News - 2026

സുഡാനിൽ കന്യാസ്ത്രീകൾക്ക് നേരെ സായുധ ആക്രമണം; രണ്ട് കര്‍മ്മലീത്ത സന്യാസിനികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

പ്രവാചകശബ്ദം 03-09-2026 - Thursday

ജൂബ (ദക്ഷിണ സുഡാൻ): ദക്ഷിണ സുഡാനിലെ ജൂബ-തോറിറ്റ് ഹൈവേയിൽ കന്യാസ്ത്രീകൾ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ സായുധ സംഘത്തിന്റെ ആക്രമണം. ഓർഡർ ഓഫ് ഡിസ്കാൽസ്ഡ് കാർമലാറ്റ്സ് സന്യാസ സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ ഹെലൻ, സിസ്റ്റർ ആൻസ എന്നിവരാണ് സായുധ അക്രമികളുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഓഗസ്റ്റ് 30ന് രാവിലത്തെ വിശുദ്ധ കുർബാനയ്ക്ക് ശേഷം തോറിറ്റ് നിന്നു നിന്ന് ജൂബയിലേക്ക് യാത്ര ചെയ്യുന്നതിനിടയിൽ ലിര്യ പ്രദേശത്തെ ജെബൽ ഗുതുന് സമീപത്തുവച്ചായിരുന്നു സംഭവം.

സന്യാസിനിമാരെയും മറ്റ് യാത്രക്കാരെയും അക്രമികൾ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരിന്നു. ഇവരുടെ പക്കലുണ്ടായിരുന്ന സാധനസാമഗ്രികളും പണവും അക്രമികൾ കവർന്നു. ആക്രമണത്തിനിടെ സിസ്റ്റർ ഹെലന് തലയ്ക്ക് പരിക്കേറ്റു. സംഭവസ്ഥലത്തുണ്ടായിരുന്ന രണ്ട് കുട്ടികളെ അക്രമികൾ തട്ടിക്കൊണ്ടുപോയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ തോറിറ്റ് രൂപതാധ്യക്ഷന്‍ ബിഷപ്പ് ഇമ്മാനുവൽ ബെർണാഡിനോ ലോവി നാപെറ്റയുടെ നേതൃത്വത്തിൽ അടിയന്തര ഇടപെടല്‍ ലഭ്യമാക്കുകയും പരിക്കേറ്റ സിസ്റ്റർ ഹെലനെ വിദഗ്ധ ചികിത്സയ്ക്കായി ജൂബയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരിന്നു.

അക്രമികളെക്കുറിച്ചോ അവരുടെ ലക്ഷ്യത്തെക്കുറിച്ചോ വ്യക്തമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. അഞ്ചു വർഷം മുൻപ് ഇതേ പാതയിൽവെച്ച് ഉണ്ടായ സായുധ ആക്രമണത്തിൽ മിഷ്ണറി സിസ്റ്റേഴ്സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ് സന്യാസ സമൂഹത്തിലെ രണ്ട് കന്യാസ്ത്രീകൾ കൊല്ലപ്പെട്ടിരുന്നു. പുതിയ സംഭവത്തോടെ ഈ മേഖലയിലെ സുരക്ഷാ ആശങ്ക വീണ്ടും വർധിച്ചിരിക്കുകയാണ്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »