News - 2026
കാനഡയിൽ നൂറിലധികം വർഷം പഴക്കമുള്ള ദേവാലയം കത്തിനശിച്ചു; ആസൂത്രിത തീവെപ്പെന്ന് അഗ്നിശമന സേന
പ്രവാചകശബ്ദം 27-08-2026 - Thursday
ഒട്ടാവ (കാനഡ): കാനഡയിലെ ന്യൂ ബ്രൺസ്‌വിക്കിൽ നൂറിലധികം വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ കത്തോലിക്ക ദേവാലയം തീവെച്ച് നശിപ്പിച്ചു. സംഭവത്തിൽ 68-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സെന്റ് സൈമൺ സ്വദേശിയായ ഗില്‍സ് മാലെറ്റ് എന്നയാളെയാണ് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 24 തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയാണ് പള്ളിയിൽ വൻ തീപിടിത്തമുണ്ടായത്.
തടിയിൽ നിർമ്മിച്ച പ്രൗഢഗംഭീരമായ ദേവാലയ നിര്‍മ്മിതിയില്‍ തീ നിമിഷങ്ങൾക്കകം പടർന്നുപിടിക്കുകയും പൂർണ്ണമായി കത്തിനശിക്കുകയുമായിരിന്നു. തീപിടിത്തമുണ്ടാകുമ്പോൾ പള്ളിക്കുള്ളിൽ ആരും ഇല്ലാത്തതിനാല്‍ ആളപായമുണ്ടായില്ല. തീപിടിത്തം സ്വാഭാവികമല്ലെന്നും ബോധപൂർവ്വം തീയിട്ടതാണെന്നും അഗ്നിരക്ഷാസേന അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസിന് ഉടൻ തന്നെ കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞത്.
തീർത്തും നികത്താനാവാത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും തലമുറകളുടെ ജ്ഞാനസ്നാനത്തിനും വിവാഹങ്ങൾക്കും വിടവാങ്ങലുകൾക്കും സാക്ഷ്യം വഹിച്ച ഈ ദേവാലയം കൂട്ടായ്മയുടെ ഹൃദയമായിരുന്നുവെന്ന് ബാത്തുർസ്റ്റ് ബിഷപ്പ് മൈക്കിള്‍ പ്രോളക്സ് പറഞ്ഞു. 1910-ൽ സ്ഥാപിക്കപ്പെട്ട ഈ പള്ളി മേഖലയിലെ ഏറ്റവും വലിയ മരം കൊണ്ട് നിര്‍മ്മിച്ച പള്ളികളിലൊന്നായിരുന്നു. നൂറ്റാണ്ടിലധികം പഴക്കമുള്ള ദേവാലയം പൂർണ്ണമായി നശിച്ചത് പ്രാദേശിക കത്തോലിക്ക സമൂഹത്തിനിടയില്‍ വലിയ ദുഃഖത്തിന് കാരണമായിരിക്കുകയാണ്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















