News - 2026

സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാർത്ഥനാദിനം സെപ്റ്റംബർ 1ന്; സമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പ

പ്രവാചകശബ്ദം 21-08-2026 - Friday

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭ സെപ്റ്റംബർ ഒന്നിന് "സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാർത്ഥനാദിനം" ആചരിക്കും. പ്രകൃതി സംരക്ഷണത്തിനും പ്രാർത്ഥനയ്ക്കും മാത്രമല്ല, നിരായുധീകരണത്തിനും സമാധാനസ്ഥാപനത്തിനും കൂടിയാണ് ഈ ദിനം നമ്മെ ക്ഷണിക്കുന്നതെന്ന് ആഗോള ദിനവുമായി ബന്ധപ്പെട്ട് ലെയോ പതിനാലാമൻ പാപ്പ നല്‍കിയ സന്ദേശത്തില്‍ പറയുന്നു. യുദ്ധവും പരിസ്ഥിതി നാശവും മനുഷ്യഹൃദയത്തിലെ അസന്തുലിതാവസ്ഥയുടെ പ്രതിഫലനമാണെന്ന് പാപ്പ ഓർമ്മിപ്പിച്ചു. യുദ്ധത്തിനും ആക്രമണങ്ങൾക്കും ഉപയോഗിക്കുന്ന വിഭവങ്ങളും സമ്പത്തും വികസനത്തിനും ദാരിദ്ര്യനിർമ്മാർജ്ജനത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി വിനിയോഗിക്കാൻ പാപ്പ ആഹ്വാനം നല്‍കി.

ആയുധങ്ങളെ സമാധാനത്തിന്റെ ഉപകരണങ്ങളാക്കി മാറ്റണമെന്ന്, ഏശയ്യ പ്രവാചകന്റെ ഗ്രന്ഥത്തിലെ "ജനപദങ്ങളുടെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കും. അവരുടെ വാള്‍ കൊഴുവും അവരുടെ കുന്തം വാക്കത്തിയും ആയി അടിച്ചു രൂപപ്പെടുത്തും" (ഏശയ്യാ 2:4) എന്ന വചനത്തെ പരാമർശിച്ച പാപ്പ, നാശത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ജീവൻ പരിപോഷിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളാക്കി മാറ്റേണ്ടത് സമകാലീനലോകത്തിന്റെ ആവശ്യവും ഉത്തരവാദിത്വവുമാണെന്ന് ഓർമ്മപ്പെടുത്തി.

യുദ്ധം മനുഷ്യജീവനുകൾ നഷ്ടപ്പെടുത്തുന്നതിന് പുറമെ കുടുംബങ്ങളെ തകർക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ സ്വന്തം വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നു. അതേസമയം, യുദ്ധം പരിസ്ഥിതിക്കും ഗുരുതരമായ നാശമുണ്ടാക്കുന്നു. ജലവും വായുവും മലിനമാകുന്നതോടെ ഭക്ഷ്യസുരക്ഷ തകരുകയും ദാരിദ്ര്യവും അസമത്വവും സാമൂഹിക സംഘർഷങ്ങളും വർദ്ധിക്കുകയും ചെയ്യുകയാണ്. അക്രമവും അനീതിയും പരിസ്ഥിതി നാശവും അപൂർണമായ സാമൂഹിക സംവിധാനങ്ങളുടെ മാത്രം ഫലമല്ലെന്നും മനുഷ്യഹൃദയത്തിലെ ആഴത്തിലുള്ള അസന്തുലിതാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു.

നശീകരണത്തിനുവേണ്ടിയുള്ള ആയുധങ്ങളല്ല, സത്യം, സംവാദം, ക്ഷമ, നന്മ, നീതി, കരുണ, മറ്റുളളവരെ മനസ്സിലാക്കാനുള്ള ശ്രമങ്ങൾ, കരുതൽ, സ്നേഹം തുടങ്ങിയവയാണ് യഥാർത്ഥ സമാധാനത്തിന്റെ ഉപകരണങ്ങളെന്ന് പറഞ്ഞ പാപ്പ, യുദ്ധത്തിനായി വിനിയോഗിക്കുന്ന ഊർജവും വിഭവങ്ങളും ദരിദ്രരുടെ ക്ഷേമത്തിനും മനുഷ്യവികസനത്തിനും സൃഷ്ടിയുടെ സംരക്ഷണത്തിനുമായി മാറ്റിവയ്ക്കുന്ന ഒരു ലോകമാണ് നാം ലക്‌ഷ്യം വയ്‌ക്കേണ്ടതെന്ന് പാപ്പ ഉദ്‌ബോധിപ്പിച്ചു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »