News - 2026

ഇസ്രയേലില്‍ കന്യാസ്ത്രീക്ക് നേരെ ആക്രമണം നടത്തിയ പ്രതിയ്ക്ക് മാനസിക ചികിത്സയ്ക്ക് വിധിച്ച് കോടതി

പ്രവാചകശബ്ദം 27-08-2026 - Thursday

ജെറുസലേം: ഇസ്രായേലില്‍ കന്യാസ്ത്രീക്ക് നേരെ ആക്രമണം നടത്തിയ പ്രതിയ്ക്ക് മാനസികാരോഗ്യ ചികിത്സയ്ക്ക് വിധിച്ച് കോടതിയുടെ ഉത്തരവ്. ആക്രമണസമയത്ത് മാനസികരോഗാവസ്ഥയിലായിരുന്നതിനാൽ ക്രിമിനൽ കുറ്റം ചുമത്താനാവില്ലെന്ന ജില്ലാ സൈക്യാട്രിസ്റ്റിന്റെ വിലയിരുത്തൽ പരിഗണിച്ച്, പ്രതിയായ യോന ഷ്രൈബറെ ജെറുസലേം മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ഒഫിർ ടിഷ്‌ലർ കുറ്റവിമുക്തനാക്കുകയായിരിന്നുവെന്ന് ഇ‌ഡബ്ല്യു‌ടി‌എന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കന്യാസ്ത്രീക്ക് നേരെയുള്ള ആക്രമണം നടത്താൻ ഷ്രൈബറിന്റെ മാനസികാവസ്ഥ എങ്ങനെ കാരണമായി എന്നതിനെക്കുറിച്ച് കൃത്യമായ തെളിവുകളില്ലെന്ന് പരിശോധനയിൽ നിരീക്ഷിച്ചെങ്കിലും, അദ്ദേഹത്തിന്റെ പ്രവര്‍ത്തികളില്‍ രോഗത്തിന്റെ സ്വാധീനമുണ്ടായതായി കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഫ്രഞ്ച് ബൈബിൾ ആൻഡ് ആർക്കിയോളജിക്കൽ സ്കൂളിൽ സേവനം ചെയ്യുന്ന കന്യാസ്ത്രീയ്ക്കു നേരെ ആക്രമണമുണ്ടായത്. ഏപ്രിൽ 28-നുണ്ടായ ആക്രമണത്തില്‍ കന്യാസ്ത്രീയുടെ മുഖത്തിനാണ് പരിക്കേറ്റത്.

വംശീയ ആക്രമണമാണെന്നു പോലീസ് അന്ന് ആശങ്ക പ്രകടിപ്പിച്ചിരിന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് വൈദികരും കന്യാസ്ത്രീകളും കിഴക്കൻ ജെറുസലേമിലെ പള്ളികളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്നുണ്ട്. രാജ്യത്തു വംശീയ ആക്രമണം വ്യാപകമാണെന്ന ആരോപണം ചര്‍ച്ചയായതിനിടെയാണ് ഈ ആക്രമണം നടന്നത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »