്നതായി ഫാ. ഒകെവു പ്രസ്താവിച്ചു. നൈജീരിയായില്‍ ക്രൈസ്തവര്‍ക്ക് നേരെ അനുദിനം ആക്രമണങ്ങള്‍ അരങ്ങേറുന്നുണ്ട്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ ആക്രമണം.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »